Connect with us

Sports

ലിവര്‍പൂള്‍ ഫൈനലില്‍

Published

|

Last Updated

ചാമ്പ്യന്‍സ് ലീഗ് സെമി രണ്ടാം പാദത്തില്‍ എ എസ് റോമക്കെതിരെ ലിവര്‍പൂളിനായി വിനാല്‍ഡം ഹെഡറിലൂടെ ഗോള്‍ നേടുന്നു

റോം: ഇറ്റാലിയന്‍ ഫുട്‌ബോളിലെ റോമന്‍ പടയാളികള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കാണാതെ പുറത്ത്. ആവേശകരമായ സെമിഫൈനലില്‍ ലിവര്‍പൂളിനെതിരെ ഇഞ്ചുറി ടൈമിലും ഗോളടിച്ച് പോരാട്ടം കാഴ്ചവെച്ചാണ് റോമ മടങ്ങിയത്.

റോമില്‍ നടന്ന രണ്ടാം പാദത്തില്‍ 4-2ന് തോറ്റ ലിവര്‍പൂള്‍ ഇരുപാദത്തിലുമായി 7-6ന് മുന്നിലെത്തിയാണ് ഫൈനല്‍ ഉറപ്പിച്ചത്. ആന്‍ഫീല്‍ഡിലെ ആദ്യപാദ സെമിയില്‍ 5-2ന് ജയിച്ചതാണ് ഇംഗ്ലണ്ടിലെ ചെമ്പടക്ക് തുണയായത്.

റോമില്‍ നടന്ന രണ്ടാം സെമിയില്‍ ആദ്യപകുതിയില്‍ 2-1ന് ലിവര്‍പൂളായിരുന്നു മുന്നില്‍. ഒമ്പതാം മിനുട്ടില്‍ സാദിയോ മാനെയും, ഇരുപത്തഞ്ചാം മിനുട്ടില്‍ വിനാല്‍ഡമും ലിവര്‍പൂളിനായി സ്‌കോര്‍ ചെയ്തു. പതിനഞ്ചാം മിനുട്ടില്‍ മില്‍നറുടെ സെല്‍ഫ് ഗോളാണ് റോമക്കെതിരെ നേടിയ ലീഡ് ലിവര്‍പൂളിന് നഷ്ടമാക്കിയത്. രണ്ടാം പകുതിയില്‍ എദെന്‍ സെക്കോ റോമയെ 2-2ന് ഒപ്പമെത്തിച്ചു.

നെയിന്‍ഗോലാന്‍ 86ാം മിനുട്ടിലും ഇഞ്ചുറി ടൈമിലും റോമക്കായി ഗോളടിച്ചതോടെ ലിവര്‍പൂള്‍ ഞെട്ടി. ഒരു ഗോള്‍ കൂടി നേടിയാല്‍ റോമക്ക് മത്സരം സമനിലയാക്കി അധിക സമയത്തേക്ക് കളി നീട്ടിയെടുക്കാമായിരുന്നു. ബാഴ്‌സലോണക്കെതിരെ ഗംഭീരമായി തിരിച്ചുവന്ന റോമക്ക് ലിവര്‍പൂളിനെതിരെ അതിന് സാധ്യമായില്ല.

2007ന് ശേഷം ആദ്യമായാണ് ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തുന്നത്. അന്ന് കലാശപ്പോരില്‍ ഇറ്റാലിയന്‍ ക്ലബ്ബ് എ സി മിലാനോട് തോറ്റെങ്കില്‍ ഇത്തവണ ഇറ്റലിയില്‍ നിന്നുള്ള റോമയെ തോല്‍പ്പിച്ച് ഫൈനല്‍ ടിക്കറ്റെടുത്തുവെന്ന പ്രത്യേകതയുണ്ട്. പതിമൂന്ന് വര്‍ഷത്തിനിടെ ലിവര്‍പൂള്‍ മൂന്നാം തവണയാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തുന്നത്.

എഫ് സി പോര്‍ട്ടോക്കെതിരെ ഹാട്രിക്കും സ്പാര്‍ടക് മോസ്‌കോക്കെതിരെ ഇരട്ട ഗോളുകളും നേടിയ സെനഗല്‍ സ്‌ട്രൈക്കര്‍ മാനെ ലിവര്‍പൂളിനെ കിരീടപ്പോരില്‍ എത്തിക്കുന്നതില്‍ നിര്‍ണായക റോള്‍ വഹിച്ചു. ചാമ്പ്യന്‍സ് ലീഗ് സീസണില്‍ മാനെ ഒമ്പത് ഗോളുകള്‍ നേടി. പതിനഞ്ച് ഗോളുകള്‍ നേടിയ ക്രിസ്റ്റിയാനോയാണ് ഒന്നാം സ്ഥാനത്ത്. ആദ്യ പാദത്തില്‍ തിളങ്ങിയ മുഹമ്മദ് സാല രണ്ടാം പാദത്തില്‍ നിശബ്ദനായപ്പോള്‍ സാദിയോ മാനെ മാന്‍ ഓഫ് ദ മാച്ച് പ്രകടനം പുറത്തെടുത്തു.

അമ്പത് വയസുള്ള യുര്‍ഗന്‍ ക്ലോപിന് ഇതുവരെ ചാമ്പ്യന്‍സ് ലീഗ് ഉയര്‍ത്താന്‍ സാധിച്ചിട്ടില്ല. ലിവര്‍പൂളിനൊപ്പം ഒരു കിരീട നേട്ടമെന്നതും സ്വപ്‌നമായി അവശേഷിക്കുന്നു. 2015 ഒക്ടോബറിലാണ് ക്ലോപ് ലിവര്‍പൂളില്‍ സ്ഥാനമേറ്റത്. 2016 ലീഗ് കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് ഷൂട്ടൗട്ടില്‍ തോറ്റു.

അതേ വര്‍ഷം യൂറോപ ലീഗ് ഫൈനലില്‍ സെവിയ്യയോടും ക്ലോപിന്റെ ചെമ്പട പരാജയപ്പെട്ടു. ബോബ് പെയ്‌സിലെ (1977,1978,1981), ജോ ഫഗാന്‍ (1984), റാഫേല്‍ ബെനിറ്റസ് (2005) എന്നിവരാണ് ലിവര്‍പൂളിന് യൂറോപ്യന്‍കപ്പ്/ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ നേടിക്കൊടുത്ത പരിശീലകര്‍. ഇവര്‍ക്കിടയില്‍ സ്ഥാനം പിടിക്കാന്‍ യുര്‍ഗന്‍ ക്ലോപിന് റയല്‍മാഡ്രിഡ് എന്ന ഒരു കടമ്പ കൂടി താണ്ടിയാല്‍ മതി.