Connect with us

National

മധ്യപ്രദേശില്‍ റിക്രൂട്ട്‌മെന്റിനിടെ ദളിതുകളുടെ നെഞ്ചത്ത് ജാതി മുദ്ര പതിപ്പിച്ചു

Published

|

Last Updated

യുവാക്കളുടെ നെഞ്ചത്ത്
എസ് സി, എസ് ടി എന്ന് എഴുതിയ നിലയില്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള ആരോഗ്യപരിശോധനക്കെത്തിയ ദളിത് ഉദ്യോഗാര്‍ഥികളുടെ നെഞ്ചില്‍ പോലീസ് അധികാരികള്‍ ജാതി എഴുതി അടയാളപ്പെടുത്തി. ധറിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ 206 ഉദ്യോഗാര്‍ഥികളെയാണ് ജാതിയുടെ പേരില്‍ വേര്‍തിരിച്ച് നിര്‍ത്തിയത്. കോണ്‍സ്റ്റബിള്‍ തസ്തികക്ക് എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് ഉയരത്തിലും നെഞ്ചളവിലും ഇളവുണ്ട്. ഇതിലെ ആശയക്കുഴപ്പം ഒഴിവാക്കാനെന്നാണ് ഔദ്യോഗിക വിശദീകരണം.

ഉദ്യോഗാര്‍ഥികളിലാരും ഇത് ചോദ്യം ചെയ്യുകയോ പരാതി നല്‍കുകയോ ഉണ്ടായിട്ടില്ല. പരിശോധനക്കെത്തിയ ഇരുന്നൂറോളം ഉദ്യോഗാര്‍ഥികളില്‍ പട്ടിക ജാതി, പട്ടിക വര്‍ഗ ഉദ്യോഗാര്‍ഥികളെ പ്രത്യേകം തിരിച്ചറിയാനാണ് ഇവരുടെ ദേഹത്ത് ജാതി അടയാളപ്പെടുത്തിയത്. ജാതി മാറിപ്പോകാതിരിക്കാനാണ് ഇങ്ങനെയെഴുതിയതെന്നാണ് ധര്‍ എസ് പി വിരേന്ദ്ര സിംഗിന്റെ വിശദീകരണം. സംഭവത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. അതിനിടെ സംസ്ഥാന ബി ജെ പി വക്താവ് രാഹുല്‍ കോത്താരി സംഭവത്തെ ന്യായീകരിച്ചു. ഉദ്യോഗാര്‍ഥികളുടെ സമ്മതത്തോടെയാണിതെന്ന് പറഞ്ഞാണ് കോത്താരിയുടെ ന്യായീകരണം. സംഭവത്തെ അതിനിശിതമായി അപലപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. ഭരണകക്ഷിയുടെ ജാതീയ സമീപനം രാജ്യത്തെ കുത്തിനോവിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Latest