Connect with us

Kerala

ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റേണ്ടവരുടെ പട്ടിക തയ്യാറായി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിലെ കുറ്റവാളികളായ ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയുടെ ആദ്യഘട്ടമായി ക്രമസമാധാന പാലന ചുമതലയില്‍ നിന്ന് മാറ്റേണ്ടവരുടെ പട്ടിക തയ്യാറായി. ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പോലീസുകാരെ ഘട്ടംഘട്ടമായി ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കാന്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇത്തരം ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കിയത്.

പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങളുടെ ഗൗരവം പരിഗണിച്ചാണ് പ്രാഥമിക പട്ടിക തയാറാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ നടപടികള്‍ പോലീസ് ആസ്ഥാനത്ത് നടന്നുവരികയാണ്. അതേസമയം, ആഭ്യന്തര വകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം തിരിച്ചെത്തിയ ശേഷമേ ഇതുസംബന്ധിച്ച തുടര്‍നടപടികള്‍ സ്വീകരിക്കൂ. സര്‍ക്കാര്‍ നിലപാട് പരിഗണിച്ചായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. അതേസമയം, വകുപ്പുതല നടപടികളോടൊപ്പം തന്നെ മറ്റു നിയമ നടപടികളും തുടരും.
അടുത്തിടെ പൊതുജനങ്ങളോടുള്ള പോലീസിന്റെ മോശം പെരുമാറ്റം വിവാദമായതിന് പിന്നാലെ കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എത്രയും വേഗം നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി മോഹനദാസ് കഴിഞ്ഞയാഴ്ച സംസ്ഥാന പോലീസ് മേധാവിയോട് നിര്‍ദേശിച്ചിരുന്നു. 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഡി ജി പിക്കും ആഭ്യന്തര സെക്രട്ടറിക്കും ഇതുസംബന്ധിച്ച് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നത്.

നിലവില്‍ പത്ത് ഡി വൈ എസ് പിമാരും, എട്ട് സി ഐമാരും, എസ് ഐ, എ എസ് ഐ റാങ്കിലുള്ള 195 ഉദ്യോഗസ്ഥരും ഉള്‍പ്പെടെ സംസ്ഥാന പോലീസില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 1,129 ഉദ്യോഗസ്ഥരുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് വരെയുള്ള കണക്കാണിത്. തലസ്ഥാന ജില്ലയിലാണ് ഇതില്‍ 215 പേരുമെന്നത് ശ്രദ്ധേയമാണ്. തിരുവനന്തപുരത്ത് മാത്രം എസ് ഐ, എ എസ് ഐ റാങ്കിലുള്ള 27 പേരും സി ഐ റാങ്കിലുള്ള രണ്ട് പേരും ഡി വൈ എസ് പി, എ സി റാങ്കിലുള്ള മൂന്ന് പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. 125 കേസുകളുമായി എറണാകുളം ജില്ലയാണ് രണ്ടാം സ്ഥാനത്തുള്ളത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest