Connect with us

Socialist

കശ്മീരീ ബാല്യങ്ങള്‍ക്ക് തണലായി മര്‍കസ്

Published

|

Last Updated

2004ല്‍ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്ന ഘട്ടത്തില്‍ അന്നത്തെ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. കശ്മീരില്‍ അനേകം തവണ നടത്തിയ സന്ദര്‍ശങ്ങളിലൂടെ, കശ്മീരികളായ നിരവധി ആളുകളുമായുള്ള സമ്പര്‍ക്കങ്ങളിലൂടെ അവിടെ വളരുന്ന ബാല്യങ്ങളെ കുറിച്ച് നല്ല ധാരണകളുണ്ടായിരുന്നു. മുഖ്യമന്ത്രിയുമായുള്ള സംസാരത്തില്‍ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ പോയി വിദ്യാഭ്യാസ സ്ഥാപങ്ങള്‍ ഉണ്ടാക്കി അരക്ഷിതാരായ ജനതകളെ വൈജ്ഞാനിക മുന്നേറ്റത്തിലേക്ക് കൊണ്ടുവരുന്ന മര്‍കസിന്റെ പ്രവര്‍ത്തങ്ങള്‍ കേട്ട് അദ്ദേഹം അതിശയിച്ചു.

കശ്മീരിലെ വിദ്യാര്‍ത്ഥികളുടെ ഭാവിയെക്കുറിച്ചായി പിന്നീട് ഞങ്ങളുടെ ചര്‍ച്ച. ദീര്‍ഘമായ ഒരാലോചനക്ക് ശേഷം മുഫ്തി മുഹമ്മദ് സഈദ് പറഞ്ഞു: ഞാന്‍ താങ്കളോട് ഒരാവശ്യം ഉന്നയിക്കുകയാണ്. രാജ്യത്തെ മറ്റൊരാളോടും ആവശ്യപ്പെടാത്ത കാര്യമാണത്. എന്റെ സംസ്ഥാനത്തിന്റെ, അവിടത്തെ കുട്ടികളുടെ ഭാവിയെ സംബന്ധിച്ച് വളരെ പ്രധാനമാണ് അത്. താങ്കള്‍ നിരസിക്കരുത്. ഞാന്‍ പറഞ്ഞു: “മുഖ്യമന്ത്രി പറയൂ. അല്ലാഹുവിന്റെ സഹായമാണല്ലോ ഏതു പ്രവര്‍ത്തനങ്ങള്‍ക്കും നമുക്ക് ഊര്‍ജം.” അദ്ദേഹം പറഞ്ഞു:” കശ്മീരിലെ അനാഥകളായ, നിര്‍ധനരായ കുറച്ചു കുട്ടികളെ നിങ്ങള്‍ ഏറ്റെടുക്കണം. മര്‍കസിലെ നിങ്ങളെ സ്ഥാപനത്തില്‍ കൊണ്ടുപോയി പഠിപ്പിക്കണം. ഉന്നതമായ കാഴ്ചപ്പാടുകള്‍ നല്‍കണം.” അല്‍പം ആലോചിച്ചു. പ്രയാസകരമാണ്. വിശേഷിച്ചും കശ്മീര്‍ പോലുള്ള വ്യത്യസ്തമായ ഭൂപ്രദേശത്ത് നിന്ന് കുട്ടികളെ കൊണ്ടുവന്നു പഠിപ്പിക്കല്‍. പക്ഷേ, സ്‌നേഹപൂര്‍വമായ ആ ആവശ്യത്തിന് മുമ്പില്‍ നാഥനില്‍ എല്ലാം അര്‍പ്പിച്ചു സമ്മതിച്ചു. ആദ്യഘട്ടത്തില്‍ നൂറു കുട്ടികളെ കൊണ്ടുവരാനായിരുന്നു പദ്ധതി. മുഖ്യമന്ത്രിയും അതാണ് പറഞ്ഞത്. അങ്ങേയറ്റം അരികുവകരിക്കപ്പെട്ട, അനാഥരായ കുട്ടികളെ തെരഞ്ഞെടുത്തപ്പോള്‍ മുന്നൂറു പേരുണ്ട്. 2004 ഡിസംബറില്‍ അവര്‍ കേരളത്തിലെത്തുമ്പോള്‍ മനസ്സില്‍ ആശങ്കയുണ്ടായിരുന്നു.

പക്ഷെ, കേരളവുമായി ആ കുട്ടികള്‍ ഇണങ്ങി. മര്‍കസ് അവര്‍ക്ക് സ്വപനങ്ങള്‍ നല്‍കി. ശാന്തമായ ഒരു കാലാവസ്ഥയിലിരുന്നു പഠിക്കാന്‍ അവസരം ഒരുക്കി. മറ്റു കുട്ടികളില്‍ നിന്ന് വ്യത്യസ്!തമായി അവര്‍ക്ക് കൂടുതല്‍ വിശിഷ്ടമായ ഭക്ഷണം നല്‍കാന്‍ പോലും അവസരങ്ങള്‍ ഒരുക്കി. ആ കാലം സവിശേഷമായി ഞങ്ങള്‍ അവരെ പരിഗണിച്ചു. വൈയക്തികമായി പലപ്പോഴും അവരുമായി സംസാരിക്കാന്‍ ചെല്ലുമായിരുന്നു. അറിവിനോടുള്ള മോഹം അവരില്‍ ഊട്ടിയുറപ്പിക്കാന്‍ ശ്രമിച്ചു. മികച്ച സ്റ്റാഫുകളെ അവര്‍ക്കായി നിശ്ചയിച്ചു. മര്‍കസ് ഇംഗ്ലീഷ് മീഡിയത്തിലുള്ള സ്‌കൂളുകളിലൂടെ അവര്‍ വളര്‍ന്നു. പിന്നീട് ഓരോ വര്‍ഷവും വന്നു അന്‍പതും നൂറും കുട്ടികള്‍. മര്‍കസ് കാമ്പസിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥലത്ത് ആ കുട്ടികള്‍ക്ക് മാത്രമായുള്ള കാമ്പസ് നിര്‍മിച്ചു: മര്‍കസ് കശ്മീരി ഹോം. അഞ്ചിലും ആറിലും വന്നവര്‍ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ എസ്.എസ്.എല്‍.സിയും പ്ലസ്ടുവും ഡിഗ്രിയുമെല്ലാം മര്‍കസ് സ്ഥാപനങ്ങളില്‍ നിന്ന് പൂര്‍ത്തിയാക്കി. ഓരോ കുട്ടികളും മികച്ച ഭാവി പദ്ധതി തയ്യാറാക്കി, അതിനാവശ്യമായ ജ്ഞാനം മര്‍കസില്‍ നിന്ന് ആര്‍ജ്ജിച്ചു.

സ്വന്തം കുട്ടികളെ പോലെ മര്‍കസിലെ സ്റ്റാഫുകളും ജീവനക്കാരും അവരെ പരിഗണിച്ചു. കശ്മീരില്‍ നിന്ന് വരുന്ന സങ്കടകരമായ ഓരോ വാര്‍ത്തയും മര്‍കസിന്റെ കൂടി ആധിയായി മാറി. അവിടെ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ ആ കുട്ടികള്‍ക്കു ഉറങ്ങാന്‍ പറ്റില്ലായിരുന്നു. പള്ളിയില്‍ മര്‍കസിലെ എല്ലാ വിദ്യാര്‍ത്ഥികളെയും ഒരുമിപ്പിച്ചു അവര്‍ക്കായി പ്രാര്‍ത്ഥിച്ചു. സംഘര്‍ഷത്തിന്റെ സങ്കടകരമായ വാര്‍ത്തകള്‍ വരുമ്പോള്‍ സ്വദേശം ശാന്തമാക്കാന്‍ ഞങ്ങള്‍ ഒരുമിച്ചു അവര്‍ക്കൊപ്പമിരുന്നു പ്രാര്‍ത്ഥിച്ചു. അവിടേക്ക് സഹായങ്ങള്‍ എത്തിച്ചു. അതിനിടയില്‍ വളരെ സങ്കടകരമായൊരു വാര്‍ത്ത ഇപ്പോഴും മനസ്സില്‍ തേങ്ങലായി നില്‍ക്കുന്നു. മര്‍കസ് കശ്മീരി ഹോമില്‍ പഠനം കഴിഞ്ഞിറങ്ങിയ ഒരു വിദ്യാര്‍ത്ഥി പാക്കിസ്ഥാന്‍ പട്ടാളത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടതായിരുന്നുവത്. ഏറെ വേദനിച്ച ദിവസം. മര്‍കസ് വിദ്യാര്‍ഥികള്‍ ഒരുമിച്ചിരുന്നു ഖുര്‍ആന്‍ ഓതി, ആ കൂട്ടിക്കായി പ്രാര്‍ത്ഥിച്ചു.

ഏതാണ്ട് ആയിരത്തോളം കുട്ടികള്‍ മര്‍കസ് കശ്മീരി ഹോമില്‍ നിന്ന് പഠനം കഴിഞ്ഞിറങ്ങി. സ്വന്തം നാട്ടിലേക്ക് അവര്‍ വിദ്യാസമ്പന്നരായി തിരിച്ചു പോകുമ്പോള്‍ മര്‍കസിന്റെ പ്രവര്‍ത്തകര്‍ അനുഭവിക്കുന്ന സന്തോഷം വളരെ വലുതായിരുന്നു. പലരും കശ്മീരിലെ ഉന്നതമായ മേഖലകളില്‍ സേവനം ചെയ്യുന്നു. വിദ്യാഭ്യാസത്തിനു അവസരം കുറഞ്ഞ നാടുകളില്‍ സേവനം ചെയ്യുന്നവരുമുണ്ട് ഒരുപാടുപേര്. കഴിഞ്ഞ വര്‍ഷം കുറച്ചു കുട്ടികള്‍ വിളിച്ചു. മര്‍കസില്‍ നിന്ന് പഠനം കഴിഞ്ഞിറങ്ങയവരാണ്. മര്‍കസ് മാതൃകയില്‍ കശ്മീരിലെ ഷോപ്പിയാനില്‍ അവര്‍ ഒരു സ്ഥാപനം ആരംഭിച്ച വിശേഷം പറയാനായിരുന്നുവത്. ആറ് വയസ്സ് മുതലുള്ളവര്‍കാണ് ഇവിടെ പ്രവേശനം. പതിനഞ്ചു വിദ്യാര്‍ത്ഥികള്‍ക്കാണ് തുടക്കത്തില്‍ പ്രവേശനം നല്‍കിയിരിക്കുന്നത്. ഹൈസ്‌കൂള്‍ മുതല്‍ പത്തും പന്ത്രണ്ടും വര്‍ഷം മര്‍ക്കസില്‍ തന്നെ പഠിച്ച് ശേഷം മര്‍കസ് സ്ഥാപനങ്ങളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരാണ് സ്ഥാപനത്തിന്റെ നടത്തിപ്പും മേല്‍നോട്ടവും നിര്‍വഹിക്കുന്നത്. അടുത്ത തവണ വരുമ്പോള്‍ തീര്‍ച്ചയായും അവിടെ സന്ദര്‍ശിക്കുമെന്ന് ഞാന്‍ അവര്‍ക്ക് ഉറപ്പു നല്‍കി.

ഇപ്പോള്‍ ഇരുനൂറോളം വിദ്യാര്‍ഥികള്‍ മര്‍കസ് കശ്മീരി ഹോമില്‍ പഠിക്കുന്നു. ഈ വര്‍ഷം മുതല്‍ ശാസ്ത്രീയമായി തയ്യാറാക്കിയ സവിശേഷമായ സിലബസ് നിര്‍മിച്ചു ആ കശ്മീര്‍ വിദ്യാര്‍ഥികള്‍ മര്‍കസില്‍ പുതിയ കോഴ്‌സ് ആരംഭിക്കുകയാണ്. കഴിഞ്ഞ മാസം മര്‍കസ് പ്രതിനിധികള്‍ കശ്മീരില്‍ പോയി ആ കോഴ്‌സിന്റെ പുതുവര്‍ഷത്തിലേക്കുള്ള 60 കുട്ടികളെ തെരെഞ്ഞെടുക്കുകയുണ്ടായി.

കശ്മീരില്‍ മര്‍കസിന്റെ നേതൃത്വത്തിലും സുന്നി പ്രസ്ഥാനത്തിന്റെ സംരഭങ്ങള്‍ക്ക് കീഴിലും നിരവധി സ്ഥാപങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നു. അത്യാധുനിക സൗകര്യങ്ങളുള്ള, പഠന നിലവാരമുള്ള ഇരുപതോളം സ്‌കൂളുകള്‍ അവിടെ ഇപ്പോള്‍ നടന്നുവരുന്നു. പ്രിയപ്പെട്ട ശിഷ്യന്‍ ശൗകത്ത് നഈമി ആ സംരംഭങ്ങള്‍ക്ക് കാശ്മീരില്‍ നേതൃത്വം നല്‍കുന്നു. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ആ കാമ്പസുകളില്‍ പഠിക്കുന്നു.

കഴിഞ്ഞ ആഴ്ച ഫലസ്തീനില്‍ മഹ്മൂദ് അബ്ബാസ് സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയി അവിടെ എത്തിയപ്പോഴാണ് മനസ്സിനെ ഏറെ ആധിയിലാഴ്ത്തിയ ആ വാര്‍ത്ത കേട്ടത്. എട്ടുവയസുകാരിയായ, തിളങ്ങുന്ന കണ്ണുകളുള്ള, നിഷ്‌കളങ്കത മുറ്റി നില്‍ക്കുന്ന മുഖമുള്ള ആ കുട്ടിയെ മനുഷ്യാധമനന്‍മാരായ വര്‍ഗീയവാദികള്‍ ഒരാഴ്ചയോളം പീഡിപ്പിച്ചു മൃഗീയമായി കൊന്നുകളഞ്ഞിരിക്കുന്നു. ആ കുട്ടി മുസ്ലിമായിരുന്നു എന്നതാണ് പ്രഥമമായി അവള്‍ അവ്വിധം ഇരയാക്കപ്പെടാന്‍ കാരണം. പോലീസുകാര്‍ പ്രതികളായ, മന്ത്രിമാര്‍ പ്രതികള്‍ക്കായി നിലകൊള്ളുന്ന, ആ കുട്ടിയുടെ നീതിക്കായി വാദിക്കുന്ന അഭിഭാഷകയെ ഭീഷണിപ്പെടുത്തുന്ന അവസ്ഥ കടന്നുവരുന്നത് അത്യധികം ഭീദിതമാണ്. എസ്.എസ്.എഫ് ദേശീയ പ്രസിഡന്റ് ശൗകത്ത് നഈമി കശ്മീര്‍ വഖ്ഫ് മന്ത്രി സഈദ് ഫാറൂഖ് അഹ്മദിനെ സന്ദര്‍ശിക്കുകയും വേഗത്തില്‍ ഏറ്റവും ശക്തമായ ശിക്ഷ പ്രതികള്‍ക്ക് നല്‍കണം എന്ന് ആവശ്യപ്പെടുകയുമുണ്ടായി.

ആ കുടുംബത്തെ തേടി ശൗകത്ത് നഈമി ദീര്‍ഘമായി യാത്ര ചെയ്തു. അവരെ കണ്ടെത്തി. സാമ്പത്തിക സഹായം നല്‍കി. ആശ്വസിപ്പിച്ചു. പ്രാര്‍ത്ഥിച്ചു. എല്ലാ ഘട്ടത്തിലും കൂടെയുണ്ടാകുമെന്നു ഉറപ്പ് നല്‍കി. മര്‍കസ് ലോ കോളജിന്റെ കീഴില്‍ നിയമ സഹായം ലഭ്യമാക്കാനുള്ള എല്ലാ പദ്ധതികളും ഇവിടെയും ചെയ്തുവരുന്നു.

ഇനിയൊരിക്കലും ആവര്‍ത്തിക്കപ്പെടരുത് ഇത്തരമൊരനുഭവം. കശ്മീരുകാര്‍ നമ്മുടെ സഹോദരരാണ്. അവരെ അപായപ്പെടുത്തുന്നവര്‍ ആരായാലും രാജ്യത്തിന്റെ മഹിമയെ കളങ്കപ്പെടുത്തുന്നവരാണ്. ബഹുസ്വരതയുടെ ശത്രുക്കളാണ്.

 

Latest