ദമസ്‌കസില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ഇസില്‍ തീവ്രവാദികള്‍ക്ക് അന്ത്യശാസനം

Posted on: April 20, 2018 6:15 am | Last updated: April 19, 2018 at 11:21 pm

മോസ്‌കോ: ദമസ്‌കസില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ഇസില്‍ ഭീകരവാദികള്‍ക്ക് സിറിയന്‍ സൈന്യം 48 മണിക്കൂര്‍ അനുവദിച്ചു. തെക്കന്‍ ദമസ്‌കസിലെ ചില മേഖലകള്‍ ഇപ്പോഴും ഇസില്‍ ഭീകരവാദികളുടെ നിയന്ത്രണത്തിന് കീഴിലാണ്. ഇവര്‍ക്കെതിരെ ദിവസങ്ങളായി സിറിയന്‍ സൈന്യം വ്യോമാക്രമണം ശക്തിപ്പെടുത്തിയിരുന്നു. ഫലസ്തീനികളുടെ യര്‍മൂക്ക് അഭയാര്‍ഥി ക്യാമ്പിന് സമീപവും അയല്‍പ്രദേശങ്ങളിലുമാണ് ഇപ്പോള്‍ സൈന്യം വ്യോമാക്രമണം ശക്തിപ്പെടുത്തിയിരിക്കുന്നത്. സൈനിക നടപടി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് 48 മണിക്കൂര്‍ സമയം അനുവദിച്ചതെന്ന് സിറിയന്‍ സൈന്യം അറിയിച്ചു. ഇവര്‍ പ്രദേശം വിട്ടുപോകാന്‍ വിസമ്മതിക്കുകയാണെങ്കില്‍ സൈനിക നടപടിക്ക് സൈന്യം സജ്ജമാണെന്ന് സിറിയ അറിയിച്ചു.

യുദ്ധം തുടങ്ങുന്നതിന് മുമ്പ് തന്നെ ഫലസ്തീനികളുടെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്ന പ്രദേശമാണ് യര്‍മൂക്. എന്നാല്‍ യുദ്ധം തുടങ്ങിയതോടെ ക്യാമ്പില്‍ നിന്ന് നിരവധി പേര്‍ സിറിയയുടെ മറ്റു പ്രദേശങ്ങളിലേക്ക് കുടിയേറിയതായി യു എന്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, പതിനായിരക്കണക്കിന് പേര്‍ ഇപ്പോഴും ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. ഏപ്രില്‍ 2015 മുതല്‍ ക്യാമ്പിന്റെ നിയന്ത്രണം ഇസിലിനായിരുന്നു. എന്നാല്‍ 2012ഓടെ നിയന്ത്രണം സിറിയന്‍ സൈന്യം ഏറ്റെടുക്കുകയായിരുന്നു.