ജിദ്ദയില്‍ നിന്ന് 85 ലക്ഷം തട്ടിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍

Posted on: April 17, 2018 6:15 am | Last updated: April 17, 2018 at 12:42 am
SHARE
മുഹമ്മദലി

വണ്ടൂര്‍: ജിദ്ദയില്‍ നിന്ന് വാണിയമ്പലം സ്വദേശിയുടെ 85 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ കേസില്‍ ഒരാള്‍ പിടിയിലായി. കണ്ണമംഗലം കുന്നുംപുറം ഏക്കാപറമ്പ് സ്വദേശി പട്ടര്‍ക്കടവന്‍ മുഹമ്മദലി (50) യെയാണ് വണ്ടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ വി ബാബുരാജ് അറസ്റ്റ് ചെയ്തത്. ഖത്വറിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. ജിദ്ദയില്‍ ബന്ധുവുമൊത്ത് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിവരുന്ന വാണിയമ്പലം തച്ചംകോട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.

ബേങ്കിലടക്കുവാനും ബിസിനസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നല്‍കുവാനുമായി മുഹമ്മദലിയെ വിശ്വസിച്ച് ഏല്‍പ്പിച്ച 85 ലക്ഷം രൂപയോളം വരുന്ന സഊദി റിയാല്‍ പ്രതി വിശ്വാസ വഞ്ചന ചെയ്ത് സഹായികളുമായി പങ്കിട്ടെടുത്ത് ഇന്ത്യയിലേക്ക് കടക്കുകയുമായിരുന്നു.

മാര്‍ച്ച് 23ന് മുംബൈയിലെത്തിയ മുഹമ്മദലി ബെംഗളുരു, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ആഢംബരത്തോടെ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഖത്വറിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ എമിഗ്രേഷന്‍ വിഭാഗം വണ്ടൂര്‍ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. കൂട്ടുപ്രതികളായ മേലാറ്റൂര്‍, കണ്ണമംഗലം സ്വദേശികളായ രണ്ടു പേര്‍ക്കെതിരെ അന്വേഷണമാരംഭിച്ചിട്ടുണ്ട്. പ്രതിയെ പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. സി ഐ. വിബാബുരാജ്, എസ് ഐ. പി ചന്ദ്രന്‍, എ എസ് ഐ. കെ സത്യന്‍ എന്നിവരാണ് അന്വേഷണം നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here