പി എസ് സി പരീക്ഷക്ക് ഇനി മുതല്‍ കണ്‍ഫര്‍മേഷന്‍ സംവിധാനം

Posted on: April 25, 2018 6:14 am | Last updated: April 24, 2018 at 11:50 pm

തിരുവനന്തപുരം: പി എസ് സി പരീക്ഷകള്‍ക്ക് കണ്‍ഫര്‍മേഷന്‍ നല്‍കിയാല്‍ മാത്രം ഹാള്‍ ടിക്കറ്റ് നല്‍കുന്ന സംവിധാനം നടപ്പിലാകുന്നു. അടുത്ത മാസം 26ന് നടക്കുന്ന സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷക്ക് ഈ പരിഷ്‌കാരം ആദ്യമായി നടപ്പാക്കുമെന്ന് പി എസ് സി ചെയര്‍മാന്‍ എം കെ സക്കീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരീക്ഷയില്‍ പങ്കെടുക്കുമെന്നതിന് ഓണ്‍ലൈന്‍ ആയി അപേക്ഷകര്‍ കണ്‍ഫര്‍മേഷന്‍ നല്‍കണം. ആഗസ്റ്റ് 15 മുതലുള്ള എല്ലാ പരീക്ഷകളും ഈ രീതിയിലാകുമെന്ന് പി എസ് സി ചെയര്‍മാന്‍ അറിയിച്ചു. കണ്‍ഫര്‍മേഷന്‍ നല്‍കുന്നവര്‍ക്ക് പരീക്ഷക്ക് 20 ദിവസം മുമ്പ് പി എസ് സി തന്നെ ഹാള്‍ ടിക്കറ്റ് അനുവദിക്കും. ഇത് ഉദ്യോഗാര്‍ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷക്ക് ഏകീകൃത ഡൗണ്‍ലോഡിംഗ് സിസ്റ്റം നടപ്പാക്കുന്നതിനായി ഇതിനകം ഹാള്‍ടിക്കറ്റ് ജനറേറ്റ് ചെയ്ത 2.32 ലക്ഷം ഉദ്യോഗാര്‍ഥികള്‍ക്ക് പി എസ് സി പുതിയ ഹാള്‍ടിക്കറ്റ് നല്‍കുമെന്ന് ചെയര്‍മാന്‍ എം കെ സക്കീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഏപ്രില്‍ 23 വരെ ജനറേറ്റ് ചെയ്ത ഹാള്‍ടിക്കറ്റുകള്‍ റദ്ദാകും. 23 വരെ ഹാള്‍ടിക്കറ്റ് ജനറേറ്റ് ചെയ്തവരെ കണ്‍ഫര്‍മേഷന്‍ നല്‍കിയവരായി കണക്കാക്കി ഇവര്‍ക്ക് മെയ് ഏഴ് മുതല്‍ പരീക്ഷാതീയതി വരെ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. ഇവര്‍ക്ക് പുതിയ ഹാള്‍ടിക്കറ്റിലെ നിര്‍ദേശങ്ങളാകും ബാധകം. ഹാള്‍ടിക്കറ്റ് ഇതുവരെയും ജനറേറ്റ് ചെയ്തിട്ടില്ലാത്തവര്‍ കണ്‍ഫര്‍മേഷന്‍ നല്‍കേണ്ട അവസാന തീയതിയായ മെയ് ആറിന് മുമ്പ് പ്രൊഫൈലിലെ ജനറേറ്റ് ബട്ടന്‍ ക്ലിക്ക് ചെയ്യേണ്ടതാണ്.