Connect with us

National

അവസാനം വരെ പൊരുതി; ഒടുവില്‍ യെച്ചൂരി നേടി

Published

|

Last Updated

ഹൈദരാബാദ്: അവസാനം വരെ പൊരുതിയാണ് തന്റെ നിലപാടിലേക്ക് പാര്‍ട്ടിയുടെ രാഷ്ട്രീയ നയത്തെ സീതാറാം യെച്ചൂരി എത്തിച്ചത്. പി ബിയിലും കേന്ദ്ര കമ്മിറ്റിയിലും നേരിട്ട തിരിച്ചടിക്ക് പാര്‍ട്ടി കോണ്‍ഗ്രസില്‍ മധുരപ്രതികാരം നല്‍കുകയായിരുന്നു യെച്ചൂരി. ഹൈദരബാദില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി വിമാനമിറങ്ങിയ യെച്ചൂരിക്കൊപ്പം മടങ്ങുമ്പോഴും ആ പദവി ഉണ്ടാകുമോയെന്ന് വരെ സംശയങ്ങളുയര്‍ന്നു. രാഷ്ട്രീയ പ്രമേയം അന്തിമമായി അംഗീകരിക്കുമ്പോള്‍ യെച്ചൂരി തന്നെയാണ് കരുത്തന്‍.

വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസില്‍ കാരാട്ട് പക്ഷത്തോട് ഏറ്റുമുട്ടിയാണ് യെച്ചൂരി ജനറല്‍സെക്രട്ടറി പദത്തിലെത്തുന്നത്. മൂന്ന് ടേം പൂര്‍ത്തിയായി കാരാട്ട് ഒഴിയുമ്പോള്‍ എസ് രാമചന്ദ്രന്‍പിള്ളയെ ജനറല്‍സെക്രട്ടറിയാക്കാനായിരുന്നു ആലോചന. കേരള ഘടകത്തിന്റെ പിന്തുണയോടെ കാരാട്ട് നടത്തിയ ഈ നീക്കത്തെ ബംഗാളിനെ കൂടെ നിര്‍ത്തിയാണ് യെച്ചൂരി നേരിട്ടത്. എസ് ആര്‍ പിക്ക് വേണ്ടി മാറി നില്‍ക്കണമെന്ന് നേതൃതലത്തിലുള്ള വലിയൊരു വിഭാഗം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടെങ്കിലും മത്സരത്തിന് ഇറങ്ങുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഒടുവില്‍ എസ് ആര്‍ പി പിന്മാറിയാണ് യെച്ചൂരിക്ക് വഴിയൊരുക്കിയത്.

യെച്ചൂരി ജനറല്‍സെക്രട്ടറിയായ നാള്‍ മുതല്‍ പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും രണ്ട് പക്ഷത്തായിരുന്നു. രാഷ്ട്രീയ പ്രമേയത്തെ ചൊല്ലിയുള്ള ഭിന്നതയോടെ ചേരിതിരിവ് രൂക്ഷമായി. പാര്‍ട്ടി കോണ്‍ഗ്രസിനുള്ള കരട് രാഷ്ട്രീയ രേഖ തയ്യാറാക്കുന്ന ഘട്ടത്തില്‍ തന്നെ ഇരുനേതാക്കളും രണ്ടുതട്ടിലായി.

ബി ജെ പിയും കോണ്‍ഗ്രസും വര്‍ഗശത്രുക്കളാണെന്നും അതിനാല്‍ രണ്ട് പാര്‍ട്ടികളെയും അകറ്റി നിര്‍ത്തണമെന്നുമായിരുന്നു കാരാട്ട് പക്ഷത്തിന്റെ നിലപാട്. പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ കേരളത്തിന്റെ പിന്തുണയോടെയായിരുന്നു ഈ നീക്കം. ബി ജെ പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതനിരപേക്ഷ കക്ഷികളുമായി ധാരണ വേണമെന്ന് യെച്ചൂരിയും വാദിച്ചു. കോണ്‍ഗ്രസുമായി സഖ്യം ആഗ്രഹിക്കുന്ന ബംഗാള്‍ ഘടകം ഇതിനെ പിന്തുണച്ചു.

രണ്ട് നിലപാടുകള്‍ രണ്ട് രേഖകളായി ആദ്യം പൊളിറ്റ് ബ്യൂറോക്ക് മുന്നിലെത്തി. രണ്ട് തവണ ചര്‍ച്ച ചെയ്‌തെങ്കിലും പിന്തുണ ലഭിച്ചത് കാരാട്ടിന്. പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കേണ്ടത് ഭൂരിപക്ഷ പിന്തുണയുള്ള രേഖയാണെന്ന് കാരാട്ട് പക്ഷം നിലപാടെടുത്തു. തര്‍ക്കം കേന്ദ്ര കമ്മിറ്റിയുടെ മുന്നിലെത്തി.

ഒക്ടോബറില്‍ ചേര്‍ന്ന സി സി യോഗം ഭൂരിപക്ഷ നിലപാടിനൊപ്പം സി സിയിലെ ചര്‍ച്ചകള്‍ കൂടി അടിസ്ഥാനമാക്കി ഒരു രേഖ തയാറാക്കാന്‍ നിര്‍ദേശിച്ചു. 31 പേരാണ് ആദ്യ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ യെച്ചൂരിയെ പിന്തുണച്ചത്. 32 പേരുടെ പിന്തുണ കാരാട്ടിനും. ഡിസംബറില്‍ വീണ്ടും പി ബി ചേര്‍ന്നെങ്കിലും ഇരുപക്ഷവും നിലപാടില്‍ ഉറച്ചുനിന്നു. സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള എന്നീ മുതിര്‍ന്ന നേതാക്കള്‍ ഒരുമിച്ചിരുന്ന് സമവായമുണ്ടാക്കണമെന്ന് പി ബി നിര്‍ദേശിച്ചു. ചര്‍ച്ച നടന്നതല്ലാതെ സമവായമുണ്ടായില്ല.

ഒടുവില്‍ കഴിഞ്ഞ ജനുവരിയില്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന സി സി യോഗം രണ്ടു രേഖകളും പരിഗണിച്ചു. യെച്ചൂരിയുടെ ബദല്‍ നിര്‍ദേശം വോട്ടിനിട്ട് തള്ളി. കാരാട്ട് തയ്യാറാക്കിയ രേഖ പാര്‍ട്ടി കോണ്‍ഗ്രസിനുള്ള ഔദ്യോഗിക കരട് രാഷ്ട്രീയ പ്രമേയമായി പ്രസിദ്ധീകരിച്ചു. അപ്പോഴും പാര്‍ട്ടി കോണ്‍ഗ്രസ് ആണ് അന്തിമതീരുമാനമെടുക്കേണ്ടതെന്നായിരുന്നു യെച്ചൂരിയുടെ നിലപാട്. യെച്ചൂരിയുടെ അഭിപ്രായം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാന്‍ സി സി അനുമതി നല്‍കുകയായിരുന്നു.