കത്വ, ഉന്നാവോ കൂട്ട ബലാത്സംഗം: പ്രതിഷേധാഗ്നി

  • ബി ജെ പി മന്ത്രിമാര്‍ രാജിക്കത്ത് നല്‍കി
  • സഖ്യം നൂല്‍പ്പാലത്തില്‍, തീരുമാനം ഇന്ന്
Posted on: April 14, 2018 6:01 am | Last updated: April 14, 2018 at 9:50 am

ന്യൂഡല്‍ഹി/ ജമ്മു: ജമ്മു കശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിലും ഉത്തര്‍പ്രദേശില്‍ ബി ജെ പി. എം എല്‍ എ ഉള്‍പ്പെട്ട ബലാത്സംഗ കേസിലും രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ തെരുവിലിറങ്ങി.

കത്വ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ജമ്മുവിലെ ഗുജ്ജാര്‍ വിഭാഗം പ്രതിഷേധിച്ചു. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം സമാനമായ ആവശ്യവുമായി ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

അണയില്ല രോഷം: കത്വ കൂട്ട ബലാത്സംഗത്തില്‍ പ്രതിഷേധിച്ച് ബെംഗളൂരുവില്‍ വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ചില്‍ കോലം കത്തിക്കുന്നു

പ്രതിഷേധം ശക്തമാകുന്നതിനിടെ കത്വ കേസിലെ പ്രതികളെ പിന്തുണച്ച രണ്ട് ബി ജെ പി മന്ത്രിമാര്‍ രാജിക്കത്ത് നല്‍കി. ജമ്മു കശ്മീര്‍ വ്യവസായ മന്ത്രി ചന്ദ്രപ്രകാശ് ഗംഗ, വന മന്ത്രി ലാല്‍ സിംഗ് എന്നിവരാണ് രാജിക്കത്ത് ബി ജെ പി സംസ്ഥാന അധ്യക്ഷന് കൈമാറിയത്. പ്രതികളെ പിന്തുണച്ച് ഹിന്ദു ഏകതാ മഞ്ച് നടത്തിയ മാര്‍ച്ചില്‍ സംസാരിച്ചവരാണ് ഇരുവരും. കത്വ കേസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ബി ജെ പിയുമായുള്ള ബന്ധം പി ഡി പി ഉപേക്ഷിക്കാന്‍ തയ്യാറായേക്കുമെന്ന സാഹചര്യത്തിലാണ് രാജിക്കത്ത് നല്‍കിയത്. ഇരുവരുടെയും രാജി പി ഡി പി ആവശ്യപ്പെട്ടിരുന്നു. ബി ജെ പിയുമായുള്ള സഖ്യ വിഷയത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഇന്ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. അതേസമയം, പോക്‌സോ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്നത് പരിഗണനയിലാണെന്ന് വനിതാ ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി പറഞ്ഞു. പന്ത്രണ്ട് വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കേസില്‍ വധശിക്ഷ നല്‍കണമെന്ന ഭേദഗതിയാണ് കൊണ്ടുവരുന്നത്.

കത്വ കൂട്ട ബലാത്സംഗ കേസ് നടന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. നാടോടികളായ ബഖര്‍വാല്‍ മുസ്‌ലിംകളെ ആട്ടിയോടിക്കാന്‍ വേണ്ടിയാണ് എട്ട് വയസ്സുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തുകൊന്നതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഗ്രാമത്തിലെ ക്ഷേത്രത്തിനുള്ളില്‍ വെച്ച് പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷമായിരുന്നു തലക്കടിച്ചു കൊലപ്പെടുത്തിയത്.