Connect with us

Gulf

ശൈഖ് മുഹമ്മദിന്റെയും മോദിയുടെയും സന്ദര്‍ശനങ്ങള്‍ ഇന്ത്യ-യു എ ഇ ബന്ധം ദൃഢമാക്കി: പുസ്തക ചര്‍ച്ച

Published

|

Last Updated

മീഡിയ കൗണ്‍സില്‍ അബുദാബി പുസ്തക നഗരിയില്‍ സംഘടിപ്പിച്ച
പരിപാടിയില്‍ ഉപദേശക സമിതി ചെയര്‍മാന്‍ ഇബ്‌റാഹീം അല്‍ ആബിദും റാം ബുക്‌സാനിയും

അബുദാബി: ഐ ടി എല്‍ കോസ്‌മോസ് ഗ്രൂപ്പ് ചെയര്‍മാനും ഇന്ത്യന്‍ ബിസിനസുകാരനുമായ ഡോ. റാം ബുക്‌സാനിയുടെ ടേകിങ് ദ ഹൈ റോഡ് എന്ന പുസ്തകത്തെ കുറിച്ച് അബുദാബി അന്താരാഷ്ട്ര പുസ്തകമേളയിലെ നാഷനല്‍ മീഡിയ കൗണ്‍സില്‍ പവലിയനില്‍ ചര്‍ച്ച സംഘടിപ്പിച്ചു.
ഡോ. റാം ബുക്‌സാനിയുടെ ആത്മകഥയായ ടേകിങ് ദ ഹൈ റോഡ് 2003ല്‍ ദുബൈയിലെ ബെസ്റ്റ് സെല്ലറായിരുന്നു. ബുക്‌സാനിയുടെ ജീവിതം, ദുബൈയിലെ പ്രവര്‍ത്തനം, യു എ ഇയും ഇന്ത്യയും തമ്മിലെ ബന്ധം എന്നിവ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ഇന്ത്യാ സന്ദര്‍ശനവും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു എ ഇ സന്ദര്‍ശനവും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ എല്ലാ മേഖലകളിലുമുള്ള നയതന്ത്ര ബന്ധത്തില്‍ വലിയ മുന്നേറ്റം സാധ്യമാക്കിയെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് ബുക്‌സാനി പറഞ്ഞു.

16 ഔദ്യോഗിക ഭാഷകളുള്ള ലോകത്തെ ഏക രാജ്യമെന്നത് ഇന്ത്യക്ക് അഭിമാനകരമാണ്. ഇന്ത്യ കേവലം ഒരു രാജ്യം മാത്രമല്ല, നിരവധി സംസ്‌കാരങ്ങളും ആചാരങ്ങളും പാരമ്പര്യവും ഭക്ഷണവും ഭാഷകളുമുള്ള ഇന്ത്യ ഒരു ലോകം തന്നെയാണ്. 200ലധികം രാജ്യക്കാര്‍ സമാധാനപരമായും സൗഹര്‍ദത്തോടെയും കഴിയുന്ന യു എ ഇ സഹിഷ്ണുതയുടെയും സൗമ്യതയുടെയും മണ്ണായി മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest