ധനകാര്യ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ മോദി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: മന്ത്രി ഐസക്

ആന്ധ്രയില്‍ ഈമാസം സംസ്ഥാന ധനമന്ത്രിമാരുടെ യോഗം വിളിക്കും
Posted on: April 14, 2018 6:04 am | Last updated: April 14, 2018 at 12:35 am

തിരുവനന്തപുരം: ധനകാര്യകമ്മീഷന്റെ പരിഗണനാ വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മന്ത്രി ഡോ. തോമസ് ഐസക്ക്. സംസ്ഥാനത്തിന്റെ വിഹിതത്തില്‍ 91 ശതമാനം കണക്കാക്കുന്ന നികുതിയിലുണ്ടാകുന്ന കുറവ് മൊത്തം രണ്ട്്, മൂന്ന് ശതമാനം വരുന്ന ഇന്‍സെന്റീവുകള്‍ കൊണ്ട് നികത്തുമെന്നുളള പ്രധാനമന്ത്രിയുടെ പ്രസ്താവന ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ളതാണ്. എന്തായാലും തങ്ങള്‍ ഉയര്‍ത്തിയ വിഷയം പ്രധാനമന്ത്രി അംഗീകരിച്ചുവെന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം അദ്ദേഹം ഇക്കാര്യത്തില്‍ നടത്തിയ പ്രസ്താവന. കഴിഞ്ഞ പത്തിന് തിരുവന്തപുരത്ത് ചേര്‍ന്ന ദക്ഷിണേന്ത്യന്‍ ധനമന്ത്രിമാരുടെ യോഗത്തിന്റെ തുടര്‍ച്ചയായി ഈ മാസം അവസാനം ആന്ധ്രാപ്രദേശില്‍ നടക്കുമെന്നും ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഈ മാസം അവസാനം ആന്ധ്രയിലെ വിശാഖപട്ടണത്തിലോ, വിജയവാഡയിലോ ആയിരിക്കും നടക്കുക. ഈ യോഗത്തില്‍ പശ്ചിമബംഗാള്‍, ഒറീസ, ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളെകൂടി വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് ശേഷം ഡല്‍ഹിയില്‍ വെച്ച് ധനകാര്യവിദഗ്ധര്‍, ധനകാര്യ കമ്മീഷന്‍ തുടങ്ങി എല്ലാവരെയും ഉള്‍പ്പെടുത്തി വിശദമായ സെമിനാര്‍ നടത്തും. ധനകാര്യ കമ്മീഷന്‍ രണ്ട് കാര്യങ്ങളാണ് പരിഗണിക്കുന്നത്. നികുതിപങ്കുവെക്കലും ഗ്രാന്റുകളും. അതില്‍ 91 ശതമാനം പരിഗണനക്ക് വരുന്നത് നികുതി ഘടകമാണ്. ഒന്‍പത് വിഷയങ്ങള്‍ക്കായി രണ്ട്്് മുതല്‍ മൂന്ന് ശതമാനം വരെ ഇന്‍സെന്റീവുകളാണ് നല്‍കുന്നത്. അതില്‍ നിന്നും നല്‍കി ജനസംഖ്യാപരമായി വരുമാനത്തില്‍ ലഭിക്കുന്ന കുറവ് പരിഹരിക്കാമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇത് തീര്‍ത്തും തട്ടിപ്പാണ്. സംസ്ഥാനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് വരുമാനം ഗണ്യമായി കുറക്കാനാണ് ശ്രമിക്കുന്നത്.

ജനസംഖ്യാ നിയന്ത്രണം എന്നത് ദേശീയ നയമാണ്. അതിന്റെ അടിസ്ഥാനത്തില്‍ പാര്‍ലിമെന്റിലെ അംഗങ്ങളുടെ എണ്ണത്തിനും ധനകാര്യ കമ്മീഷന്റെ നികുതി വിഭജനത്തിനും 1971ലെ ജനസംഖ്യാ കണക്കേ പരിഗണിക്കൂവെന്ന് പാര്‍ലിമെന്റിലും ദേശീയ വികസന കൗണ്‍സിലിലും പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ട്. നിര്‍ബന്ധമാണെങ്കില്‍ ജനസംഖ്യ കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്ക് ഇന്‍സെന്റീവ് നല്‍കട്ടെ. ഇപ്പോള്‍ അത് മാറ്റുന്ന സാഹചര്യത്തില്‍ ദേശീയ വികസന കൗണ്‍സില്‍ വിളിച്ച് സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തട്ടെയെന്നും തോമസ് ഐസക് പറഞ്ഞു.

ഇപ്പോള്‍ പ്രധാനമന്ത്രിയും മറ്റും നടത്തുന്നത് തങ്ങള്‍ കൊണ്ടുവന്നത് തെറ്റാണെന്ന് ബോധ്യപ്പെട്ടതുകൊണ്ട് അത് മറികടക്കാനുള്ള ശ്രമമാണ്. ധനകാര്യകമ്മീഷന്‍ ചെയ്യേണ്ട ചെറിയകാര്യങ്ങള്‍ പോലും നിര്‍ദേശിച്ചു നല്‍കി നിയന്ത്രിച്ച് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ ഇതൊക്കെ പറയുന്നത് തട്ടിപ്പാണ്. എന്തായാലും ഈ വിഷയം ദേശീയതലത്തില്‍ ചര്‍ച്ചയാക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. അത് തീര്‍ച്ചയായും ധനകാര്യകമ്മീഷന്റെ പരിഗണനയില്‍ വരും. അത് തന്നെയാണ് ലക്ഷ്യവും. ഈ സംവാദം ഇനിയും ഉയര്‍ന്നതലത്തില്‍ പോകുമെന്നും മന്ത്രി പറഞ്ഞു.