അമേരിക്കയിലെ ഗോള്‍ഡന്‍ സ്‌റ്റേറ്റ് കില്ലറെ കോടതിയില്‍ ഹാജരാക്കി

Posted on: April 28, 2018 9:50 am | Last updated: April 28, 2018 at 3:20 pm

കാലിഫോര്‍ണിയ: അമേരിക്കയില്‍ നിരവധി കൊലപാതകങ്ങളും ബലാത്സംഗങ്ങളും നടത്തിയ കൊടും ക്രിമിനലായ ഗോള്‍ഡന്‍ സ്‌റ്റേറ്റ് കില്ലര്‍ എന്നറിയപ്പെടുന്ന ജോസഫ് ജെയിംസ് ഡിഅഞ്ചലോ(72)യെ കാലിഫോര്‍ണിയയിലെ സാക്രമെന്റോ കോടതിയില്‍ ഹാജരാക്കി. 1976നും 1986നും ഇടക്ക് 11 കൊലപാതകങ്ങളും 51 ബലാത്സംഗങ്ങളുമാണ് ഇയാള്‍ ചെയ്തുകൂട്ടിയത്. 1978ല്‍ നടന്ന രണ്ട് കൊലപാതക കേസുകളിലാണ് ഇപ്പോള്‍ ജോസഫിനെ ആദ്യമായി കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്.

ചക്രകസേരിയില്‍ കൈയാമം വെച്ചാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. 40 വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ ചൊവ്വാഴ്ചയാണ് സാക്രമെന്റോയിലെ സിട്രസ് ഹൈറ്റിലെ വസതിയില്‍വെച്ച് ഇയാള്‍ പിടിയിലായത്. കൊലപാതക സ്ഥലങ്ങളില്‍നിന്നും ശേഖരിച്ച ഡി എന്‍ എ യുമായി ബന്ധപ്പെടുത്തിയാണ് അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ജോസഫ് കൊലപ്പെടുത്തിയ തങ്ങളുടെ ബന്ധുക്കളുടെ ചിത്രങ്ങളുമായാണ് ചിലര്‍ കോടതിയിലെത്തിയത്. കേസ് അടുത്ത മാസം 14ലേക്ക് മാറ്റി.