Connect with us

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ്: തലയെടുപ്പോടെ ഇന്ത്യ

Published

|

Last Updated

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സമാപന ചടങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ അണിനിരന്നപ്പോള്‍

ഗോള്‍ഡ്‌കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം. ആതിഥേയരായ ആസ്‌ത്രേലിയക്കും ഇംഗ്ലണ്ടിനും പിന്നില്‍ മൂന്നാം സ്ഥാനം നേടി തലയുയര്‍ത്തിയാണ് ഇന്ത്യന്‍ സംഘത്തിന്റെ മടക്കം. ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യയുടെ മൂന്നാമത്തെ വലിയ നേട്ടമാണിത്. 26 സ്വര്‍ണവും 20 വെള്ളിയും 20 വെങ്കലവുമടക്കം ആകെ 66 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.

2010ല്‍ ന്യൂഡല്‍ഹി വേദിയായ ഗെയിംസില്‍ 38 സ്വര്‍ണം ഉള്‍പ്പെടെ 101 മെഡലുകള്‍ നേടിയതാണ് ഇതുവരെയുള്ള മികച്ച പ്രകടനം. 2002 മാഞ്ചസ്റ്റര്‍ ഗെയിംസില്‍ 30 സ്വര്‍ണം ഉള്‍പ്പെടെ 69 മെഡലുകള്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഗ്ലാസ്‌ഗോയില്‍ നടന്ന അവസാന ഗെയിംസിനേക്കാള്‍ രണ്ട് മെഡലുകള്‍ കൂടുതല്‍ ഗോള്‍ഡ് കോസ്റ്റില്‍ ഇന്ത്യക്ക് ലഭിച്ചു. 2014ല്‍ ഗ്ലാസ്‌ഗോയില്‍ 15 സ്വര്‍ണവും 30 വെള്ളിയും 19 വെങ്കലമടക്കം 64 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. ഗ്ലാസ്‌ഗോയിലെ സ്വര്‍ണ മെഡലുകളുടെ എണ്ണം ഇത്തവണ ഇരട്ടിയോളം വര്‍ധിപ്പിക്കാനും ഇന്ത്യക്ക് കഴിഞ്ഞു.

80 സ്വര്‍ണവും 59 വെള്ളിയും 59 വെങ്കലവും സഹിതം 198 മെഡലുകളുമായി ആതിഥേയരായ ആസ്‌ത്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 45 സ്വര്‍ണവും 45 വെള്ളിയും 46 വെങ്കലവും സഹിതം 136 മെഡലുകളുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനം സ്വന്തമാക്കി. 15 സ്വര്‍ണവും 40 വെള്ളിയും 27 വെങ്കലവും ഉള്‍പ്പെടെ 82 മെഡലുകള്‍ നേടിയ കാനഡ നാലാം സ്ഥാനത്ത് നിലയുറപ്പിച്ചു. ആകെ 46 മെഡലുകളുമായി ന്യൂസിലാന്‍ഡ് അഞ്ചാം സ്ഥാനത്തെത്തി.

ഷൂട്ടിംഗ് ഇനത്തിലാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ മെഡലുകള്‍ സ്വന്തമാക്കിയത്. ഏഴ് സ്വര്‍ണവും നാല് വെള്ളിയും അഞ്ച് വെങ്കലവുമടക്കം 16 മെഡലുകളാണ് ഇന്ത്യ വെടിവെച്ചിട്ടത്. ഗുസ്തിയല്‍ 12ഉം ഭാരോദ്വഹനത്തിലും ബോക്‌സിംഗിലും ഒമ്പത് വീതവും ടേബിള്‍ ടെന്നിസില്‍ എട്ടും ബാഡ്മിന്റണില്‍ ആറും അത്‌ലറ്റിക്‌സില്‍ മൂന്നും മെഡലുകള്‍ നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞു.

വനിതാ സിംഗിള്‍സിലെ സ്വര്‍ണമടക്കം ടേബിള്‍ ടെന്നീസില്‍ മണിക ബ#ാത്ര നാല് മെഡലുകള്‍ നേടി. അവസാന ദിനം മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമാണ് ഇന്ത്യ നേടിയത്. വനിതാ വിഭാഗം ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ സൈന നെഹ്‌വാളാണ് സ്വര്‍ണം നേടിയത്. സൈനയോട് പരാജയപ്പെട്ട പി വി സിന്ധു, പുരുഷ വിഭാഗം ബാ്ഡമിന്റണ്‍ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്ത്, പുരുഷ വിഭാഗം ബാഡ്മിന്റണ്‍ ഡബിള്‍സില്‍ സാത്‌വിക് രംഗി റെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം, വിനിതാ വിഭാഗം സ്‌ക്വാഷ് ഡബിള്‍സില്‍ ജോഷ്്‌ന ചിന്നപ്പ- ദീപിക പള്ളിക്കല്‍ സഖ്യം എന്നിവര്‍ വെള്ളിയണിഞ്ഞു.

പുരുഷ വിഭാഗം ടേബിള്‍ ടെന്നിസ് സിംഗിള്‍സില്‍ അജാന്ത ശരത്, ടേബിള്‍ ടെന്നിസ് മിക്‌സഡ് ഡബിള്‍സില്‍ സത്യന്‍ ജ്ഞാന ശേഖരന്‍- മണിക ബാത്ര സഖ്യം വെങ്കവവും നേടി. ഗെയിംസിന്റെ പത്താം ദിനത്തിലാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയത്. അഞ്ച് വ്യത്യസ്ത ഇനങ്ങളില്‍ നിന്നായി എട്ട് സ്വര്‍ണമാണ് സ്വന്തമാക്കിയത്. ബോസ്‌കിംഗില്‍ മൂന്ന്, ഷൂട്ടിംഗില്‍ ഒന്ന്, ഗുസ്തിയില്‍ രണ്ട്, ടേബിള്‍ ടെന്നീസില്‍ നിന്നും ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ നിന്നും ഓരോന്ന് വീതം. ഇതിനെല്ലാം പുറമെ അഞ്ച് വെള്ളിയും ഒരു വെങ്കലവുമാണ് പത്താം ദിനത്തില്‍ ഇന്ത്യ വാരിയത്.

Latest