സുധാകര്‍ റെഡ്ഢിക്ക് മൂന്നാം ഊഴം

Posted on: April 29, 2018 3:16 pm | Last updated: April 30, 2018 at 9:42 am

കൊല്ലം: സി പി ഐ ജനറല്‍ സെക്രട്ടറിയായി എസ് സുധാകര്‍ റെഡ്ഢി തുടരും. ഇത് മൂന്നാം തവണയാണ് ജനറല്‍ സെക്രട്ടറിയായി റെഡ്ഢി തിരഞ്ഞെടുക്കപ്പെടുന്നത്. സാധാരണ രണ്ട് തവണയാണ് ഒരാള്‍ക്ക് സെക്രട്ടറി പദവി വഹിക്കാന്‍ സാധിക്കുക. ഇതില്‍ ഇളവ് വരുത്തി റെഡ്ഢിയെ വീണ്ടും നിയോഗിക്കാന്‍ കൊല്ലത്ത് ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.

തെലങ്കാന സ്വദേശിയായ സുധാകര്‍ റെഡ്ഢി 2012ല്‍ നടന്ന 21ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് എ ബി ബര്‍ദന്റെ പിന്‍ഗാമിയായി ജനറല്‍ സെക്രട്ടറിയായി നിയമിതനായത്. 2008ല്‍ ഹൈദരാബാദില്‍ ചേര്‍ന്ന 20ാം പാര്‍ട്ടി കോണ്‍ഗ്രസ് മുതല്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. നല്‍ഗൊണ്ട മണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ട് തവണ ലോക്‌സഭാംഗവുമായിരുന്നു. ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം ഗുരുദാസ് ഗുപ്ത ഒഴിഞ്ഞെങ്കിലും ആ സ്ഥാനത്തേക്ക് പുതുതായി ആരെയും തിരഞ്ഞെടുത്തിട്ടില്ല.

നേരത്തെ പാര്‍ട്ടിയുടെ വിദ്യാര്‍ഥി വിഭാഗം നേതാവും ഡല്‍ഹി ജെ എന്‍ യു വിദ്യാര്‍ഥി യൂനിയന്‍ മുന്‍ ചെയര്‍മാനുമായ കനയ്യകുമാര്‍ അടക്കം 125 അംഗ ദേശീയ കൗണ്‍സിലിനെ തിരഞ്ഞെടുത്തിരുന്നു. ഈ ദേശീയ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് സുധാകര്‍ റെഡ്ഢിയെ വീണ്ടും ജനറല്‍ സെക്രട്ടറിയായി നിശ്ചയിച്ചത്.

ദേശീയ കൗണ്‍സിലില്‍ നിരവധി പുതുമുഖങ്ങള്‍ ഇടംപിടിച്ചു. 31 അംഗ ദേശീയ നിര്‍വാഹക സമിതിയില്‍ എട്ട് പേര്‍ പുതുമുഖങ്ങളാണ്. 11 അംഗ സെക്രട്ടേറിയറ്റില്‍ നാല് പുതുമുഖങ്ങളുണ്ട്. കേരളത്തിലെ മുന്‍ പാര്‍ട്ടി സെക്രട്ടറിയും ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ പന്ന്യന്‍ രവീന്ദ്രനെ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനായും തിരഞ്ഞെടുത്തു. ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായി കേരളത്തില്‍ നിന്നുള്ള നേതാക്കളായ കാനം രാജേന്ദ്രന്‍, കെ ഇ ഇസ്മഈല്‍, ബിനോയ് വിശ്വം എന്നിവരെ നിലനിര്‍ത്തി. കാനം രാജേന്ദ്രനും ബിനോയ് വിശ്വവും കേന്ദ്ര സെക്രട്ടേറിയറ്റിലും അംഗങ്ങളാണ്. പാര്‍ട്ടിക്ക് പുതിയ ഭാവം നല്‍കണമെന്നും ഇതിന്റെ ഭാഗമായി ദേശീയ കൗണ്‍സിലില്‍ അടക്കം പുതുമുഖങ്ങളെ ഉള്‍പ്പെടുത്തണമെന്നും 23ാം പാര്‍ട്ടി കോണ്‍ഗ്രസിലെ ചര്‍ച്ചകളില്‍ നിര്‍ദേശമുയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായാണ് കനയ്യകുമാര്‍ അടക്കമുള്ള യുവനേതാക്കളെയും പുതുമുഖങ്ങളെയും ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയത്. കേരളത്തില്‍ നിന്ന് മാത്രം അഞ്ച് പുതുമുഖങ്ങളാണ് കൗണ്‍ സിലില്‍ എത്തിയത്.