കോണ്‍ഗ്രസ് സമൂഹത്തെ വിഭജിച്ച് രസിക്കുന്നു: നരേന്ദ്ര മോദി

Posted on: April 26, 2018 1:29 pm | Last updated: April 27, 2018 at 9:16 am

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സംസ്‌കാരം മുഖ്യധാരയില്‍നിന്ന് ഇല്ലാതാക്കുന്നത് വരെ രാജ്യത്ത് രാഷ്ട്രീയ ശുദ്ധീകരണം സാധ്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശ ഏജന്‍സികളെ വാടകക്കെടുത്ത് കള്ളം പ്രചരിപ്പിക്കുകയും ജാതിയുടെ പേരില്‍ സമൂഹത്തെ വിഭജിക്കുകയുമാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും മോദി പറഞ്ഞു. കര്‍ണാടക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുമായും നേതാക്കളുമായും നരേന്ദ്ര മോദി ആപ്പിലൂടെ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

ചില സമുദായങ്ങളുടെ വികാരം തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ചൂഷണം ചെയ്യുകയെന്നത് കോണ്‍ഗ്രസിന്റെ രീതിയാണ്. സമൂഹത്തെ വിഭജിച്ച് രസിക്കുകയാണിവര്‍. കോണ്‍ഗ്രസിന്റെ കപട പ്രചാരണങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വീഴരുതെന്നും മോദി ഉപദേശിച്ചു. വികസനത്തെക്കുറിച്ച് സംസാരിക്കാന്‍ ഇതര പാര്‍ട്ടികള്‍ മടിക്കുമ്പോള്‍ വികസന മാത്യകകള്‍ ചൂണ്ടിക്കാട്ടിയാണ് ബി ജെ പി തിരഞ്ഞെടുപ്പുകളെ സമീപിക്കുന്നതെന്നും മോദി തുടര്‍ന്ന് പറഞ്ഞു.