ചോദ്യപേപ്പര്‍ മാറി നല്‍കിയ സംഭവം: അമിയക്ക് പുനഃപരീക്ഷ നടത്തണമെന്ന് ഹൈക്കോടതി

Posted on: April 9, 2018 8:30 pm | Last updated: April 10, 2018 at 12:57 pm

കൊച്ചി: സി ബി എസ് ഇ ഗണിതപരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ മാറി നല്‍കിയ സംഭവത്തില്‍ വിദ്യാര്‍ഥിക്ക് പുനഃപരീക്ഷ നടത്തണമെന്ന് ഹൈകോടതി. പരീക്ഷക്ക് 2016ലെ ചോദ്യപ്പേപ്പര്‍ ലഭിച്ച കോട്ടയം സ്വദേശിനി അമിയ സലീം എന്ന വിദ്യാര്‍ഥിനി നല്‍കിയ ഹരജിയിലാണ് കോടതി വിധി. കോട്ടയം മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് അമിയ.

കോട്ടയം വടവാതൂര്‍ നവോദയ സെന്ററില്‍ പരീക്ഷയെഴുതിയ അമിയ സലീം എന്ന വിദ്യാര്‍ഥിനിക്ക്് ലഭിച്ചത് 2016ലെ കണക്കുപരീക്ഷയുടെ ചോദ്യപേപ്പറായിരുന്നു. പരീക്ഷയ്ക്കുശേഷം ബസ്സില്‍ യാത്രചെയ്യവെ സഹപാഠികളുടെ ചോദ്യപേപ്പറും തന്റെ ചോദ്യപേപ്പറുമായി വ്യത്യാസം കണ്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പഴയ ചോദ്യപേപ്പറാണ് ലഭിച്ചതെന്ന് അമിയയ്ക്ക് മനസ്സിലായത്. തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിവേദിതയെ വിവരം അറിയിക്കുകയായിരുന്നു. പ്രിന്‍സിപ്പല്‍ ചോദ്യപേപ്പര്‍ മാറിയതുസംബന്ധിച്ച് സി ബി എസ് ഇ തിരുവനന്തപുരം റീജ്യനല്‍ ഓഫീസില്‍ പരാതി നല്‍കിയെങ്കിലും തുടര്‍ നടപടിയൊന്നുമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് അമിയ ഹൈകോടതിയില്‍ ഹരജി നല്‍കിയത്.