വുഹാന്‍ ചരിത്രമായി; സിയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി

Posted on: April 28, 2018 6:14 am | Last updated: April 27, 2018 at 11:38 pm
ചൈനയിലെ വുഹാനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗും ചര്‍ച്ച നടത്തുന്നു

ബീജിംഗ്/ ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗും വുഹാനില്‍ തുറന്ന ചര്‍ച്ച നടത്തി. 1962ലെ യുദ്ധത്തെ തുടര്‍ന്ന് ബന്ധത്തിലുണ്ടായ വിള്ളലുകള്‍ പൂര്‍ണമായും പരിഹരിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. അനൗപചാരിക ഉച്ചകോടിയുടെ ആദ്യ റൗണ്ടിന്റെ അവസാനം സിയെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു. അടുത്ത വര്‍ഷം അനൗപചാരിക ഉച്ചകോടിക്കായി സിയെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയാണെന്ന് മോദി പറഞ്ഞു. 1600 വര്‍ഷമായി ലോക സമ്പദ്‌വ്യവസ്ഥയുടെ 50 ശതമാനം ഇന്ത്യയും ചൈനയുമായാണ് പങ്കിടുന്നതെന്ന് മോദി ചൂണ്ടിക്കാട്ടി.

ശക്തമായ അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ല. ആഗോള വളര്‍ച്ചയുടെ പ്രധാന എന്‍ജിനുകളാണ് ഇന്ത്യയും ചൈനയുമെന്നും ബഹുസ്വരവും ആഗോളവത്കൃതവുമായ ലോകത്തിന്റെ പ്രധാന സ്തംഭങ്ങളാണെന്നും സി പറഞ്ഞു.

ഏഷ്യയും വളര്‍ന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളും നേതൃപരമായ പങ്ക് വഹിക്കുന്ന ആഗോളവത്കരണത്തിലെ പുതു തരംഗത്തിന്റെ ഇരട്ട എന്‍ജിനുകളാകാനാണ് ഇരു രാജ്യങ്ങളും തയ്യാറെടുക്കുന്നതെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ഭൗമ- സാമ്പത്തിക അവസരങ്ങള്‍ തേടുന്നതാണ് വുഹാന്‍ ചര്‍ച്ചയുടെ കേന്ദ്രമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

അതിനിടെ, വുഹാന്‍ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ ചോദ്യശരങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ദോക്‌ലാം പ്രതിസന്ധി പരാമര്‍ശവിധേയമാകാത്തതാണ് കോണ്‍ഗ്രസിന്റെ പ്രധാന ചോദ്യം.