Connect with us

National

കത്വയില്‍ തെറ്റായ പ്രചാരണം: പ്രതിഭാഗം അഭിഭാഷകനെതിരെ ക്രൈം ബ്രാഞ്ച് കോടതിയിലേക്ക്

Published

|

Last Updated

ജമ്മു: കത്വ സംഭവത്തില്‍ പ്രതിഭാഗം അഭിഭാഷകന്‍ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ജമ്മു കശ്മീര്‍ ക്രൈം ബ്രാഞ്ച് കോടതിയിലേക്ക്. അന്തരീക്ഷം കലുഷിതമാക്കാനും അന്വേഷണ ഉദ്യോഗസ്ഥരെ അപകീര്‍ത്തിപ്പെടുത്താനും പ്രതിഭാഗം അഭിഭാഷകന്‍ മനഃപൂര്‍വം കള്ളക്കഥകള്‍ മെനയുകയാണ്. കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്നതില്‍ പ്രധാന പ്രതിയായ വിശാല്‍ ശര്‍മക്കെതിരെ മൊഴി നല്‍കിയ സാക്ഷിയുടേതെന്ന തരത്തില്‍ ഈ അഭിഭാഷകന്‍ ഒരു വീഡിയോ പുറത്ത് വിട്ടിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും മൊഴിയെടുത്തുവെന്നാണ് സി ഡി യില്‍ പറയുന്നത്. ഈ സി ഡി കൂടി ഹാജരാക്കിയാകും ക്രൈം ബ്രാഞ്ച് പ്രാദേശിക കോടതിയെ സമീപിക്കുക. രാജ്യത്തെയാകെ ഞെട്ടിച്ച കുറ്റകൃത്യം ആസൂത്രണം ചെയ്ത സഞ്ജി റാമിന്റെ മകനാണ് വിശാല്‍ ശര്‍മ.

മജിസ്‌ട്രേറ്റിന് മുന്നില്‍ സാക്ഷി തന്റെ മൊഴി മാറ്റി പറയുന്ന തരത്തിലാണ് സി ഡി തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ഈ ദൃശ്യം കോടതിക്ക് പുറത്ത് ചിത്രീകരിച്ചതാണെന്ന് പ്രഥമികാന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. സാക്ഷികളെ പിന്തിരിപ്പിക്കാനും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കാനും ബോധപൂര്‍വം ശ്രമിക്കുകയാണ് അഭിഭാഷകനെന്ന് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ വ്യക്തമാക്കി.