പരമ്പരാഗത ചടങ്ങുകളോടെ തൃശൂര്‍ പൂരത്തിന് കൊടിയേറി

Posted on: April 20, 2018 6:22 am | Last updated: April 20, 2018 at 12:29 am
തൃശൂര്‍ പൂരത്തിന് തുടക്കം കുറിച്ച് തിരുവമ്പാടി ക്ഷേത്രത്തില്‍ നടന്ന കൊടിയേറ്റം

തൃശൂര്‍: ഭക്തിനിര്‍ഭരമായ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളോടെ തൃശൂര്‍ പൂരത്തിന് കൊടിയേറി. പൂരത്തിന്റെ പ്രധാന പങ്കാളികളായ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളില്‍ ഇന്നലെ കൊടിയേറ്റ ചടങ്ങുകള്‍ നടന്നു. ചെത്തിമിനുക്കി ആല്‍, മാവിലകളാലും പൂക്കളാലും അലങ്കരിച്ച കവുങ്ങിന്‍ കൊടിമരമാണ് ഇരു ക്ഷേത്രങ്ങളിലും ഉയര്‍ത്തിയത്. ഇതോടൊപ്പം ഘടകപൂര ക്ഷേത്രങ്ങളിലും കൊടിയേറ്റം നടന്നു.

തിരുവമ്പാടിയില്‍ രാവിലെ 11.30ന് ഭൂമിപൂജക്കു ശേഷമാണ് കൊടിമരത്തില്‍ കൊടിക്കൂറ കെട്ടിയത്. ഭൂമി പൂജകള്‍ക്കു ശേഷം മേല്‍ശാന്തി മൂത്തേടത്ത് സുകുമാരന്‍ നമ്പൂതിരി വിളക്കില്‍ ദീപം തെളിയിച്ചതോടെയാണ് തിരുവമ്പാടി ക്ഷേത്രത്തിലെ പൂരം കൊടിയേറ്റത്തിന് തുടക്കമായത്. പിന്നീട് ക്ഷേത്രത്തില്‍ പൂജിച്ച സപ്തവര്‍ണത്തിലുള്ള കൊടിക്കൂറയോടു കൂടിയ കൊടിമരം ദേശക്കാരും ക്ഷേത്രഭാരവാഹികളും ചേര്‍ന്ന് ഉയര്‍ത്തി. പൂജിച്ച കൊടി ഉയര്‍ത്താനുള്ള ഭൂമിപൂജ ആശാരിമാരാണ് നടത്തിയത്. താന്ത്രിക ചടങ്ങുകളുണ്ടായിരുന്നില്ല. പാരമ്പര്യ അവകാശികളില്‍പ്പെട്ട താഴത്തുപുരയ്ക്കല്‍ സുന്ദരന്‍ ആശാരിയാണ് കൊടിമരം തയാറാക്കിയത്. വൈകീട്ട് മൂന്നിന് എഴുന്നള്ളിപ്പോടെ പുറത്തേക്കുവന്ന് നായ്ക്കനാലിലും നടുവിലാലിലും പൂരക്കൊടികള്‍ ഉയര്‍ത്തി. തുടര്‍ന്ന് എഴുന്നള്ളിപ്പ് വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനം വഴി നടുവില്‍ മഠത്തിലെത്തി. വൈകീട്ട് നാലിന് പടിഞ്ഞാറെ ചിറയില്‍ ആറാട്ട് നടന്നു. വിവിധ കേന്ദ്രങ്ങളിലെ പറയെടുപ്പിനു ശേഷം തിരിച്ച് ക്ഷേത്രത്തിലേക്ക് എഴുന്നള്ളി.

സമാനമായ രീതിയില്‍ തന്നെയാണ് 12.15ന് പാറമേക്കാവ് ക്ഷേത്രത്തിലും കൊടിയേറ്റ ചടങ്ങുകള്‍ നടന്നത്. വലിയപാണിക്കു ശേഷം പുറത്തേക്കെഴുന്നള്ളിയ ഭഗവതിയെ സാക്ഷിയാക്കി ദേശക്കാര്‍ കൊടിയുയര്‍ത്തി. ചെമ്പില്‍ കുട്ടനാശാരിയാണ് കൊടിമരം ഒരുക്കിയത്. കൊടിയേറ്റത്തിനു ശേഷം ക്ഷേത്രത്തിലെ പാലമരത്തിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടി ഉയര്‍ത്തി. അഞ്ച് ആനകളും മേളവുമായി എഴുന്നള്ളിപ്പോടെ എത്തി മണികണ്ഠനാലിലും കൊടി ഉയര്‍ത്തി. വടക്കുന്നാഥ ക്ഷേത്രത്തിലെ കൊക്കര്‍ണിയില്‍ ആറാട്ടും നടത്തി. കൊടിയേറ്റ ചടങ്ങിനു ശേഷം പാറമേക്കാവ് ഭഗവതിയുടെ കോലമേന്തിയ ഗജവീരന്‍ പുറത്തേക്കെഴുന്നള്ളിയതോടെ ആറാട്ടെഴുന്നള്ളിപ്പിന് തുടക്കമായി.

കൊടിയേറ്റ ചടങ്ങുകളില്‍ പങ്കാളികളാകാനും വീക്ഷിക്കാനുമായി നിരവധി പൂരപ്രേമികളാണ് ഇരു ക്ഷേത്രങ്ങളിലേക്കുമെത്തിയത്. ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രം, കണിമംഗലം ശാസ്താ ക്ഷേത്രം, അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രം, ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രം, പനമുക്കുംപിള്ളി ശാസ്താ ക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി ക്ഷേത്രം, ചൂരക്കാട്ടുകര ഭഗവതി ക്ഷേത്രം, കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി ക്ഷേത്രം എന്നീ പൂരം ഘടക ക്ഷേത്രങ്ങളിലും കൊടിയേറി.