അനധികൃത താമസക്കാരെ നിയന്ത്രിക്കാന്‍ തവ്തീഖ് മവാഖിഫ് റജിസ്ട്രേഷനുകള്‍ നിര്‍ബന്ധമാക്കി

Posted on: April 18, 2018 10:30 pm | Last updated: April 18, 2018 at 10:30 pm

അബുദാബി: താമസ വാടക കരാര്‍ മുനിസിപ്പാലിറ്റിയില്‍ റജിസ്റ്റര്‍ ചെയ്യുന്ന തവ്തീഖും റസിഡന്‍ഷ്യല്‍ പാര്‍ക്കിങ് പെര്‍മിറ്റിനുള്ള മാവാഖിഫ് റജിസ്ട്രേഷനും നിര്‍ബന്ധമാക്കി. അനധികൃത താമസക്കാരെ നിയന്ത്രിക്കാന്‍ വേണ്ടിയാണ് അബുദാബി മുനിസിപ്പാലിറ്റി തവ്തീഖ്, മവാഖിഫ് റജിസ്ട്രേഷനുകള്‍ നിര്‍ബന്ധമാക്കിയത്.

അബുദാബി മുനിസിപ്പാലിറ്റിയില്‍ പ്രോപ്പര്‍ട്ടി മാനേജ്മെന്റ് റജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ച കെട്ടിടത്തില്‍ മാത്രമെ നിയമാനുസൃതം വാടകക്ക് താമസിക്കാനാവൂ. അങ്ങിനെയുള്ള കെട്ടിടത്തിലെ വാടക കരാറുകള്‍ മാത്രമാണ് തവ്തീഖ് റജിസ്ട്രേഷന്‍ ചെയ്യാനാവൂ. തവ്തീഖ് റജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചാലെ വെള്ളം, വൈദ്യുതി കണക്ഷന്‍ ലഭിക്കൂ. ജല വൈദ്യുതി കണക്ഷന്‍ വാടക കരാറുകാരന്റെ പേരിലാവുകയും വേണം. വാടക കരാറും ജല വൈദ്യുത ബില്ലും കാണിച്ചാല്‍ മാത്രമെ അവരുടെ പേരിലുള്ള വാഹനങ്ങളുടെ പാര്‍ക്കിങ്ങിനുള്ള പെര്‍മിറ്റ് ലഭിക്കൂ. വെള്ളം, വൈദ്യുതി നിരക്ക് സ്വദേശികള്‍ക്കു കുറവാണ്. വിദേശികള്‍ക്കു ജല വൈദ്യുത നിരക്ക് മാറ്റമുള്ളതിനാല്‍ വാടകക്ക് താമസിക്കുന്ന വിദേശിയുടെ പേരില്‍ തന്നെയാണ് വെള്ളം, വൈദ്യുതി ബില്‍ എന്നതും തവ്തീഖ് റജിസ്ട്രേഷന്‍ നടത്തുന്നതോടെ മുനിസിപ്പാലിറ്റിക്ക് ഉറപ്പാക്കാനാവും. വാടക കരാറില്‍ ഉള്‍പെടാത്തവരുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്കൊന്നും റസിഡന്റ്സ് പെര്‍മിറ്റ് എടുക്കാനാവില്ല.

കെട്ടിടത്തില്‍ ഷെയറിങ്ങില്‍ താമസിക്കുന്നവരുടെ വാഹനത്തിനു മവാഖിഫ് റസിഡന്റ്സ് പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്യാനാവില്ല. നിയമവിരുദ്ധമായി വാഹനം പാര്‍ക്ക് ചെയ്താല്‍ പരിശോധകരെത്തുമ്പോള്‍ 500 ദിര്‍ഹം പിഴ ഈടാക്കും. വീണ്ടും നിയമലംഘനം നടത്തിയാല്‍ പിഴ വര്‍ധിക്കും.

തവ്തീഖ് റജിസ്ട്രേഷന് 100 ദിര്‍ഹമാണ് മുനിസിപ്പാലിറ്റിയില്‍ റജിസ്ട്രേഷന്‍ ഫീസ്. മറ്റു ചിലവുകളായി 85 ദിര്‍ഹം കൂടി അടക്കണം. വിദേശികളുടെ വാഹനത്തിന് ഒരുവര്‍ഷം 800 ദിര്‍ഹം മവാഖിഫ് റജിസ്ട്രേഷനു നല്‍കണം. രണ്ടാമത്തെ വാഹനത്തിന് 1200 ദിര്‍ഹമാണ് ചാര്‍ജ്.
അനധികൃത താമസക്കാരെ ഒഴിവാക്കി നഗരജീവിതം കൂടുതല്‍ ആസ്വാദ്യകരമാക്കുക എന്നതാണ് അധികൃതരുടെ ലക്ഷ്യം.