തൂക്കകൃത്യതയെ കുറിച്ച് തര്‍ക്കം; ഗോഡൗണുകളില്‍ റേഷന്‍ സാധനങ്ങള്‍ കെട്ടിക്കിടക്കുന്നു

Posted on: April 14, 2018 6:14 am | Last updated: April 14, 2018 at 12:17 am

കോഴിക്കോട്: കൃത്യമായ അളവില്‍ കടകളില്‍ തന്നെ റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യണമെന്ന നിലപാടില്‍ വ്യാപാരികള്‍ ഉറച്ച് നില്‍ക്കുന്നതോടെ സംസ്ഥാനത്ത് ഗോഡൗണുകളില്‍ റേഷന്‍ സാധനങ്ങള്‍ കെട്ടിക്കിടക്കുന്നു. വിഷുവിന് മുന്നോടിയായി വില്‍പ്പന നടത്തേണ്ട റേഷന്‍ സാധനങ്ങളാണ് സംസ്ഥാനത്തെ എഴുപതിലധികം ഗോഡൗണുകളിലുള്ളത്.

സ്റ്റോക്കില്‍ ബാക്കിയുള്ള അരി മാത്രമേ ഇപ്പോള്‍ കടകളില്‍ വിതരണം ചെയ്യുന്നുള്ളൂ. ഈ മാസം 10ന് ഇ പോസ് മെഷീന്‍ സ്ഥാപിച്ചതിനെ തുടര്‍ന്നാണ് ഗോഡൗണുകളില്‍ നിന്ന് സാധനങ്ങള്‍ എടുക്കില്ലെന്നും റേഷന്‍ കടകളില്‍ തന്നെ കൃത്യമായ തൂക്കത്തില്‍ വിതരണം ചെയ്യണമെന്നും വ്യാപാരികള്‍ നിലപാടെടുത്തത്.

പുതുതായി അനുവദിക്കുന്ന ഭക്ഷ്യധാന്യവും മറ്റ് റേഷന്‍ സാധനങ്ങളും കടകളില്‍ തൂക്കം ബോധ്യപ്പെടുത്തി നല്‍കുമെന്ന ഉറപ്പില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോയതായി വ്യാപാരികള്‍ പറയുന്നു. അതേസമയം, കടകളില്‍ തന്നെ കൃത്യമായ അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യണമെന്ന നിര്‍ദേശം ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ കരാറുകാര്‍ക്ക് വേണ്ടി അട്ടിമറിക്കുന്നതായാണ് ആരോപണം.

കടകളില്‍ തന്നെ സാധനങ്ങള്‍ വ്യാപാരികള്‍ക്ക് തൂക്കി നല്‍കുന്നത് സംബന്ധിച്ച് ഈ മാസം 11ന് എല്ലാ ഗോഡൗണ്‍ മാനേജര്‍മാര്‍ക്കും എന്‍ എഫ് എസ് എ മാനേജര്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും നടപ്പായിട്ടില്ല. ചില്ലറ വ്യാപാരികള്‍ക്കുള്ള സ്റ്റോക്ക് വിതരണത്തിനായി കരാറുകാരനെ ചുമതലപ്പെടുത്തുമ്പോള്‍ ഓരോ കടക്കും നല്‍കിയിട്ടുള്ള ലിസ്റ്റ് പ്രകാരമുള്ള സാധനങ്ങളുടെ അളവ് തൂക്കം കരാറുകാരനെയോ തൂക്കിക്കയറ്റുമ്പോള്‍ ചില്ലറ വ്യാപാരികളെയോ അവരുടെ പ്രതിനിധിയേയോ ബോധ്യപ്പെടുത്തണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഇന്നലെ തൃശൂര്‍ ജില്ലയിലെ 12 ഷാപ്പുകളില്‍ വ്യാപാരികള്‍ ഗോഡൗണില്‍ നേരിട്ടെത്തി സാധനങ്ങള്‍ ശേഖരിച്ചു. വിതരണത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് വിവിധ ജില്ലകളില്‍ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥരും വ്യാപാരികളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനമായിരുന്നില്ല. റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ഗോഡൗണുകളില്‍ തൂക്കിനല്‍കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചെങ്കിലും ശരിയായ തൂക്കം ഉറപ്പാക്കാന്‍ ഗോഡൗണുകളില്‍ തൂക്കമെഷീന്‍ ഇല്ലെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടി. തൂക്കത്തിന്റെ പേരില്‍ ഗോഡൗണുകളില്‍ വന്‍തട്ടിപ്പ് നടക്കുന്നതായും വ്യാപാരികള്‍ ആരോപിക്കുന്നു. തൂക്കത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28ന് ഇറക്കിയ ഉത്തരവില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാറും വ്യാപാരികളും തമ്മില്‍ ഒരു തീരുമാനത്തിലെത്തിയിട്ടില്ലെങ്കില്‍ റേഷന്‍ സംവിധാനം തകരാറിലാകും. അതേസമയം ഇ പോസ് മെഷീന്‍ സ്ഥാപിച്ചതിന് ശേഷം പല സ്ഥലങ്ങളിലും റേഷന്‍ വിതരണം സാധാരണ നിലയിലേക്ക് വന്നിട്ടില്ല. റേഞ്ച് പ്രശ്‌നം കാരണം പല സ്ഥലങ്ങളിലും മെഷീന്‍ പണിമുടക്കുന്നത് തുടരുകയാണ്.