കുപ്പിവെള്ളത്തിനു വില കുറയാത്തത് വ്യാപാരികള്‍ സഹകരിക്കാത്തത് മൂലം

Posted on: April 11, 2018 10:01 pm | Last updated: April 12, 2018 at 10:29 am

കണ്ണൂര്‍: കുപ്പിവെള്ളത്തിന്റെ വില കുറക്കാനുള്ള തീരുമാനം നടപ്പിലാകാത്തതിന് പിന്നില്‍ വ്യാപാരികളാണെന്ന് കുപ്പിവെള്ള കമ്പനികള്‍. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില 20 രൂപയില്‍നിന്നു 12 രൂപയായി കുറക്കാനുള്ള കുപ്പിവെള്ള നിര്‍മാതാക്കളുടെ സംഘടനയുടെ തീരുമാനം വ്യാപാരികളുടെ സഹകരണമില്ലായ്മ കൊണ്ടാണ് അട്ടിമറിക്കപ്പെട്ടത്.

സംസ്ഥാനത്ത് 140ഓളം കുപ്പിവെള്ള നിര്‍മാണ കമ്പനികളുണ്ട്. ഇവരില്‍ അല്‍പം ചിലര്‍ മാത്രമേ ഇപ്പോഴും 12 രൂപയുടെ കുപ്പിവെള്ളം കച്ചവടക്കാരിലെത്തിക്കുന്നുള്ളൂ. പക്ഷെ, 12 രൂപക്ക് വില്‍ക്കാന്‍ വേണ്ടി എട്ട് രൂപക്ക് കച്ചവടക്കാര്‍ക്ക് നല്‍കുന്ന കുപ്പിവെള്ളമാണ് കൂടുതല്‍ കച്ചവടക്കാരും വാങ്ങുന്നത്. പക്ഷെ അവ വില്‍ക്കുന്നത് 20 രൂപക്കുമാണ്. ചില കമ്പനികള്‍ 12 രൂപ വില രേഖപ്പെടുത്തിയ കുപ്പിവെള്ളം തയാറാക്കിയിട്ടുണ്ടെങ്കിലും കച്ചവടക്കാര്‍ വാങ്ങാന്‍ തയാറാകുന്നില്ലെന്നാണ് ആരോപണം.

സംസ്ഥാനത്തെ നൂറ്റിനാല്‍പ്പതോളം വരുന്ന കുപ്പിവെള്ള നിര്‍മാണ കമ്പനികളില്‍ പത്തില്‍ താഴെ കമ്പനികളുടെ വെള്ളം മാത്രമേ ഇപ്പോള്‍ 12 രൂപക്ക് വിപണിയിലെത്തുന്നുള്ളൂ. എട്ടു രൂപയ്ക്കു വാങ്ങുന്ന വെള്ളമാണു കച്ചവടക്കാര്‍ ഇപ്പോഴും 20 രൂപയ്ക്കു വില്‍ക്കുന്നത്.

ഏപ്രില്‍ ഒന്നു മുതല്‍ കുപ്പിവെള്ളത്തിനു 12 രൂപയേ ഈടാക്കാവൂ എന്നു കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷനാണു തീരുമാനിച്ചത്. നൂറിലേറെ കമ്പനികള്‍ക്ക് അസോസിയേഷനില്‍ അംഗത്വമുണ്ട്. 86 പേര്‍ പങ്കെടുത്ത ജനറല്‍ ബോഡിയില്‍ 64 പേരുടെ പിന്തുണയോടെയാണു തീരുമാനം പാസ്സായത്. പക്ഷേ, ഇപ്പോഴും സംസ്ഥാനത്തെ ഭൂരിഭാഗം കടകളിലും 20 രൂപയ്ക്കു തന്നെയാണു കുപ്പിവെള്ളം വില്‍ക്കുന്നത്. റെയില്‍വേ സ്‌റ്റേഷനുകളില്‍ 15 രൂപയ്ക്കും.

കുപ്പിവെള്ളത്തിന് 12 രൂപയില്‍ കൂടുതല്‍ വിലയ്ക്ക് വില്ക്കാന്‍ പാടില്ലെന്ന കുപ്പിവെള്ള നിര്‍മാതാക്കളുടെ അസോസിയേഷന്റെ പ്രസ്താവന ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ (കെ എച്ച് ആര്‍ എ) ജില്ലാ കമ്മിറ്റി പരാതിപ്പെട്ടിട്ടുണ്ട്. ഹോട്ടലുകളില്‍ കൂടുതലും ഉപയോഗിക്കുന്ന ഭൂരിഭാഗം കമ്പനികളുടെയും കുപ്പിവെള്ളത്തിന്റെ വില കുറച്ചിട്ടില്ല. ഇതിന്റെ പേരില്‍ വ്യാപാരികളും ഉപഭോക്താക്കളും തമ്മില്‍ തര്‍ക്കത്തിനിടവരുന്നു. അതിനാല്‍ കുപ്പിവെള്ളവിലയിലെ ഈ ആശയക്കുഴപ്പം നീക്കുകയും നിര്‍മാതാക്കള്‍ കുപ്പിയില്‍ വില രേഖപ്പെടുത്തുകയും ചെയ്യണം. ഇതോടൊപ്പം കുപ്പിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കുപ്പിവെള്ളത്തിന് എം.ആര്‍.പി. വിലയില്‍ കൂടുതല്‍ വില ഉപഭോക്താക്കളില്‍നിന്ന് ഈടാക്കരുതെന്ന് അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായും അസോസിയേഷന്‍ കൂട്ടിച്ചേര്‍ത്തു.