Connect with us

Kerala

പിതാവിന്റെ വിയോഗമറിയാതെ കസ്തൂരി പരീക്ഷ എഴുതി

Published

|

Last Updated

കൊച്ചി: അഖിലേന്ത്യാ മെഡിക്കല്‍ ബിരുദ കോഴ്‌സുകളിലെ പ്രവേശന പരീക്ഷ (നീറ്റ്) എഴുതാനെത്തിയ വിദ്യാര്‍ഥിയുടെ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തമിഴ്‌നാട് തിരുവാരൂര്‍ സ്വദേശി കൃഷ്ണസ്വാമി ശ്രീനിവാസനാണ് (45) മരിച്ചത്.

കൃഷ്ണസ്വാമിയുടെ മകന്‍ കസ്തൂരി മഹാലിംഗം പരീക്ഷ എഴുതുന്നതിനിടെയായിരുന്നു സംഭവം. പിതാവിന്റെ മരണവാര്‍ത്തയറിയാതെ കസ്തൂരി മഹാലിംഗം പരീക്ഷ എഴുതി പൂര്‍ത്തിയാക്കി. തമ്മനം നളന്ദ പബ്ലിക് സ്‌കൂളില്‍ നിന്ന് പരീക്ഷ കഴിഞ്ഞ് ഒന്നരയോടെ പുറത്തിറങ്ങിയപ്പോഴാണ് പിതാവിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞത്. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെത്തി പിതാവിന്റെ മൃതദേഹം കണ്ടു. പരീക്ഷക്കായി ശനിയാഴ്ച മകനൊപ്പം കൊച്ചിയിലെത്തിയ കൃഷ്ണസ്വാമി തങ്ങളുടെ ബന്ധു മാനേജറായ ലോഡ്ജില്‍ താമസിക്കുകയായിരുന്നു. തിരുവാരൂരിനു സമീപം സര്‍ക്കാര്‍ ലൈബ്രറിയിലെ ലൈബ്രേറിയനാണ് കൃഷ്ണസ്വാമി. തിരുവാരൂര്‍ ഗവ. സ്‌കൂള്‍ പ്രധാനാധ്യാപിക ബി മഹാദേവിയാണ് ഭാര്യ.

കൃഷ്ണസ്വാമിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് എല്ലാ ഏര്‍പ്പാടുകളും സര്‍ക്കാര്‍ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന അതിര്‍ത്തി വരെ കേരളത്തിന്റെ ഉദ്യോഗസ്ഥര്‍ മൃതദേഹത്തെ അനുഗമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Latest