Connect with us

Sports

കിംഗ് ബാഴ്‌സ

Published

|

Last Updated

കിംഗ്‌സ് കപ്പുമായി ബാഴ്‌സലോണ നായകന്‍ ആന്ദ്രെ ഇനിയെസ്റ്റ

മാഡ്രിഡ്: സ്പാനിഷ് കോപ ഡെല്‍ റേ കിരീടം ബാഴ്‌സലോണക്ക്. ഫൈനലില്‍ സെവിയ്യയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു. കഴിഞ്ഞ ഒമ്പത് മത്സരങ്ങളിലും ബാഴ്‌സലോണക്ക് മുന്നില്‍ തലകുനിക്കാനായിരുന്നു സെവിയ്യയുടെ വിധി. ഉറുഗ്വെന്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസ് ഇരട്ട ഗോളുകള്‍ (14,40) നേടിയപ്പോള്‍ ലയണല്‍ മെസി (31), ആന്ദ്രെ ഇനിയെസ്റ്റ(52), ഫിലിപ് കുട്ടീഞ്ഞോ (69 പെനാല്‍റ്റി)എന്നിവരും സെവിയ്യയുടെ വല നിറച്ചു.

ബാഴ്‌സലോണ പരിശീലകനായതിന് ശേഷം ഏണസ്റ്റോ വെല്‍വെര്‍ഡെ നേടുന്ന ആദ്യ കിരീടമാണിത്.

യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എ എസ് റോമയോടേറ്റ പരാജയത്തില്‍ നിന്ന് മുക്തി നേടിയെന്ന് തെളിയിക്കുന്നതായിരുന്നു സെവിയ്യക്കെതിരെ കാറ്റലന്‍സിന്റെ പ്രകടനം. ആറ് വാര അകലെ നിന്ന് സുവാരസ് നേടിയ ആദ്യ ഗോള്‍ ഒരു തുടക്കമായിരുന്നു. ജോര്‍ഡി അലാബയുടെ ബാക് ഹീല്‍ പാസില്‍ മെസി രണ്ടാം ഗോള്‍ നേടുന്നതിന് തൊട്ട് മുമ്പ് ഇനിയെസ്റ്റയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചിരുന്നു. ബാഴ്‌സക്കായി സീസണില്‍ മെസി നാല്‍പതാം ഗോള്‍ പൂര്‍ത്തിയാക്കി.

മൂന്നാം ഗോള്‍ സുവാരസ് നേടിയത് മെസിയുടെ പാസില്‍ നിന്നായിരുന്നു. ആദ്യ പകുതിയില്‍ തന്നെ കാല്‍ഡസന്‍ ഗോളുകള്‍ക്ക് ബാഴ്‌സ മുന്നില്‍.

ബാഴ്‌സ ക്യാപ്റ്റന്‍ ആന്ദ്രെ ഇനിയെസ്റ്റ നേടിയ നാലാം ഗോള്‍ രസകരമായ കാഴ്ചയായിരുന്നു. സെവിയ്യ ഗോളി ഡേവിഡ് സോറിയയെ വട്ടം കറക്കിയശേഷമായിരുന്നു ഇനിയെസ്റ്റയുടെ ഫിനിഷിംഗ്.

അഞ്ചാം ഗോള്‍ പെനാല്‍റ്റിയിലൂടെ. സെവിയ്യ ഡിഫന്‍ഡര്‍ ക്ലെമെന്റ് ലെന്‍ഗെല്‍റ്റ് പന്ത് കൈകൊണ്ട് തൊട്ടതിനായിരുന്നു പെനാല്‍റ്റി. കിക്കെടുത്ത കുട്ടീഞ്ഞോ ലക്ഷ്യം കണ്ടു.

ബാഴ്‌സയുടെ മുപ്പതാം സ്പാനിഷ് കോപ ഡെല്‍ റേ കപ്പ് ജയമാണിത്. ഞായറാഴ്ച അത്‌ലറ്റിക്കോ മാഡ്രിഡ് റയല്‍ ബെറ്റിസിനോട് പരാജയപ്പെട്ടാല്‍ ബാഴ്‌സലോണ സ്പാനിഷ് ലാ ലിഗ കിരീടം സ്വന്തമാക്കും. സീസണില്‍ രണ്ട് കിരീടങ്ങള്‍ ബാഴ്‌സയുടെ ഷോകേസിലെത്തും.

ഇനിയെസ്റ്റ ബാഴ്‌സ വിടുന്നു

ബാഴ്‌സലോണ ക്ലബ്ബിനൊപ്പം ആന്ദ്രെ ഇനിയെസ്റ്റ ഇനിയെത്ര കാലം ? ഒരാഴ്ചക്കുള്ളില്‍ തന്റെ കരിയറിലെ ഭാവി കാര്യങ്ങള്‍ വ്യക്തമാക്കാമെന്ന് ആന്ദ്രെ ഇനിയെസ്റ്റ അറിയിച്ചിരിക്കുന്നു.

ഒക്ടോബറില്‍ ബാഴ്‌സയുമായി ആജീവനാന്ത കരാര്‍ ഒപ്പുവെച്ച ഇനിയെസ്റ്റക്ക് ഇഷ്ടമുള്ളപ്പോള്‍ ക്ലബ്ബ് വിടാന്‍ അനുമതിയുണ്ട്.
ഇനിയെസ്റ്റക്ക് വന്‍ ഓഫറുമായി ചൈനീസ് ക്ലബ്ബ് രംഗത്തുണ്ട്. ഇത് പരിഗണിക്കുകയാണെങ്കില്‍ ഇനിയെസ്റ്റ ബാഴ്‌സയോട് വിട പറയും. ഇതിന്റെ സൂചനകള്‍ ലഭിച്ചത് പോലെയായിരുന്നു സ്പാനിഷ് കോപ ഡെല്‍ റേ ഫൈനലിന് ശേഷം ബാഴ്‌സ-സെവിയ്യ കാണികള്‍ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് ഇനിയെസ്റ്റക്കായി കൈയ്യടിച്ചത്.

ബാഴ്‌സക്കായി 670 മത്സരങ്ങള്‍ കളിച്ച ഇനിയെസ്റ്റ 31 ട്രോഫികളും സ്വന്തമാക്കി. എട്ട് ലാ ലിഗ കിരീടങ്ങള്‍, നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ ഉള്‍പ്പെടുന്നു ഇതില്‍. ഒമ്പതാം സ്പാനിഷ് ലാ ലിഗ കിരീടത്തിനരികിലാണ് ഇനിയെസ്റ്റ.
സെവിയ്യക്കെതിരെ കളിച്ചത് ബാഴ്‌സ കുപ്പായത്തിലെ അവസാന ഫൈനലായിരുന്നോ എന്ന ചോദ്യം ഇനിയെസ്റ്റയെ അസ്വസ്ഥനാക്കി. ഏറെ വൈകാരികമായ ദിവസമായിരുന്നു ഇത്. കൂടുതലൊന്നും ഇപ്പോള്‍ പറയുന്നില്ലെന്ന് താരം.
സ്‌പെയ്‌നിന് വേണ്ടി 125 മത്സരങ്ങള്‍ കളിച്ചു. രണ്ട് തവണ യൂറോ കപ്പും 2010 ലോകകപ്പും നേടീയ സ്പാനിഷ് ടീമംഗമായിരുന്നു.

 

---- facebook comment plugin here -----

Latest