ദുബൈയില്‍ താമസത്തിന് അഞ്ച് മികച്ച സന്തോഷപ്രദ ഇടങ്ങള്‍

Posted on: April 10, 2018 7:53 pm | Last updated: April 10, 2018 at 7:53 pm

ദുബൈ: നഗരത്തിലെ ഏറ്റവും സന്തോഷപ്രദമായ ഇടങ്ങള്‍ പ്രഖ്യാപിച്ചു. വിവിധ നഗരങ്ങളിലെ താമസ കേന്ദ്രങ്ങളെ ആസ്പദമാക്കി പ്രമുഖ ഭവന സേവന ദാതാക്കളായ സര്‍വീസ് മാര്‍ക്കറ്റ് നടത്തിയ സര്‍വേയിലാണ് എമിറേറ്റ്‌സ് ലിവിങ്, ജുമൈറ, ജെ എല്‍ ടി, സിലിക്കണ്‍ ഒയാസിസ്, ദുബൈ മറീന, ഡൗണ്‍ ടൗണ്‍ തുടങ്ങിയവ താമസ കേന്ദ്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് മികച്ച ഇടങ്ങളാണെന്ന് കണ്ടെത്തിയത്.

താരതമ്യേന കുറഞ്ഞ ഗതാഗത കുരുക്കും വിദ്യാലയങ്ങളുടെ സാന്നിധ്യമില്ലായ്കയും ഈ മേഖലയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതിന് കഴിയുമെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. ദുബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 2,000 പേരെ പങ്കെടുപ്പിച്ചാണ് സര്‍വേ ഒരുക്കിയത്.

താമസ കേന്ദ്രങ്ങളിലെ മികച്ച സേവനങ്ങള്‍, കുട്ടികള്‍ക്കുള്ള വിനോദ കേന്ദ്രങ്ങള്‍, ഹരിത മേഖലകള്‍, പൊതു ഗതാഗത സൗകര്യങ്ങള്‍, പാര്‍ക്കിംഗ് സൗകര്യങ്ങള്‍, സുഗമമായ ഗതാഗതം, ശബ്ദ മലിനീകരണത്തിന്റെ കുറവ്തുടങ്ങിയവ മികച്ച കേന്ദ്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ മാനദണ്ഡമായിരുന്നു.