ചരിത്രം കുറിച്ച് കേരള ഉമറാ സമ്മേളനം

Posted on: May 6, 2018 3:15 pm | Last updated: May 6, 2018 at 3:15 pm

കോഴിക്കോട്: പൈതൃക നഗരത്തിന്റെ ചരിത്രരേഖകള്‍ക്ക് ഇനി കേരള ഉമറാ സമ്മേളനത്തിന്റെ പ്രൗഢി. മുസ്‌ലിം മുന്നേറ്റത്തിന്റെ പുതു യുഗപ്പിറവിയായി മാറിയ സമ്മേളനം ചരിത്ര സംഗമത്തോടെ സമാപിച്ചു. നവലോകം നവചുവടുകള്‍ എന്ന പ്രമേയം അക്ഷരാര്‍ഥത്തില്‍ ഏറ്റെടുക്കുകയായിരുന്നു സമ്മേളനം. രാവിലെ എട്ട് മണിയോടെ തന്നെ സ്വപ്‌നനഗരിയിലെ സമ്മേളന നഗരി നിറഞ്ഞു കവിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി.

നവലോകത്തെ മുസ്‌ലിം ജീവിതം ആഴത്തില്‍ പരിശോധനാ വിധേയമാക്കിയ സമ്മേളനം പുതിയ ചുവടുവെപ്പിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. പ്രബോധന വഴിയില്‍ പണ്ഡിത നേതൃത്വത്തിനൊപ്പം ഉമറാഇന്റെ സജീവ സാന്നിധ്യം അനിവാര്യമാണെന്ന് സമ്മേളനം വിലയിരുത്തി. നഷ്ടങ്ങളുടെ കണക്കെടുപ്പില്‍ അലിഞ്ഞുചേരുന്ന ആവലാതികള്‍ക്കപ്പുറം വീണ്ടെടുപ്പിനുള്ള മുന്നേറ്റമാണ് വേണ്ടതെന്നായിരുന്നു ആഹ്വാനം.

ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിന് സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാ പൗരന്മാര്‍ക്കും തുല്യാവകാശമാണെന്ന് പറയുമ്പോഴും ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ ഇപ്പോഴും പിന്നാക്കാവസ്ഥയിലാണ്. സമീപകാല രാഷ്ട്രീയ സംഭവവികാസങ്ങളെ ആഴത്തില്‍ സ്പര്‍ശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം.
കേരള മുസ്‌ലിം ജമാഅത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങളും പദ്ധതികളും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അവതരിപ്പിച്ചു. ജസ്റ്റിസ് സി കെ അബ്ദുര്‍റഹീം മുഖ്യാതിഥിയായിരുന്നു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ പ്രാര്‍ഥന നടത്തി. സയ്യിദ് അലി ബാഫഖി തങ്ങള്‍, എ പി അബ്ദുല്‍ കരീം ഹാജി, ഡോ. ഹുസൈന്‍, ഫ്‌ളോറ ഹസന്‍ഹാജി, ഡോ. മന്‍സൂര്‍ ഹാജി ചെന്നൈ, അപ്പോളൊ മൂസ ഹാജി, എം എല്‍ എമാരായ പി ടി എ റഹീം, എ പ്രദീപ്കുമാര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് മുസ്‌ലിം ന്യൂനപക്ഷത്തിന്റെ വര്‍ത്തമാനം എന്ന വിഷയത്തില്‍ ഡോ. അബ്ദുസലാം, എന്‍ അലി അബ്ദുല്ല എന്നിവരും ഉമറാഇന്റെ കര്‍മപഥം എന്ന വിഷയത്തില്‍ ഡോ. ഹുസൈന്‍ രണ്ടത്താണിയും സി മുഹമ്മദ് ഫൈസിയും പ്രബന്ധം അവതരിപ്പിച്ചു.
ഉച്ചക്ക് ശേഷം നടന്ന കള്‍ച്ചറല്‍ കോണ്‍ഫറന്‍സില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല എന്നിവര്‍ വിഷയാവതരണം നടത്തി.
സമാപന സംഗമത്തിന് സയ്യിദ് അലി ബാഫഖി തങ്ങള്‍ നേതൃത്വം നല്‍കി. വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, എ സൈഫുദ്ദീന്‍ ഹാജി, എസ് എസ് എ ഖാദര്‍ ഹാജി, എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജി പ്രസംഗിച്ചു.