റേഡിയോ ജോക്കിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു

Posted on: April 11, 2018 10:27 am | Last updated: April 11, 2018 at 3:43 pm

കൊല്ലം: റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ വെട്ടിക്കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തു. കേസിലെ പ്രധാന പ്രതി അലിഭായിയുടെ സാന്നിധ്യത്തില്‍ കരുനാഗപ്പള്ളി കന്നേറ്റി കായലില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ഒരു വാളും വളഞ്ഞുകൂര്‍ത്ത മറ്റൊരു ആയുധവുമാണ് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത അലിഭായിയെ ചോദ്യം ചെയ്തപ്പോള്‍ ആയുധങ്ങള്‍ ഇവിടെ കളഞ്ഞതായി മൊഴി നല്‍കിയിരുന്നു. കൊലപാതകത്തിന് ശേഷം മൂന്നംഗസംഘം സഞ്ചരിച്ച കാര്‍ കന്നേറ്റി പാലത്തിന് മുകളില്‍ നിര്‍ത്തിയശേഷം വസ്ത്രങ്ങളും വാളും കാറിലിരുന്ന് തന്നെ കായലിലേക്ക് വലിച്ചെറിഞ്ഞെന്നാണ് അലിഭായി പറഞ്ഞത്. മുങ്ങല്‍ വിദഗ്ദ്ധര്‍ രണ്ട് മണിക്കൂറോളം കായലില്‍ ഇന്നലെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് വീണ്ടും നടത്തിയ തെരച്ചിലില്‍ ആയുധങ്ങള്‍ കണ്ടെടുക്കുകയായിരുന്നു.

കേസിലെ മുഖ്യപ്രതി അലിഭായ് എന്ന സാലിഹ് ബിന്‍ ജലാല്‍ കുറ്റം സമ്മതിച്ചിരുന്നു. ഇന്നലെ പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. ഖത്വര്‍ പോലീസ് പിടികൂടിയ ഇയാളെ ജെറ്റ് എയര്‍വേസില്‍ തിരുവനന്തപുരത്തേക്ക് അയക്കുകയായിരുന്നു.
രാജേഷിനെ തന്റെ നേതൃത്വത്തില്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇതിന് ശേഷം ആയുധം കൊല്ലത്ത് ഉപേക്ഷിച്ചുവെന്നും അലിഭായ് പോലീസിന് മൊഴി നല്‍കി. ഖത്വറില്‍ തന്റെ ജിംനേഷ്യത്തിന്റെ ഉടമയായ സത്താറിന്റെ മുന്‍ ഭാര്യയും രാജേഷും തമ്മിലുള്ള ബന്ധമാണ് കൊലയിലേക്കു നയിച്ചതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. ക്വട്ടേഷനായിട്ടല്ല ജോലി നല്‍കിയ സത്താറിനോടുള്ള നന്ദിയെന്ന നിലയിലാണ് കൃത്യം ചെയ്തത്. കൊലപാതകം സംബന്ധിച്ച എല്ലാ വിവരങ്ങളും സത്താറിന് അറിയാമായിരുന്നു. കൃത്യം നടത്താനായി നാട്ടിലേക്കുള്ള വിമാന ടിക്കറ്റിനായി പണം നല്‍കിയത് സത്താറാണ്. സുഹൃത്തായ അപ്പുണ്ണിയുടെ സഹായത്തോടെയാണ് മറ്റുകാര്യങ്ങള്‍ ആസൂത്രണം ചെയ്തതെന്ന് അലിഭായിയുടെ മൊഴിയില്‍ പറയുന്നു.

പണം തിരിച്ചു നല്‍കുന്നതുമായും കുടുംബ ജീവിതം തകര്‍ത്തതുമായും ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കേസിലെ മുഖ്യപ്രതിയായ അലിഭായ് പോലീസ് പിടിയിലായെങ്കിലും ഗൂഢാലോചനക്ക് നേതൃത്വം നല്‍കിയ അപ്പുണ്ണി ഇപ്പോഴും ഒളിവിലാണ്. കേസിലെ മുഖ്യപ്രതി കുറ്റം സമ്മതിച്ചതോടെ ഇയാളെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്താനുള്ള നീക്കം പോലീസ് തുടങ്ങി. അതേസമയം ഒളിവില്‍ തുടരുന്ന അപ്പുണ്ണിക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.