മക്ക മസ്ജിദ് സ്‌ഫോടന കേസ് വിധി: ജഡ്ജിയുടെ രാജിയില്‍ അഭ്യൂഹം തുടരുന്നു

ഫോണ്‍ ഭീഷണി ഉണ്ടെന്ന് റെഡ്ഡി പറഞ്ഞതായി സഹപ്രവര്‍ത്തകര്‍
Posted on: April 19, 2018 6:06 am | Last updated: April 19, 2018 at 12:22 am
SHARE

ഹൈദരാബാദ്: മക്ക മസ്ജിദ് സ്‌ഫോടന കേസില്‍ വിധി പ്രസ്താവിച്ചതിന് പിന്നാലെ എന്‍ ഐ എ കോടതി ജഡ്ജി രാജിവെച്ച സംഭവത്തില്‍ നിയമവൃത്തങ്ങളില്‍ ആശയക്കുഴപ്പം തുടരുന്നു. മക്ക സ്‌ഫോടന കേസിലെ പ്രതികളായ ആര്‍ എസ് എസ് പ്രവര്‍ത്തകരെ വെറുതെ വിട്ട ഉത്തരവിന് പിന്നാലെയുള്ള ജസ്റ്റിസ് കെ രവീന്ദര്‍ റെഡ്ഡിയുടെ രാജിയിലാണ് അഭ്യൂഹങ്ങള്‍ തുടരുന്നത്. ഹൈദരാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രമേഷ് രംഗനാഥന് സമര്‍പ്പിച്ച രാജിക്കത്തിന്റെ ഉള്ളടക്കം ഇതുവരെ പുറത്തുവന്നിട്ടില്ല. വ്യക്തിപരമായ കാരണങ്ങള്‍ക്കൊപ്പം തെലങ്കാനക്ക് നീതി എന്ന കാര്യവും ചൂണ്ടിക്കാട്ടിയാണ് റെഡ്ഡിയുടെ രാജിയെന്ന് അദ്ദേഹവുമായി അടുപ്പമുള്ള വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍, അതിലൊന്നും ഒരുതരത്തിലുള്ള സ്ഥിരീകരണവും ഇല്ല.

ഹൈദരാബാദിലെ നാലാം മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ജഡ്ജിയായ റെഡ്ഡി രാജിക്കത്ത് സമര്‍പ്പിച്ചതിന് പിന്നാലെ 15 ദിവസത്തെ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഹൈദരാബാദ് നഗരത്തിന് പുറത്തുള്ള ഉപ്പലിലെ വസതിയില്‍ അദ്ദേഹം ഉണ്ടെങ്കിലും അദ്ദേഹവുമായി മാധ്യമങ്ങള്‍ക്ക് ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. അതിനിടെ, റെഡ്ഡിയുടെ സഹോദരന്‍ എന്ന് അവകാശപ്പെട്ട ഒരാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ജഡ്ജി എന്ന നിലയിലുള്ള പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ റെഡ്ഡി ഇപ്പോള്‍ സംസാരിക്കില്ലെന്നും രാജി അംഗീകരിച്ച ശേഷം ഇക്കാര്യത്തില്‍ പ്രതികരണമുണ്ടാകുമെന്നുമാണ് അയാള്‍ പറഞ്ഞത്. മക്ക മസ്ജിദ് കേസില്‍ വിധി പറഞ്ഞതിന് പിന്നാലെയുള്ള രാജി, ചില സമ്മര്‍ദങ്ങളുടെ ഫലമാണെന്നും തനിക്ക് പല കോണില്‍ നിന്ന് ഭീഷണി വിളികള്‍ വന്നിരുന്നുവെന്നും റെഡ്ഡി പറഞ്ഞതായി അദ്ദേഹത്തിന്റെ ചില സഹപ്രവര്‍ത്തകര്‍ വെളിപ്പെടുത്തി.

തേസമയം, കള്ളപ്രമാണം തയ്യാറാക്കിയ കേസില്‍ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതുമായി ബന്ധപ്പെട്ട് രവീന്ദര്‍ റെഡ്ഡിക്കെതിരെ ഉയര്‍ന്നുവന്ന അഴിമതി ആരോപണവും ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. ഹൈദരാബാദിലെ ഒരു വ്യാപാരി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ ആരോപണം ഉന്നയിച്ചിട്ടുള്ളത്.

റെഡ്ഡിയുടെ രാജിയും മക്ക മസ്ജിദ് വിധിയും തമ്മില്‍ ബന്ധിപ്പിക്കേണ്ടതില്ലെന്ന് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ടി ശ്രീ രംഗ റാവു പ്രതികരിച്ചു. വ്യാപാരി സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ തനിക്കെതിരെ സി ബി ഐ അന്വേഷണം ഉണ്ടാകുമെന്ന ഭയമാകാം റെഡ്ഡിയുടെ രാജിക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, റെഡ്ഡി നിയമ കാര്യങ്ങളില്‍ കണിശക്കാരനാണെന്നും അദ്ദേഹം ബോധപൂര്‍വം അഴിമതിക്ക് വശംവദനാകില്ലെന്നും മറ്റൊരു അഭിഭാഷകന്‍ പ്രതികരിച്ചു. സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ രണ്ട് മാസം മാത്രം ശേഷിക്കെയും ഹൈക്കോടതി ജഡ്ജിയാകാനുള്ള സാധ്യത നിലനില്‍ക്കെയുമുള്ള അദ്ദേഹത്തിന്റെ രാജിക്ക് പിന്നിലെ കാരണം ദുരൂഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here