Connect with us

National

മായ കൊദ്‌നാനിയെ വെറുതെ വിട്ട വിധി വിധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതെന്ന് ഇരകള്‍; അപ്പീല്‍ നല്‍കും

Published

|

Last Updated

അഹമ്മദാബാദ്: ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട നരോദ പാട്യ കൂട്ടക്കൊല കേസില്‍ മുന്‍മന്ത്രി മായാ കൊദ്‌നാനിയെ ഹൈക്കോടതി സംശയത്തിന്റെ ആനുകൂല്യം നല്‍കി വെറുതെവിട്ടതിന് കാരണം കേസില്‍ അവരെ ഉള്‍പ്പെടുത്തുന്നതില്‍ വന്ന കാലതാമസമാണെന്ന് റിപ്പോര്‍ട്ട്. 2012ല്‍ എസ് ഐ ടി കോടതി 28 വര്‍ഷത്തെ തടവുശിക്ഷക്ക് വിധിച്ച കേസിലാണ് കുറ്റവിമുക്തയാക്കിയത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കേസിലെ തെളിവുകളില്‍ മാറ്റമോ പുതിയവ ഹാജരാക്കലോ ഉണ്ടായിട്ടില്ല. പ്രത്യേക കോടതി വിട്ടുകളഞ്ഞതും ആദ്യ അന്വേഷണ ഏജന്‍സി രേഖപ്പെടുത്തിയതുമായ സാക്ഷിമൊഴികളാണ് ഹൈക്കോടതി പരിഗണിച്ചത്. 2002ലെ വംശഹത്യക്ക് ശേഷം ആദ്യഘട്ടത്തില്‍ കൊദ്‌നാനിയുടെ പേര് കേസില്‍ പരാമര്‍ശിച്ചിരുന്നില്ല. 2008ലാണ് ഇവരെ ഉള്‍പ്പെടുത്തിയത്.

പ്രത്യേക അന്വേഷണ സംഘത്തെ സുപ്രീം കോടതി നിയമിച്ചതായിരുന്നു. തുടര്‍ന്നാണ് പ്രത്യേക കോടതി സംവിധാനിക്കുന്നത്. കൊദ്‌നാനിക്കെതിരെയുള്ള സാക്ഷി മൊഴികള്‍ രേഖപ്പെടുത്തുന്നതില്‍ ആറ് വര്‍ഷത്തെ കാലതാമസം വന്നതാണ് സംശയത്തിന്റെ ആനുകൂല്യം നല്‍കിയതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു. 2008ല്‍ എസ് ഐ ടിക്ക് മുമ്പാകെ മായക്കെതിരെ സാക്ഷി പറഞ്ഞ 11 പേരും 2002ല്‍ വംശഹത്യക്ക് ശേഷം നല്‍കിയ മൊഴികളില്‍ ഇവരുടെ പേര് പരാമര്‍ശിച്ചിരുന്നില്ല. സാക്ഷി മൊഴി നല്‍കിയ പോലീസ് ഉദ്യോഗസ്ഥരിലാരും സ്ഥലത്തുണ്ടായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം ബാബു ബജ്‌രംഗിക്കും മറ്റ് രണ്ട് പേര്‍ക്കുമെതിരെയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മൊഴി കോടതി വിശ്വാസത്തിലെടുത്തിരുന്നു. കൊദ്‌നാനി ജനക്കൂട്ടത്തെ ഇളക്കിവിടുകയും അവര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നുവെന്ന് 11 സാക്ഷികള്‍ പ്രത്യേക കോടതിയില്‍ പറഞ്ഞിരുന്നു. സാക്ഷി മൊഴി വിശ്വസിച്ചാണ് കലാപങ്ങളുടെ സൂത്രധാരയെന്ന് പ്രത്യേക കോടതി വിശേഷിപ്പിച്ചത്.
ഹൈക്കോടതി വിധി നിരവധി ചോദ്യങ്ങളുയര്‍ത്തുന്നതാണെന്ന് സാമൂഹിക പ്രവര്‍ത്തകനും പ്രത്യേക കോടതിയില്‍ ഇരകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകനുമായ ശംശാദ് പത്താന്‍ പറഞ്ഞു. സംസ്ഥാന പോലീസ് രേഖപ്പെടുത്തിയ മൊഴികളില്‍ പേര് പരാമര്‍ശിച്ചില്ലെന്ന് പറഞ്ഞുള്ള ഈ വിധി കൊദ്‌നാനിയെ രക്ഷപ്പെടുത്തലാണ്.

വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ഹൈക്കോടതിയില്‍ ഇരകള്‍ക്ക് വേണ്ടി ഹാജരായ മിഹിര്‍ ദേശായ് പറഞ്ഞു. മന്ത്രിക്കെതിരെ പോലീസ് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കുന്നതിലെന്താണ്? വംശഹത്യക്ക് ശേഷമാണ് കൊദ്‌നാനി മന്ത്രിയായത്. കുറ്റവിമുക്തയാക്കിയതില്‍ നിരാശനാണ്. സംസ്ഥാന ഏജന്‍സിയുടെ അന്വേഷണത്തില്‍ വിശ്വാസമില്ലാത്തതിനാല്‍ ഇരകള്‍ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം നിലവില്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു. 2002ലെ വംശഹത്യയുമായി ബന്ധപ്പെട്ട ഓരോ കേസിലും അക്രമം നടത്തിയവര്‍ മാത്രം ശിക്ഷിക്കപ്പെടുകയും രാഷ്ട്രീയ സൂത്രധാരരും ജനക്കൂട്ടത്തെ ഇളക്കിവിട്ടവരും കുറ്റവിമുക്തമാക്കപ്പെടുകയുമാണെന്നും പൗരാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ മുകുള്‍ സിന്‍ഹയുടെ ഭാര്യ നീര്‍ഝാരി സിന്‍ഹ ചൂണ്ടിക്കാട്ടുന്നു.

 

Latest