Connect with us

National

മക്ക മസ്ജിദ് സ്‌ഫോടന കേസ് വിധി: നിര്‍ണായക തെളിവുകള്‍ മുക്കി

Published

|

Last Updated

ഹൈദരാബാദ്: ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ഹൈദരാബാദ് മക്ക മസ്ജിദ് സ്‌ഫോടന കേസ് അന്വേഷണത്തില്‍ നിര്‍ണായകമാകുമായിരുന്ന തെളിവുകള്‍ സി ബി ഐക്കോ എന്‍ ഐ എക്കോ കൈമാറിയിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് പോലീസ് വെളുത്ത ചെക് ഷര്‍ട്ടും കീറിയ ജീന്‍സും കണ്ടെത്തിയിരുന്നു. സ്‌ഫോടനം നടത്തിയവരെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപകാരപ്പെടുമായിരുന്ന ഈ തെളിവുകള്‍ പക്ഷേ, തുടര്‍ന്ന് കേസ് അന്വേഷണം ഏറ്റെടുത്ത സി ബി ഐക്കോ എന്‍ ഐ എക്കോ നല്‍കാന്‍ പോലീസ് തയ്യാറായില്ല.
പ്രതികള്‍ക്കെതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ അന്വേഷണ സംഘം പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്‍ എസ് എസ് പ്രവര്‍ത്തകരായ പ്രതികളെ തിങ്കളാഴ്ച എന്‍ ഐ എ കോടതി വെറുതെ വിട്ടത്.

വസ്ത്രങ്ങള്‍ കൂടാതെ, നീല റെക്‌സിന്‍ ബാഗും സംഭവ സ്ഥലത്ത് നിന്ന് പോലീസ് ശേഖരിച്ചിരുന്നു. ബാഗില്‍ സ്‌ഫോടക വസ്തുവായ എല്‍ ഇ ഡി ആയിരുന്നു. സി ബി ഐക്ക് കൈമാറിയ പോലീസിന്റെ കേസ് രേഖയില്‍ ഇവയുടെയെല്ലാം ഫോട്ടോ പകര്‍പ്പ് ഉണ്ടായിരുന്നു.

എന്നാല്‍, മൂന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ മാത്രമാണ് സി ബി ഐക്ക് കൈമാറിയത്. കേസ് എന്‍ ഐ എ ഏറ്റെടുത്തപ്പോള്‍ ഈ വസ്ത്രങ്ങള്‍ സംബന്ധിച്ച് സി ബി ഐയോട് അവര്‍ പലതവണ വിവരം തേടിയിരുന്നെങ്കിലും ലഭിച്ചില്ല. ഈ തെളിവുകള്‍ തങ്ങളുടെ കൈവശം ഇല്ലെന്നും ആന്ധ്ര പോലീസിന്റെയോ പോലീസ് ഫോറന്‍സിക് സയന്‍സ് ലാബിലോ ഉണ്ടാകാമെന്നായിരുന്നു സി ബി ഐയുടെ മറുപടി.

ഷര്‍ട്ടിന്റെയും ജീന്‍സിന്റെയും ചിത്രം കേസിലെ സാക്ഷിയായിരുന്ന ശിവം ധകദ് എന്നയാളെ സി ബി ഐ നേരത്തെ കാണിച്ച് വിവരം തേടിയിരുന്നു. ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലാത്ത പ്രതി രാമചന്ദ്ര സല്‍സംഗ്ര എന്നയാളെ ഈ വസ്ത്രങ്ങള്‍ ധരിച്ച് പലതവണ കണ്ടിട്ടുണ്ടെന്നായിരുന്നു സാക്ഷി മൊഴി. എന്നാല്‍, ഈ മൊഴി ഇയാള്‍ പിന്നീട് കോടതിയില്‍ തിരുത്തുകയും ചെയ്തു. ഇയാളെ പോലെ മറ്റ് സാക്ഷികളും മൊഴിമാറ്റിയതോടെയാണ് കേസില്‍ എന്‍ ഐ എയുടെ വാദം ദുര്‍ബലമായത്.

 

Latest