വിദ്യാര്‍ഥി പ്രതിഷേധം ശക്തം; നിരോധനാജ്ഞ

  • ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി
  • മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു
Posted on: May 5, 2018 6:14 am | Last updated: May 4, 2018 at 11:54 pm
ആര്‍ എസ് എസ് അതിക്രമത്തില്‍ യൂനിവേഴ്‌സിറ്റി ഗേറ്റിന് മുമ്പില്‍ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: മുഹമ്മദലി ജിന്നയുടെ ഛായാചിത്രവുമായി ബന്ധപ്പെട്ട് അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ ആര്‍ എസ് എസ് ഗുണ്ടകള്‍ നടത്തിയ അക്രമത്തിന് പിന്നാലെ സെക്ഷന്‍ 144 പ്രഖ്യാപിച്ചു. ഇന്നലെ ഉച്ചക്ക് രണ്ട് മണി മുതല്‍ ഇന്ന് രാത്രി പന്ത്രണ്ട് വരെ ഇന്റര്‍നെറ്റ് റദ്ദാക്കിയിട്ടുമുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രഭൂഷണ്‍ സിംഗ് അറിയിച്ചു. സമുദായിക സംഘര്‍ഷമുണ്ടാക്കുന്ന രൂപത്തിലുള്ള സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയകളും മറ്റും ഉപയോഗിച്ച് നടത്തുന്നത് നിരീക്ഷിച്ചുവരികയാണെന്ന് അലിഗഢ് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. അതിനിടെ, ആര്‍ എസ് എസ് അക്രമത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് അലിഗഢ് ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബച്ചു സിംഗ് നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് 15 ദിവസത്തിനകം സമര്‍പ്പിക്കണം.

ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണെമന്നാവശ്യപ്പെട്ട് ക്യാമ്പസിലെ പ്രധാന കവാടമായ ബാബെ സയ്യിദിന് മുന്നില്‍ വിദ്യാര്‍ഥികള്‍ കൂറ്റന്‍ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ 28 വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ രണ്ട് ദിവസമായി ക്ലാസില്‍ കയറാതെ ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ഥികള്‍ ശക്തമായ പ്രതിഷേധം നടത്തിക്കൊണ്ടിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ക്കൊപ്പം വലിയൊരു ശതമാനം അധ്യാപകരും അധ്യാപകേതര ജീവനക്കാരും പൂര്‍വ വിദ്യാര്‍ഥികളും പങ്കുചേര്‍ന്നിട്ടുണ്ട്. വൈസ് ചാന്‍സലര്‍ താരീഖ് മന്‍സൂറും വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തി. പോലീസ് ലാത്തി ചാര്‍ജില്‍ പരുക്കേറ്റ വിദ്യാര്‍ഥികളെ സര്‍വകലാശാലക്ക് കീഴിലുള്ള ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജിലെത്തി വി സി സന്ദര്‍ശിച്ചു. പോലീസുകാരും വിദ്യാര്‍ഥികളുമടക്കം 41 പേര്‍ക്കാണ് പരുക്കേറ്റത്. വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സര്‍വകലാശാല അധ്യാപക സംഘടന രാഷ്ട്രപതി രാം നാഥ് കോവിന്ദിന് കത്തയച്ചിരുന്നു. ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജാമിഅ മില്ലിയ്യ സര്‍വകലാശാല ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലും പ്രതിഷേധം അരങ്ങേറി. അതിനിടെ, ജിന്നയുടെ ഛായാചിത്രം കത്തിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്ത് പരിവാര്‍ അനുകൂല സംഘടനയായ മുസ്‌ലിം മഹാസംഘ് രംഗത്തെത്തി. രാംപൂരിലെ സംഘടനയാണ് ഇനാം പ്രഖ്യാപിച്ചത്.

ജിന്നയുടെ ഛായാചിത്രം നീക്കണമെന്നാവശ്യപ്പെട്ട് ഒരുകൂട്ടം ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ക്യാമ്പസിനകത്തേക്ക് ബുധനാഴ്ചയാണ് രാത്രി ഇരച്ചുകയറിയത്. ഗുണ്ടകള്‍ ജിന്നയുടെ ചിത്രം നീക്കം ചെയ്യാന്‍ ശ്രമിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. പോലീസിന്റെ സംരക്ഷണത്തോടെയായിരുന്നു ക്യാമ്പസിനകത്ത് ഗുണ്ടകള്‍ കടന്നതെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹിന്ദു യുവവാഹിനിയുടെ ഗുണ്ടാകളാണെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. അതേസമയം, ഹിന്ദു യുവവാഹിനി ജനറല്‍ സെക്രട്ടറി പി കെ മുള്ളു ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. സംഭവത്തില്‍ തങ്ങള്‍ക്ക് ഒരു വിധത്തിലുള്ള പങ്കുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ബി ജെ പി പാര്‍ലിമെന്റംഗം സതീഷ് ഗൗതം ജിന്നയുടെ ഛായാചിത്രം നീക്കം ചെയ്യമെന്നാവശ്യപ്പെട്ട് സര്‍വകലാശാലക്ക് കത്തെഴുതിയതിന് ശേഷമാണ് ഇത് വിവാദമായത്. എന്നാല്‍, സര്‍വകലാശാലയുടെ സ്ഥാപക അഡ്മിനിസ്‌ട്രേറ്റീവ് ബോഡി അംഗമാണ് ജിന്നയെന്നാണ് സര്‍വകലാശാല അധികൃതരുടെ നിലപാട്.