പൊന്നാനിയില്‍ ബോട്ട് കടലില്‍ മുങ്ങി

Posted on: April 14, 2018 6:27 am | Last updated: April 14, 2018 at 12:30 am

പൊന്നാനി: ശക്തമായ കാറ്റിലും തിരയിലും പെട്ട് മത്സ്യബന്ധന ബോട്ട് കടലില്‍ മുങ്ങി. പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് അടിയിലെ പലക ഇളകി വെള്ളം കയറി കടലില്‍ മുങ്ങിയത്. വ്യാഴാഴ്ച രാത്രിയോടെ മത്സ്യബന്ധനം കഴിഞ്ഞ് കരയിലേക്ക് തിരിച്ചുവരികയായിരുന്ന പൊന്നാനി സ്വദേശി ആല്യാമാക്കാനകത്ത് ജറീബിന്റെ ഉടമസ്ഥതയിലുള്ള ജാബിര്‍ മോന്‍ എന്ന ബോട്ടാണ് അപകടത്തിപ്പെട്ടത്. താനൂരില്‍ നിന്ന് പത്ത് നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു സംഭവം. ശക്തമായ കാറ്റിലും തിരയിലും പെട്ട് ബോട്ട് ആടിയുലയുകയും ബോട്ടിന്റെ അടിഭാഗത്തെ പലക ഇളകി ബോട്ടിനകത്ത് വെള്ളം കയറുകയുമായിരുന്നു. ബോട്ടിനകത്ത് അഞ്ച് തൊഴിലാളികളാണ് ഉണ്ടായിരുന്നത്.

പൊന്നാനി സ്വദേശികളായ ഹാജിയാരകത്ത് കാദര്‍കുട്ടി, പുത്തന്‍പുരയില്‍ സലാം, പുതുപൊന്നാനി സ്വദേശി അബ്ദുല്ലക്കുട്ടി, ഇതര സംസ്ഥാനക്കാരായ ടോര്‍വിന്‍, സിക്കന്ദര്‍ എന്നിവരെ മറ്റു ബോട്ടുകളിലുള്ളവര്‍ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. തുടര്‍ന്ന് ചാലിയത്ത് നിന്ന് മുങ്ങല്‍ വിദഗ്ധരെത്തി ബോട്ട് കെട്ടിവലിച്ച് പൊന്നാനി ഹാര്‍ബറിലേക്ക് കൊണ്ടുവന്നു. അപകടത്തില്‍ വലയും മത്സ്യവും നഷ്ടമായി. 12 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.