ഗെയില്‍ വീണ്ടും തിളങ്ങി; ഈഡനില്‍ പഞ്ചാബ്

Posted on: April 22, 2018 11:44 am | Last updated: April 22, 2018 at 11:44 am

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡനില്‍ വെടിക്കെട്ട് ബാറ്റിംഗ് പെയ്തിറങ്ങിയപ്പോള്‍ ഐപിഎല്ലില്‍ മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌െൈറെഡേഴ്‌സിനെതിരേ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് തകര്‍പ്പന്‍ ജയം. 192 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിനായി ക്രിസ് ഗെയ്‌ലും (62*) ലോകേഷ് രാഹു (60)ലും ആടിത്തിമിര്‍ത്തപ്പോള്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 11 പന്ത് ബാക്കിനില്‍ക്കേ ഒമ്പത് വിക്കറ്റിന്റെ ആനായാസ വിജയം. വിജയം പൂര്‍ത്തിയാക്കുമ്പോള്‍ രണ്ട് റണ്‍സുമായി മായങ്ക് അഗര്‍വാളായിരുന്നു ഗെയ്‌ലിനൊപ്പം ക്രീസില്‍.
സീസണിലെ നാലാം വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും ആര്‍ അശ്വിന്‍ നയിക്കുന്ന പഞ്ചാബിന് കഴിഞ്ഞു. ഗെയ്ല്‍, രാഹുല്‍ വെടിക്കെട്ട് ബാറ്റിങിനു പിന്നാലെ ഈഡന്‍ ഗാര്‍ഡനില്‍ മഴയെത്തുകയായിരുന്നു. കൊല്‍ക്കത്ത നല്‍കിയ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് ഗെയ്‌ലും രാഹുലും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ടിലൂടെ മിന്നല്‍ തുടക്കം നല്‍കുകയായിരുന്നു.

ഇതിനിടെയാണ് മല്‍സരത്തിന് രസക്കൊല്ലിയായി 8.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ പഞ്ചാബ് 96 റണ്‍സിലെത്തി നില്‍ക്കേ മഴയെത്തിയത്. തുടര്‍ന്ന് ഒരു മണിക്കൂറോളം കളി വൈകി. പിന്നീട് 13 ഓവറില്‍ പഞ്ചാബിന്റെ ലക്ഷ്യം 125 റണ്‍സാക്കി പുനര്‍നിശ്ചയിച്ചു. വിജയത്തിന് ഒമ്പത് റണ്‍സ് അകലെ നില്‍ക്കെയാണ് പഞ്ചാബിന് രാഹുലിന്റെ വിക്കറ്റ് നഷ്ടമായത്. പക്ഷേ, അപ്പോഴേക്കും കൊല്‍ക്കത്തക്കെതിരെ പഞ്ചാബ് വിജയം ഉറപ്പാക്കിയിരുന്നു.
പുറത്താവാതെ 38 പന്തില്‍ ആറ് സിക്‌സറും അഞ്ച് ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് ഗെയ്‌ലിന്റെ ഇന്നിംഗ്‌സ്. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലാണ് ഗെയ്ല്‍ പഞ്ചാബിന്റെ മാന്‍ ഓഫ് ദ മാച്ചാകുന്നത്.
27 പന്തില്‍ ഒമ്പത് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് രാഹുലിന്റെ ഇന്നിംഗ്‌സ്.
രാഹുലിനെ സുനില്‍ നരെയ്‌ന്റെ ബൗളിംഗില്‍ ടോം കൈയിലൊതുക്കുകയായിരുന്നു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഓപണര്‍ ക്രിസ് ലിന്നിന്റെയും (74) ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തികിന്റെയും (43) മികവിലാണ് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 191 റണ്‍സ്് അടിച്ചെടുത്തത്. ടീം സ്‌കോര്‍ ബോര്‍ഡ് ആറില്‍ നില്‍ക്കെ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവയ്ക്കാറുള്ള സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നെ കൊല്‍ക്കത്തയ്ക്ക് നഷ്ടമായിരുന്നു.
ഒരു റണ്‍സ് മാത്രമെടുത്ത നരെയ്‌നെ മുജീബ് റഹ്മാന്റെ ബൗളിങില്‍ കരുണ്‍ നായര്‍ പിടികൂടുകയായിരുന്നു. പക്ഷേ, രണ്ടാം വിക്കറ്റില്‍ ലിന്നിനൊപ്പം ഉത്തപ്പ ചേര്‍ന്നതോടെ കൊല്‍ക്കത്തന്‍ സ്‌കോറിംഗ് ഉയര്‍ന്നു. 72 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതിനു ശേഷമാണ് പഞ്ചാബ് ഈ സഖ്യത്തെ പിരിക്കാനായത്. അശ്വിന്റെ ബൗളിങില്‍ കരുണാണ് ഉത്തപ്പയെയും മടക്കിയത്. തൊട്ടുപിന്നാലെ നിതിഷ് റാണെയും (3) റണ്ണൗട്ടായി കളംവിട്ടു.

എന്നാല്‍, നാലാം വിക്കറ്റില്‍ ലിന്നിനൊപ്പം കാര്‍ത്തിക് ഒത്തുചേര്‍ന്നതോടെ കൊല്‍ക്കത്തന്‍ സ്‌കോര്‍ ബോര്‍ഡിന് വീണ്ടും വേഗത കൂടി. 62 റണ്‍സുമായി ഈ കൂട്ടുകെട്ട് മുന്നേറുന്നതിനിടെയാണ് ലിന്നിനെ കൊല്‍ക്കത്തയ്ക്ക് നഷ്ടമായത്. 41 പന്തില്‍ ആറ് ബൗണ്ടറിയും നാല് സിക്‌സറും അടിച്ച ലിന്നിനെ ആന്‍ഡ്രു ടൈയുടെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ ലോകേഷ് രാഹുല്‍ പിടികൂടുകയായിരുന്നു.
തുടര്‍ച്ചയായ രണ്ട് മല്‍സരങ്ങളില്‍ തിളങ്ങിയ ആന്ദ്രെ റസ്സലില്‍ നിന്ന് മികച്ചൊരു ഇന്നിങ്‌സ് പ്രതീക്ഷിച്ചെങ്കിലും 10 റണ്‍സെടുുക്കാനെ താരത്തിന് കഴിഞ്ഞുള്ളൂ.
ഏഴ് പന്തില്‍ രണ്ട് ബൗണ്ടറിയുമായി ക്രീസില്‍ നിലംഉറപ്പിക്കാന്‍ നോക്കിയ റസ്സലിനെ ബരീന്ദ്ര സ്രാനിന്റെ ബൗളിങില്‍ ബൗണ്ടറി ലൈനിനരികില്‍ നിന്ന് മറ്റൊരു മനോഹരമായ ക്യാച്ചിലൂടെ കരുണ്‍ ഡ്രസ്സിങ് റൂമിലേക്ക് മടക്കി അയക്കുകയായിരുന്നു. 28 പന്തില്‍ ആറ് ബൗണ്ടറിയുമായി അര്‍ധസെഞ്ച്വറിയിലേക്ക് അടുക്കുകയായിരുന്ന കാര്‍ത്തികിനെ സ്രാന്‍ ടൈയുടെ കൈകളിലെത്തിച്ചു.
സുബ്മാന്‍ പുറത്താവാതെ എട്ട് പന്തില്‍ നിന്ന് രണ്ട് ഫോറോടെ 14 റണ്‍സെടുത്തു. പഞ്ചാബിനായി സ്രാനും ടൈയും രണ്ടു വിക്കറ്റ് വീതവും റഹ്മാനും അശ്വിനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.