ലണ്ടനില്‍ പ്രതിഷേധം, പ്രചാരണം

Posted on: April 19, 2018 6:20 am | Last updated: April 19, 2018 at 12:25 am
ലണ്ടനില്‍ ബസവേശ്വര പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുന്ന നരന്ദ്ര മോദി

ലണ്ടന്‍: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായേക്കാവുന്ന ലിംഗായത്തുകളെ സ്വാധീനിക്കാന്‍ ലണ്ടനിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമം. ലണ്ടനിലെത്തിയ മോദി അവിടെയുള്ള ലിംഗായത്ത് ആചാര്യന്‍ ബസവേശ്വര പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. ലണ്ടനില്‍ തെംസ് നദീതീരത്ത് 2015ല്‍ മോദി തന്നെ അനാഛാദനം ചെയ്ത പ്രതിമയിലാണ് ആദരം.

ബ്രിട്ടനിലെ ദേശീയ ആരോഗ്യ സേവന വിഭാഗത്തില്‍ ഡോക്ടറായ നീരജ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള ബസവേശ്വര ഫൗണ്ടേഷനാണ് പ്രതിമ സ്ഥാപിച്ചത്. പ്രതിമയില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തിയതിനെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പുമായി കൂട്ടിക്കെട്ടേണ്ടതില്ലെന്ന് ഡോ. നീരജ് പാട്ടീല്‍ പ്രതികരിച്ചു.

അതിനിടെ, ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ട് ലണ്ടനില്‍ പലയിടത്തും മോദിക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറി.