മെഡി. കോളജുകളില്‍ ആദ്യമായി ക്യാന്‍സര്‍ സര്‍ജറി വിഭാഗം

  • ആര്‍ സി സി നിലവാരത്തില്‍ ക്യാന്‍സര്‍ ചികിത്സ
  • ക്യാന്‍സര്‍ കണ്‍ട്രോള്‍ വിഭാഗത്തില്‍  105 തസ്തികകള്‍ സൃഷ്ടിച്ചു
Posted on: May 3, 2018 6:11 am | Last updated: May 2, 2018 at 11:20 pm
SHARE

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ റേഡിയോ തെറാപ്പി വിഭാഗം അര്‍ബുദ രോഗ ചികിത്സക്കായുള്ള സമഗ്ര കേന്ദ്രമാക്കി മാറ്റുന്നു. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഈ മെഡിക്കല്‍ കോളജുകളില്‍ ആദ്യമായി ക്യാന്‍സര്‍ സര്‍ജറി വിഭാഗം (സര്‍ജിക്കല്‍ ഓങ്കോളജി) ആരംഭിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് എന്നീ മെഡിക്കല്‍ കോളജുകളിലാണ് സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം ആരംഭിക്കുന്നത്.

ഇതിന് മുന്നോടിയായി മെഡിക്കല്‍ കോളജുകളിലെ ക്യാന്‍സര്‍ കണ്‍ട്രോള്‍ വിഭാഗത്തില്‍ അധ്യാപകര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെ 105 തസ്തികകള്‍ സൃഷ്ടിച്ചതായും മന്ത്രി അറിയിച്ചു. സര്‍ജിക്കല്‍ ഓങ്കോളജി, മെഡിക്കല്‍ ഓങ്കോളജി, ഓങ്കോ പത്തോളജി എന്നീ വിഭാഗങ്ങളിലായാണ് തസ്തികകള്‍ സൃഷ്ടിച്ചത്. മെഡിക്കല്‍ കോളജുകളിലെ ക്യാന്‍സര്‍ ചികിത്സ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്രയധികം തസ്തികകള്‍ ഒന്നിച്ച് സൃഷ്ടിച്ചത്.

ജനറല്‍ സര്‍ജറി വിഭാഗത്തില്‍ ജോലി ചെയ്തുവരുന്ന യോഗ്യതയുള്ള നാല് ഡോക്ടര്‍മാരെ അവരുടെ സന്നദ്ധതയുടെ കൂടി അടിസ്ഥാനത്തില്‍ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗത്തിലേക്ക് മാറ്റിയാണ് പ്രത്യേക വിഭാഗം ആരംഭിക്കുന്നത്.

ഇതുവരെ ജനറല്‍ സര്‍ജറി വിഭാഗമായിരുന്നു ക്യാന്‍സര്‍ ശസ്ത്രക്രിയകള്‍ നടത്തിയിരുന്നത്. എന്നാല്‍, സര്‍ജിക്കല്‍ ഓങ്കോളജി വരുന്നതോടെ മെഡിക്കല്‍ കോളജുകളിലും ആര്‍ സി സി മോഡല്‍ ക്യാന്‍സര്‍ രോഗ ചികിത്സ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസകരമായ നൂതന റേഡിയേഷന്‍ ചികിത്സക്കായി തിരുവനന്തപുരം, കോട്ടയം, തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ 48 കോടി രൂപ മുതല്‍ മുടക്കി ലീനിയര്‍ ആക്‌സിലറേറ്ററുകള്‍ വാങ്ങാന്‍ അനുമതി നല്‍കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here