സൂപ്പര്‍ കപ്പില്‍ ഈസ്റ്റ് ബംഗാള്‍- ബെംഗളൂരു എഫ് സി ഫൈനല്‍

രണ്ടാം സെമിയില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് മോഹന്‍ ബഗാനെ ബെംഗളൂരു പരാജയപ്പെടുത്തി
Posted on: April 18, 2018 6:13 am | Last updated: April 17, 2018 at 11:29 pm
മോഹന്‍ ബഗാന്‍-ബെംഗളൂരു എഫ് സി മത്സരത്തില്‍ നിന്ന്‌

ഭുവനേശ്വര്‍: ഈസ്റ്റ് ബംഗാളിന് പിന്നാലെ ബെംഗളൂരു എഫ് സി പ്രഥമ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. വെള്ളിയാഴ്ചയാണ് ഈസ്റ്റ് ബംഗാള്‍- ബെംഗളൂരു എഫ് സി ഫൈനല്‍.

ഇന്നലെ കലിംഗ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ കരുത്തരായ മോഹന്‍ ബഗാനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ബെംഗളൂരു എഫ് സി തറപറ്റിക്കുകയായിരുന്നു. നിര്‍ണായകമായ അവസാന 40 മിനുട്ടുകള്‍ പത്ത് പേരെ വെച്ചാണ് ബെംഗളൂരു കളിച്ചത്. എന്നിട്ടും 4-2ന്റെ വിജയം സ്വന്തമാക്കി കപ്പിലേക്കുള്ള അവസാന ചുവടും അവര്‍ കയറ്റിവെച്ചു. മികുവിന്റെ ഹാട്രിക്കാണ് ബെംഗളൂരുവിന്റെ വിജയത്തില്‍ നിര്‍ണായകമായത്. എല്ലാ സീസണിലും ഒരു കിരീടം എന്ന ബെംഗളൂരു എഫ് സിയുടെ സ്വപ്‌നം ഇതേടെ സജീവമായി.

38ാം മിനുട്ടില്‍ ദിപാന്ത ഡികയുടെ ഗോളില്‍ ബഗാന്‍ മുന്നിട്ടുനില്‍ക്കുകയായിരുന്നു. 50ാം മിനുട്ടില്‍ നിഖിലിനെ ഫൗള്‍ ചെയ്തതിന് നിശുകുമാര്‍ ചുവപ്പ് കണ്ടപ്പോള്‍ ബെംഗളൂരു 10 പേരായി ചുരുങ്ങി. ഇവിടെയാണ് മുകു ബെംഗളൂരുവിന്റെ രക്ഷകനായത്. 63ാം മിനുട്ടിലും 65ാം മിനുട്ടിലും മികു ലക്ഷ്യം കണ്ടപ്പോള്‍ ബെംഗളൂരു 2-1ന് മുന്നില്‍. 89ാം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ മികു ഹാട്രിക്കും തികച്ചു. തൊട്ടടുത്ത നിമിഷം ബഗാന്റെ പരാജയഭാരം കൂട്ടി ഛേത്രിയുടെ വക നാലാം ഗോളും പിറന്നു. ഡിക ഒരു ഗോള്‍ കൂടെ ബഗാന് വേണ്ടി മടക്കിയെങ്കിലും കളി അവരെ തുണച്ചില്ല. ബെംഗളൂരു എഫ് സി അപ്പോഴേക്കും ഫൈനല്‍ ഉറപ്പിച്ചിരുന്നു.

ഫൈനിലില്‍ ഈസ്റ്റ് ബെംഗാളിനെ പരാജയപ്പെടുത്താനായാല്‍, ക്ലബ് നിലവില്‍ വന്ന ശേഷം എല്ലാ വര്‍ഷവും ഒരു കപ്പ് നേടുക എന്ന ബെംഗളൂരുവിന്റെ ചരിത്രം ആവര്‍ത്തിക്കും.

തിങ്കളാഴ്ച നടന്ന ആദ്യ സെമിയില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് എഫ് സി ഗോവയെ പരാജയപ്പെടുത്തിയാണ് ഈസ്റ്റ് ബെംഗാള്‍ ഫൈനലിലേക്ക് കടന്നത്.