Connect with us

National

മലിനീകരിക്കപ്പെട്ട 20 നഗരങ്ങളുടെ പട്ടികയില്‍ പതിനാലും ഇന്ത്യയില്‍

Published

|

Last Updated

ഡല്‍ഹിയില്‍ മലിനീകരണം കാരണം മുഖാവരണം ധരിച്ച് യാത്ര ചെയ്യുന്നവര്‍ (ഫയല്‍)

പാറ്റ്‌ന: ലോകത്തില്‍ ഏറ്റവും മലിനീകരിക്കപ്പെട്ട 20 നഗരങ്ങളില്‍ 14 എണ്ണവും ഇന്ത്യയിലേതെന്ന് ലോകാരോഗ്യ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ട്. 2016ല്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യന്‍ നഗരങ്ങളായ ഡല്‍ഹി, വരാണസി, കാണ്‍പൂര്‍, ഫരീദാബാദ്, ഗയ, പാറ്റ്‌ന, ലക്‌നോ, ആഗ്ര, മുസാഫര്‍പൂര്‍, ശ്രീനഗര്‍, ഗുഡ്ഗാവ്, ജയ്പൂര്‍, പാട്യാല, ജോധ്പൂര്‍ എന്നിവ ഏറ്റവും കൂടുതല്‍ മലിനീകരിക്കപ്പെട്ട 20 ലോക നഗരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചത്.

ലോകത്ത് പത്തില്‍ ഒമ്പത് പേരും മലിനവായു ശ്വസിക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മലിനീകരണം കണക്കാക്കുന്നതിനുള്ള മാനകമായ പിഎം2.5 ലവല്‍ അനുസരിച്ചുള്ള പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പിഎം10 ലവല്‍ പ്രകാരം ഇന്ത്യയിലെ 13 നഗരങ്ങള്‍ മലിനീകൃതമാണെന്ന് നേരത്തെ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

വായു മലിനീകരണം കാരണം 2016ല്‍ മാത്രം 4.2 ദശലക്ഷം ആളുകള്‍ ലോകത്താകമാനം മരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാര്‍ഹികമായ വായുമലിനീകരണം കാരണമാണ് ഇവരില്‍ 3.8 ദശലക്ഷം പേരും മരിച്ചത്. ഇന്ത്യ അടക്കമുള്ള വികസ്വര, അവികസിത രാജ്യങ്ങളിലാണ് ഈ മരണങ്ങളില്‍ ഭൂരിഭാഗവുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ ഗൗരവമായ നടപടികള്‍ ആവശ്യമാണെന്ന് അംഗ രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചു.

അതേസമയം, ഇന്ത്യയുടെ മലിനീകരണ നിയന്ത്രണം ലക്ഷ്യം വെച്ചുള്ള ഇന്ത്യയുടെ പ്രധാന്‍ മന്ത്രി ഉജ്ജ്വല യോജനയെ റിപ്പോര്‍ട്ടില്‍ ലോകാരോഗ്യ സംഘടന പ്രശംസിക്കുന്നുണ്ട്.