ലഹരിവിരുദ്ധ പ്രചാരണം: എസ് വൈ എസ് ‘ജനജാഗ്രത’ക്ക് തുടക്കം

Posted on: April 12, 2018 6:25 am | Last updated: April 11, 2018 at 11:40 pm

കോഴിക്കോട്: ലഹരി വഴികളെ തിരിച്ചറിയുക, നമ്മുടെ മക്കളെ രക്ഷിക്കുക എന്ന സന്ദേശവുമായി എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെയ് പത്ത് വരെ നടക്കുന്ന ലഹരിവിരുദ്ധ പ്രചാരണം-ജനജാഗ്രതക്ക് തുടക്കമായി. കോഴിക്കോട് സമസ്ത സെന്ററില്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുര്‍റഹ്്മാന്‍ സഖാഫി ജനജാഗ്രത ഉദ്ഘാടനം ചെയ്തു. ലഹരിയുടെ നീരാളിപ്പിടിത്തത്തില്‍ നിന്ന് വിദ്യാര്‍ഥികളെയും യുവതലമുറയെയും രക്ഷപ്പെടുത്താന്‍ കഠിനമായ പ്രയത്‌നങ്ങള്‍ വേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ കടുത്ത ആശങ്ക സൃഷ്ടിക്കുന്നതാണ്. ഈ മഹാവിപത്തിന്റെ വ്യാപ്തി രക്ഷിതാക്കളെയും പൊതുസമൂഹത്തെയും ബോധ്യപ്പെടുത്തുന്നതില്‍ നമ്മുടെ സാമൂഹികോത്തരവാദിത്വം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ഒരു മാസം നീണ്ടുനില്‍ക്കുന്ന ജനജാഗ്രതയില്‍ കേരളത്തിലെ 12000 ഗ്രാമങ്ങളില്‍ നാട്ടുകൂട്ടം സംഘടിപ്പിക്കും. സാംസ്‌കാരിക പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍, നിയമപാലകര്‍, പൊതുപ്രവര്‍ത്തകര്‍ പങ്കെടുക്കും. ലഹരിക്കെതിരെയുള്ള ഡോക്യുമെന്ററി പ്രദര്‍ശനത്തോടെ ആരംഭിക്കുന്ന ചര്‍ച്ചയില്‍ ലഹരി മാഫിയക്കെതിരെ നാട്ടുകൂട്ടം പ്രതിരോധ സമിതികള്‍ക്ക് രൂപം നല്‍കും. രക്ഷിതാക്കളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി കുടുംബസഭകളും ചേരും. എസ് വൈ എസിന്റെ 540 സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ യൂനിറ്റ് പ്രവര്‍ത്തകര്‍ സംഗമിച്ച് ലഹരി വിരുദ്ധ പ്രതിരോധ വലയം തീര്‍ക്കും. മെയ് പത്തിന് കേരളത്തിലെ മുഴുവന്‍ കലക്ട്രറേറ്റുകളിലേക്കും ലഹരിമാഫിയക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് നടത്തും. .

ഉദ്ഘാടന പരിപാടിയില്‍ സയ്യിദ് ത്വാഹാ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മജീദ് കക്കാട്, അബ്ദുല്ലത്വീഫ് സഅദി പഴശ്ശി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അബ്ദുല്‍ ഖാദിര്‍ മദനി, ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി, റഹ്്മത്തുല്ല സഖാഫി, മുഹമ്മദ് പറവൂര്‍, എസ് ശറഫുദ്ദീന്‍, എം മുഹമ്മദ് സ്വാദിഖ് പ്രസംഗിച്ചു.