പരിസ്ഥിതി സുസ്ഥിരതക്ക് ഐക്യരാഷ്ട്രസഭ- യു എ ഇ സംയുക്ത ബോധവത്കരണം

പരിസ്ഥിതി സുസ്ഥിരതക്ക് നൂതന സംഭാവന നല്‍കുന്നവര്‍ക്ക് ഗ്രീന്‍ കാര്‍പറ്റ് പുരസ്‌കാരം
Posted on: April 23, 2018 7:14 pm | Last updated: April 23, 2018 at 7:14 pm
‘സസ്റ്റൈനബിള്‍ കമ്മ്യൂണിറ്റീസ് ആന്‍ഡ് ക്ലൈമറ്റ് ചെയ്ഞ്ച് സമ്മിറ്റ്’ല്‍ യു എ ഇ കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രി ഡോ. താനി അഹ്മദ് അല്‍ സിയൂദി സംസാരിക്കുന്നു

ദുബൈ: പരിസ്ഥിതി സുസ്ഥിരതക്കായി യു എ ഇയും ഐക്യരാഷ്ട്രസഭയും കൈകോര്‍ക്കുന്നു.
ഇരു കൂട്ടരുടെയും സംയുക്ത പങ്കാളിത്തത്തോടെ പൊതു, സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, പൊതുസമൂഹം തുടങ്ങിയവര്‍ക്ക് പരിസ്ഥിതി സുസ്ഥിരതയുടെയും പ്രകൃതി സംരക്ഷണത്തിന്റെയും ആവശ്യം സംബന്ധിച്ചുള്ള അവബോധം പകര്‍ന്നു നല്‍കുകയാണ് ലക്ഷ്യം.

ദുബൈയില്‍ ‘സസ്റ്റൈനബിള്‍ കമ്മ്യൂണിറ്റീസ് ആന്‍ഡ് ക്ലൈമറ്റ് ചെയ്ഞ്ച് സമ്മിറ്റ്’ല്‍ യു എ ഇ കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രി ഡോ. താനി അഹ്മദ് അല്‍ സിയൂദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടൊപ്പം പരിസ്ഥിതി സുസ്ഥിരതക്കായി നൂതന സംഭാവനകള്‍ നല്‍കുന്നവര്‍ക്ക് ഗ്രീന്‍ കാര്‍പറ്റ് പുരസ്‌കാരം നല്‍കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. അവാര്‍ഡിന്റെ വിശദവിവരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.

ലോക ഭൗമദിനാചരണത്തോടനുബന്ധിച്ച് ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലാണ് സമ്മേളനം.

ലോകം അഭിമുഖീകരിക്കുന്ന പരിസ്ഥിതി വെല്ലുവിളികളെ, കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടിയുടെയും ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യത്തോടുമൊപ്പം നിന്നുകൊണ്ട് യു എ ഇ അചഞ്ചലമായി നേരിടുമെന്ന് മന്ത്രി വ്യക്തമാക്കി.

സമ്മേളനത്തില്‍ മാലി ദ്വീപ് പരിസ്ഥിതി-ഊര്‍ജ മന്ത്രി ത്വാരിഖ് ഇബ്‌റാഹീം, വിവിധ ഗവണ്‍മെന്റ് പ്രതിനിധികള്‍, ഐക്യരാഷ്ട്രസഭയുടെ വിവിധ ഘടകങ്ങളിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.