അറബ് വംശജന്‍ ഹോട്ടലില്‍ കൊല്ലപ്പെട്ടു: രണ്ടു പേര്‍ പിടിയില്‍

Posted on: April 9, 2018 10:01 pm | Last updated: April 9, 2018 at 10:01 pm

ദുബൈ: അമേരിക്കന്‍ പൗരത്വമുള്ള 25 വയസ്സുള്ള അറബ് വംശജനെ ഹോട്ടല്‍ മുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇത് സംബന്ധിച്ച് രണ്ടു അറബ് പൗരന്‍മാരെ പോലീസ് അറസ്റ്റു ചെയ്തു. അന്വേഷണം ആരംഭിച്ചു നാലുമണിക്കൂറിനകം തന്നെ ഒരു പ്രതിയെ പിടികൂടാന്‍ സാധിച്ചതായി സി ഐ ഡി മേധാവി മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു.

പ്രതിയുടെ താമസസ്ഥലത്തു നിന്നാണ് പിടികൂടിയത്. തന്റെ അമ്മാവനെ ഫോണില്‍ കിട്ടുന്നില്ലെന്ന് ഒരാള്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ മുറഖബാത് പോലീസ് ആണ് കേസ് അന്വേഷിച്ചത്. കൊല്ലപ്പെട്ടയാളുടെ ഫോറന്‍സിക് പരിശോധനയില്‍ ഇരയുടെ തലയില്‍ അടിയേറ്റ പാട് കണ്ടെത്തി. ഇയാളെക്കുറിച്ചു വിശദമായ അന്വേഷണം ആരംഭിച്ചു. ഇയാള്‍ ഇടയ്ക്കിടെ ദുബൈയില്‍ വന്നു പോകുന്ന ആളാണെന്നു കണ്ടെത്തി. വ്യത്യസ്ത ഹോട്ടലുകളിലാണ് താമസം. അന്വേഷണത്തിന് രണ്ടു ദിവസം മുമ്പാണ് കൊലപാതകം നടന്നത്. മേശ വലിപ്പു കൊണ്ടാണ് അടിയേറ്റത്. ഹോട്ടലിലെ ക്യാമറ പരിശോധിച്ചപ്പോഴാണ് കൊല്ലപ്പെട്ട ആളുടെ കൂടെ മറ്റൊരാളെക്കൂടി കണ്ടത്. പ്രതിയുടെ താമസസ്ഥലം കണ്ടെത്താന്‍ പ്രയാസമുണ്ടായില്ല. കവര്‍ച്ചയായിരുന്നു ലക്ഷ്യമെന്ന് പ്രതി പോലീസിനോട് കുറ്റസമ്മതം നടത്തി. കൊല്ലപ്പെട്ടയാളുടെ എ ടി എം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ സഹായം ചെയ്ത പ്രതിയുടെ സുഹൃത്തിനെയും പിടികൂടി.