ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടൂള്‍: ഫെയ്‌സ്ബുക്കിനെതിരെ വീണ്ടും നിയമനടപടിക്ക് നിര്‍ദ്ദേശം

Posted on: April 17, 2018 7:27 pm | Last updated: April 18, 2018 at 11:34 am

സാന്‍ ഫ്രാന്‍സിസ്‌കോ: അനുവാദമില്ലാതെ ഉപയോക്താക്കളുടെ മുഖ ലക്ഷണങ്ങള്‍ പകര്‍ത്തുന്ന ടൂള്‍ ഉപയോഗിച്ചതിന് ഫെയ്‌സ്ബുക്കിനെതിരെ നിയമ നടപടി. ഡാറ്റ ചോര്‍ത്തല്‍ വിവാദത്തിന് പിറകെ പുതിയ കേസ് കൂടി വന്നതോടെ കമ്പനി വെട്ടിലായിരിക്കുകയാണ്. കലിഫോര്‍ണിയ ഫെഡറല്‍ കോടതി ജഡ്ജിയാണ് ഫെയ്‌സ്ബുക്കിനെതിരെ നിയമ നടപടിക്കു നിര്‍ദേശിച്ചത്.

‘ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടൂള്‍’ ഉപയോഗിച്ചാണ് ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ മുഖത്തിന്റെ വിവരങ്ങള്‍ ശേഖരിക്കുന്നത്. ഇതിനെതിരെയാണ് ഇപ്പോള്‍ നിയമ നടപടി സ്വീകരിക്കുന്നത്. 2010ലാണു ഫെയ്‌സ്ബുക്കില്‍ ഫേഷ്യല്‍ റെക്കഗ്‌നിഷന്‍ ടൂള്‍ ആരംഭിക്കുന്നത്. ഉപഭോക്താക്കള്‍ അപ്ലോഡ് ചെയ്യുന്ന ഫോട്ടോയില്‍ ഉള്ളവരുടെ മുഖം നിരീക്ഷിച്ച് അവരുടെ പേര് ടാഗ് ചെയ്യാന്‍ നിര്‍ദേശിക്കുന്ന ടൂളാണിത്. ‘ബയോമെട്രിക്’ വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇല്ലിനോയില്‍ നിലവിലുള്ള പ്രാദേശിക നിയമം ലംഘിക്കുന്നതാണ് ഇതെന്നാണ് ഹരജിയിലുള്ളത്.

പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് ഫെഡറല്‍ കോടതി ജഡ്ജി ജയിംസ് ഡൊണാറ്റോ നിയമ നടപടിയിലേക്കു നീങ്ങിയത്. നിമേഷ് പട്ടേല്‍, ആദം പെസെന്‍, കാര്‍ലോ ലിക്കാറ്റ എന്നിവരാണ് ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യത ലംഘിച്ചു എന്ന് ഹരജി നല്‍കിയത്.