Connect with us

Kerala

വരാപ്പുഴ കസ്റ്റഡി മരണം മര്‍ദിച്ചത് ആരെന്നതില്‍ അവ്യക്തത

Published

|

Last Updated

സ്റ്റേഷനില്‍ നിന്നെടുത്ത ശ്രീജിത്തിന്റെ ഫോട്ടോ

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കവെ മരണത്തിന് കാരണമായ മര്‍ദനം ആര് നടത്തിയെന്നതില്‍ അവ്യക്തത തുടരുന്നു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ആര്‍ ടി എഫ് സ്‌ക്വാഡ് അംഗങ്ങളാണോ ലോക്കപ്പില്‍ വെച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരാണോ ക്രൂരമായി മര്‍ദിച്ചതെന്നതിനെക്കുറിച്ചാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി ആര്‍ ടി എഫിന്റെ ചുമതലയുണ്ടായിരുന്ന ആലുവ റൂറല്‍ എസ് പി. എ വി ജോര്‍ജ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കുമെന്ന് സൂചനയുണ്ട്.

പറവൂര്‍ സി ഐ. ക്രിസ്പിന്‍ സാം, വരാപ്പുഴ എസ് ഐ ദീപക് എന്നിവരെയും സസ്‌പെന്‍ഷനിലായ ആര്‍ ടി എഫ് ഉദ്യോഗസ്ഥരെയും അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും. കസ്റ്റഡിയിലുള്ള പോലീസുകാരെ ചോദ്യം ചെയ്യുന്നത് ഇന്നലെയും തുടര്‍ന്നു.

അതേസമയം, ശ്രീജിത്തിന്റെ മരണകാരണമായത് വയറിനേറ്റ കടുത്ത മര്‍ദനമാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും പുറത്തുവന്നു. അടിവയറ്റില്‍ തുടര്‍ച്ചയായുണ്ടായ മര്‍ദനത്തെ തുടര്‍ന്ന് ചെറുകുടലിന്റെ മുകള്‍ ഭാഗം പൊട്ടി ഗുരുതരമായി പരുക്കേറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
മര്‍ദനത്തില്‍ ചെറുകുടലിന്റെ 90 ശതമാനം ഭാഗത്തും പരുക്കേറ്റു. ഇതേത്തുടര്‍ന്ന് രക്തസമ്മര്‍ദം അപകടകരമാം വിധം കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് അന്വേഷണ സംഘം വിശദമായി പരിശോധിച്ചു വരികയാണ്.

എട്ടിന് പുലര്‍ച്ചെയാണ് അവശനിലയില്‍ ശ്രീജിത്തിനെ ആശുപത്രിയിലെത്തിച്ചത്. ഈ സമയം രക്തസമ്മര്‍ദം 80- 60 എന്ന താഴ്ന്ന നിലയിലായിരുന്നു. ശാരീരിക അവയവങ്ങളെല്ലാം ഏതാണ്ട് പ്രവര്‍ത്തനരഹിതമാവുകയും ഹൃദയമിടിപ്പ് ക്രമാതീതമായി കൂടുകയും ചെയ്തിരുന്നു. വയറില്‍ മര്‍ദനമേറ്റ പാടുകളുമുണ്ടായിരുന്നു. വയറിനുള്ളില്‍ മുറിവേറ്റ് പഴുപ്പ് വന്ന അവസ്ഥയിലുമായിരുന്നു. ഈ പഴുപ്പ് മറ്റിടങ്ങിലേക്ക് പടര്‍ന്നതാണ് മരണകാരണമെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഒരാളെ നേരെ നിര്‍ത്തി തുടര്‍ച്ചയായി വയറില്‍ മര്‍ദിച്ചാല്‍ മാത്രമേ ഇങ്ങിനെ സംഭവിക്കുകയുള്ളൂവെന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നത്.

ശ്രീജിത്തിനെ തുടര്‍ച്ചയായി ഒരേ സ്ഥലത്ത് മര്‍ദിച്ചത് ലോക്കപ്പ് മര്‍ദനത്തിന്റെ ക്രൂരതയാണ് വെളിപ്പെടുത്തുന്നതെന്ന്ശ്രീജിത്തിനെ പരിശോധിച്ച ഡോക്ടര്‍മാരുടെ സംഘവും അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്.

അതിനിടെ, കസ്റ്റഡിയിലെടുത്തവരാണ് മര്‍ദിച്ചതെന്ന് മരിക്കുന്നതിന് മുമ്പ് ശ്രീജിത്ത് പറഞ്ഞതായും ചികിത്സിച്ച ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി. സിവില്‍ വേഷത്തിലെത്തിയ രണ്ട് പോലീസുകാരായിരുന്നു മര്‍ദിച്ചത്. വീടിന് സമീപത്തുവെച്ചാണ് മര്‍ദിച്ചതെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ശ്രീജിത്ത് പറഞ്ഞതായി ഡോക്ടര്‍മാര്‍ പറയുന്നു. ഈ വിവരങ്ങളും അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.

പോലീസ് സ്റ്റേഷനില്‍ വെച്ചെടുത്ത ശ്രീജിത്തിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്. വരാപ്പുഴയിലെ വീട്ടില്‍ നിന്ന് രാത്രി പത്തോടെ കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ സ്റ്റേഷനില്‍ എത്തിച്ച ശേഷം രാത്രി 11.03 ഓടെ മൊബൈലില്‍ പകര്‍ത്തിയ ഫോട്ടോയാണ് പുറത്തായിരിക്കുന്നത്. ഈ ഫോട്ടോ പ്രത്യേക അന്വേഷണ സംഘത്തിന് സഹായകമായേക്കും.

 

Latest