Connect with us

Gulf

പണമിടപാടിനെ ചൊല്ലി കൊല; 24 മണിക്കൂറിനുള്ളില്‍ പ്രതി അറസ്റ്റില്‍

Published

|

Last Updated

കൊല ചെയ്ത രീതിയുടെ ഗ്രാഫിക് ചിത്രീകരണം

ദുബൈ: സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയ യുവാവിനെ 24 മണിക്കൂറിനുള്ളില്‍ ദുബൈ പോലീസ് പിടികൂടി. അല്‍ ബറാഹയില്‍ താമസക്കാരിയായ യുവതിയുടെ ഫ്‌ളാറ്റില്‍ എത്തിയ 32 കാരനായ പ്രതി യുവതിയുമായി പണത്തെചൊല്ലി തര്‍ക്കത്തിലാകുകയും യുവതിയെ കൊന്ന ശേഷം പണമടങ്ങിയ പേഴ്‌സും മൊബൈല്‍ ഫോണും കവര്‍ന്ന് കടന്നു കളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മറ്റൊരു എമിറേറ്റില്‍ ഒളിച്ച പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥരെ ദുബൈ പോലീസ് ഉപ മേധാവിയും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ മേധാവിയുമായ മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പ്രകീര്‍ത്തിച്ചു.

പോലീസ് ആസ്ഥാനത്തെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ റൂമില്‍ ആഫ്രിക്കന്‍ വനിതയുടെ മരണത്തെക്കുറിച്ചു വിവരം ലഭിച്ചയുടനെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. യുവതി രാജ്യത്തേക്ക് സന്ദര്‍ശക വിസയിലാണ് എത്തിയത്.

കൊല നടത്തിയ ശേഷം പ്രതി മറ്റൊരു എമിറേറ്റിലേക്ക് ഒളിവില്‍ പോകുകയായിരുന്നു. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ക്രിമിനല്‍ ഡാറ്റ അനാലിസിസ് സെന്ററാണ് രാജ്യത്ത് താമസക്കാരനായ പ്രതിയെ തിരിച്ചറിഞ്ഞത്. പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ യുവതിയുമായുള്ള പണമിടപാടിലെ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നും യുവതിയുടെ സാധനങ്ങള്‍ കൊള്ളയടിച്ചിരുന്നുവെന്നും പ്രതി പോലീസിനോട് കുറ്റം സമ്മതിച്ചു. കൂടുതല്‍ നിയമനടപടികള്‍ക്കായി പ്രതിയെ പബ്ലിക് പ്രോസികൂഷ്യന് കൈമാറി.