അസംബന്ധങ്ങള്‍ അലങ്കാരമാക്കുന്നവര്‍

Posted on: May 1, 2018 6:00 am | Last updated: April 30, 2018 at 10:32 pm

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ വിഡ്ഢിത്ത പ്രസ്താവനകളില്‍, പാര്‍ട്ടിയും പൊറുതി കെട്ടിരിക്കയാണ്. നാവെടുത്താല്‍ അബദ്ധമേ പറയൂ എന്ന മട്ടിലാണ് മുഖ്യമന്ത്രി പദമേറ്റെടുത്തതിന് ശേഷമുള്ള ദേബിന്റെ പ്രസ്താവനകള്‍. മഹാഭാരത കാലത്തേ ഇന്റര്‍നെറ്റ് ഉണ്ടായിരുന്നുവെന്നതാണ് അയാളുടെ ഒരു കണ്ടുപിടുത്തം. സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കാതെ യുവാക്കള്‍ പാന്‍കട തുടങ്ങുകയോ പശുവിനെ വളര്‍ത്തുകയോ ചെയ്യണം, മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരല്ല സിവില്‍ എന്‍ജിനീയര്‍മാരാണ് സിവില്‍ സര്‍വീസിന് ശ്രമിക്കേണ്ടത് തുടങ്ങിയ പ്രസ്താവനകളും പാര്‍ട്ടിക്ക് പുലിവാലായി. ഇത് പാര്‍ട്ടിക്ക് വന്‍നാണക്കേടുണ്ടാക്കുന്നതായും കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതായും പാര്‍ട്ടിനേതൃത്വത്തില്‍ നിന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ബിപ്ലബ് ദേബിനോട് വായ അടക്കാനും ഉടന്‍ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെയും അമിത്ഷായെയും കാണാനും ആവശ്യപ്പെട്ടിരിക്കയാണ് നേതൃത്വം.

ബിപ്ലബ് ദേബ് മാത്രമല്ല, വിവരം കെട്ട പ്രസതാവനക്ക് കുപ്രശസ്തരാണ് കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരുമടക്കം ബി ജെ പി നേതാക്കളില്‍ നല്ലൊരു വിഭാഗവും. ഓക്‌സിജന്‍ ശ്വസിക്കുകയും പുറത്ത് വിടുകയും ചെയ്യുന്ന അപൂര്‍വ ജീവിയാണ് പശു എന്ന പ്രസ്താവനയിലൂടെ പരിഹാസ്യനായ ബി ജെ പി നേതാവാണ് രാജസ്ഥാനിലെ വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ്‌നാനി. പശുവിനടുത്ത് പോയാല്‍ ജലദോഷം, ചുമ മുതലായ രോഗങ്ങള്‍ മാറുമെന്നും അയാള്‍ പറഞ്ഞുവെച്ചു. പരശുരാമനാണ് ഗോവ സൃഷ്ടിച്ചതെന്നാണ് ഗോവ മുഖ്യമന്ത്രിയായ മനോഹര്‍ പരീക്കര്‍ പറഞ്ഞത്. എന്നാല്‍ റൈറ്റ് സഹോദരന്മാര്‍ വിമാനം കണ്ടു പിടിക്കുന്നതിന് എട്ട് വര്‍ഷം മുമ്പേ ഹൈന്ദവ പണ്ഡിതനായ ശിവകര്‍ ബാപൂജി തര്‍പഡേ വിമാനം വികസിപ്പിച്ചിട്ടുണ്ടെന്നാണ് കേന്ദ്രമന്ത്രി സത്യപാല്‍സിംഗ് പറഞ്ഞത്. ഡല്‍ഹിയില്‍ എന്‍ജിനീയര്‍മാരുടെ യോഗത്തിലാണ് സിംഗ് ഇങ്ങനെ വിളമ്പിയത്.

ഇത്തരം അബദ്ധ പ്രസ്താവനകള്‍ പാര്‍ട്ടിക്കും സര്‍ക്കാറിനും വരുത്തി വെച്ച നാണക്കേട് കുറച്ചൊന്നുമല്ല. ഒരാഴ്ച മുമ്പ് മാധ്യമങ്ങള്‍ക്കു മുന്നില്‍ സംസാരിച്ചു വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നേതാക്കള്‍ക്കു മുന്നറിയിപ്പ് നല്‍കുകയും ക്യാമറയുടെ മുന്നില്‍ വിഡ്ഢിത്തരങ്ങള്‍ എഴുന്നള്ളിക്കുന്നതിലൂടെ നഷ്ടപ്പെടുന്നത് സ്വന്തം പ്രതിച്ഛായക്കൊപ്പം പാര്‍ട്ടിയുടെ കൂടി പ്രതിച്ഛായയാണെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു. പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യാന്‍ മിടുക്കുള്ള ബുദ്ധിജീവികളും വിദഗ്ധരുമാണെന്ന ഭാവത്തില്‍ അബദ്ധങ്ങള്‍ പറയുന്നതിലൂടെ മാധ്യമങ്ങള്‍ക്ക് ആവശ്യമായ മസാലകള്‍ നല്‍കുകയുമാണ് ഇവര്‍ ചെയ്യുന്നതെന്നും അദ്ദേഹം ഉണര്‍ത്തി. എന്നാല്‍ വിഡ്ഢിത്തം വിളമ്പുന്നതില്‍ അത്ര മോശമല്ലാത്ത മോദിക്ക് ഇക്കാര്യത്തില്‍ മറ്റുള്ളവരെ ഉപദേശിക്കാന്‍ എന്തര്‍ഹത എന്നാണ് വിമര്‍ശകരുടെ ചോദ്യം. ഇന്ത്യയില്‍ വേദകാലത്ത് തന്നെ പ്ലാസ്റ്റിക് സര്‍ജറി നടന്നിരുന്നതായും ഹൈന്ദവ പൂരാണ കഥാപാത്രമായ ഗണപതി ഇതിന് തെളിവാണെന്നും പ്രസ്താവിച്ചത് നരന്ദ്രമോദിയാണ്. മനുഷ്യശരീരത്തില്‍ ആനയുടെ തല വെച്ചുപിടിപ്പിച്ചു ഗണപതിയെ സൃഷ്ടിച്ച ആളാണ് ലോകത്തെ ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജനെന്ന് 2014ലാണ് മോദി പ്രസ്താവിച്ചത്. കര്‍ണനെ ജനിതക ശാസ്ത്രത്തിന്റെ ഉദാഹരണമാക്കിയതും മോദിയായിരുന്നു.

ജനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടവരും അറിവിന്റെ പാതയിലേക്ക് നയിക്കേണ്ടവരുമാണ് ജനപ്രതിനിധികളും പാര്‍ട്ടികളുടെ തലപ്പത്ത് അവരോധിക്കപ്പെട്ടവരും. അവരുടെ പ്രസ്താവനകള്‍ എപ്പോഴും വസ്തുതാപരമായിരിക്കണം. ക്യാമറയും മൈക്കും കാണുമ്പോള്‍ താനൊരു ബുദ്ധിജീവിയാണെന്നും തനിക്കെല്ലാം അറിയാമെന്നുമുള്ള മട്ടില്‍ വിവരമില്ലാത്ത കാര്യങ്ങളെക്കുറിച്ചു പറയുകയോ നിലമറന്നു അബദ്ധങ്ങള്‍ എഴുന്നള്ളിക്കുകയോ അരുത്. അറിവില്ലായ്മ ഒരു അപരാധമല്ലെങ്കിലും വിവരക്കേട് ഒരു അലങ്കാരമായി കൊണ്ടുനടക്കരുതല്ലോ. പറഞ്ഞത് അബദ്ധമാണെന്ന് തിരുത്തിക്കൊടുത്താലും താന്‍പിടിച്ച മുയലിന് മൂന്ന് ചെവിയെന്ന് തറപ്പിച്ചുപറയുന്നവരുമുണ്ട് നേതാക്കളില്‍. വിവരക്കേട് വിളിച്ചു പറയുന്നതിനേക്കാള്‍ പരിതാപകരമാണ് പറഞ്ഞ വിവരക്കേട് തിരിച്ചറിയാതിരിക്കുന്ന അവസ്ഥ. ഹിന്ദു പുരാണങ്ങള്‍ മഹത്വവത്കരിക്കാനും അവയെല്ലാം ശാസ്ത്രീയാടിത്തറയുള്ളതാണെന്ന് സ്ഥാപിക്കാനുമുള്ള വെമ്പലിലാണ് ബി ജെ പി നേതാക്കള്‍ പലപ്പോഴും ഭീമാബദ്ധങ്ങള്‍ പറയുന്നത്. ഹൈന്ദവ പുരാണങ്ങളും കഥകളും സാങ്കല്‍പികമാണെന്നാണ് ഹൈന്ദവാചാര്യന്മാരില്‍ തന്നെ പലരുടെയും അഭിപ്രായം. മനുഷ്യ മനസ്സിലെ ആന്തരിക സംഘര്‍ഷത്തെയാണ് മഹാഭാരതയുദ്ധമായി വ്യാസന്‍ ചിത്രീകരിച്ചിരിക്കുന്നതെന്നാണ് ശ്രീമദ് സ്വാമി സന്ദീപ് ചൈതന്യ സ്വാമികള്‍ ഒരു പ്രഭാഷണത്തില്‍ പറഞ്ഞത്. പുരാണങ്ങള്‍ യാഥാര്‍ഥ്യമെന്ന് തറപ്പിച്ചു പറയുന്നവരുമുണ്ട്. ഇതെല്ലാം വിശ്വാസത്തിന്റെ ഭാഗമാണ്. എന്നാല്‍ സത്യമോ മിഥ്യമോ എന്ന് വ്യക്തതയില്ലാത്ത കാര്യങ്ങള്‍ക്ക് ശാസ്ത്രീയാടിത്തറ കെട്ടിയേല്‍പ്പിച്ചാല്‍ ചിലപ്പോള്‍ അത് പമ്പര വിഡ്ഢിത്തമായെന്നിരിക്കും. നേതാക്കള്‍ പ്രഭാഷണ വേദികളിലും ചാനല്‍ ചര്‍ച്ചകളിലും സ്വയം പരിഹാസ്യരാകാന്‍ ഇടയാക്കുന്ന പരാമര്‍ശങ്ങള്‍ കടന്നു വരാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കേണ്ടതുണ്ട്. ബി ജെ പിയില്‍ മാത്രമല്ല മറ്റു പാര്‍ട്ടികളിലുമുണ്ട് അബദ്ധങ്ങളും വിവരക്കേടും പറയുന്നവര്‍. ഇത്തരക്കാര്‍ക്ക് കര്‍ശന നിയന്ത്രണവും അച്ചടക്കവും ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ആപ്പിലാവുന്നത് പാര്‍ട്ടി നേതൃത്വങ്ങളായിരിക്കും.