Connect with us

Kerala

കേരളത്തില്‍ ഇന്ധന വില റെക്കോര്‍ഡ് നിരക്കില്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില റെക്കോര്‍ഡ് നിരക്കില്‍. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.47 രൂപയും ഡീസലിന് 71.33 രൂപയുമായി. 2013ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. എല്ലാ ജില്ലകളിലും ഇതേരീതിയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ പെട്രോളിനും ഡീസലിനും ഏറ്റവും ഉയര്‍ന്ന നിരക്കും കേരളത്തിലാണ്. ഒരു മാസം കൊണ്ട് പെട്രോളിന് 2.32 രൂപയും ഡീസലിന് 3.07 രൂപയുമാണ് വര്‍ധിച്ചത്.

സാധാരണക്കാരന്റെ കുടുംബ ബജറ്റിന്റെ താളം തെറ്റിച്ച് ഇന്ധനവില കുതിച്ചുയരുന്നത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് ഇടയാക്കും. സ്വന്തമായി വാഹനം ഉള്ളവരുടെ യാത്രാചെലവ് ദിനംപ്രതി വര്‍ധിക്കുകയാണ്. പെട്രോള്‍ വില കുതിച്ചുയരുന്നത് ഇരുചക്രവാഹനമുള്ളവരെയാണ് ഏറ്റവും അധികം ബാധിക്കുന്നത്. നിരത്തില്‍ ഏറ്റവുമധികം ഉള്ളതും ഇരുചക്രവാഹനങ്ങളാണ്. ഇന്ധനവില വര്‍ധനവ് ഏറ്റവും തിരിച്ചടിയായിരിക്കുന്നത് സ്വന്തം സംരംഭങ്ങളുമായി സേവനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാധാരണക്കാരെയാണ്.

മത്സ്യവില്‍പനക്കാര്‍ ഉള്‍പ്പെടെയുള്ള സ്‌കൂട്ടറിനേയും ബൈക്കിനേയും ആശ്രയിക്കുന്ന സാധാരണക്കാര്‍ക്ക് അക്ഷരാര്‍ഥത്തില്‍ ഇത് കനത്ത പ്രഹരമാണ്. കാര്‍ വാങ്ങുന്നവരില്‍ പലരും ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് വണ്ടി പുറത്തേക്ക് എടുക്കുന്നത്. കടബാധ്യതയില്‍ നട്ടം തിരിയുന്ന കെ എസ് ആര്‍ ടി സിക്കും ഡീസല്‍ വില വര്‍ധനവ് ഇരട്ടി പ്രഹരമാണ്.സ്വകാര്യബസുകളുടെ കാര്യവും വ്യത്യസ്തമല്ല. രാജ്യത്തെ ചരക്കുഗതാഗതം പ്രധാനമായും ആശ്രയിക്കുന്ന ഡീസലിന് ഒരുമാസത്തിനിടെ വന്‍തോതില്‍ വില കൂടിയത് അവശ്യസാധനങ്ങള്‍ക്കുള്‍പ്പെടെ വിലവര്‍ധനക്ക് കാരണമാകും.