മെഡിക്കല്‍ ബില്‍: കോണ്‍ഗ്രസില്‍ ഭിന്നത തുടരുന്നു

Posted on: April 9, 2018 6:05 am | Last updated: April 8, 2018 at 11:58 pm

തിരുവനന്തപുരം: മെഡിക്കല്‍ ബില്ലിനെ പിന്തുണച്ച പ്രതിപക്ഷ നടപടിയെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. മുതിര്‍ന്ന നേതാക്കളായ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണിയും വി എം സുധീരനും വിയോജിപ്പ് തുറന്ന് പറഞ്ഞതിന് പിന്നാലെ യുവനിരയും പരസ്യനിലപാടുകളുമായി രംഗത്ത് വന്നു തുടങ്ങി.

സര്‍ക്കാര്‍ നടപടിയില്‍ കോടികളുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് ബെന്നി ബെഹനാന്‍ ആരോപിച്ചു. എന്നാല്‍, ബെന്നി ബഹനാന്റേത് ആദര്‍ശ തള്ളലാണെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് പന്തളം സുധാകരന്റെ പരിഹാസം. ബെന്നി ബഹന്നാന്‍ മലര്‍ന്ന് കിടന്നു തുപ്പുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിവാദങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെ മുരളീധരനും രംഗത്ത് വന്നു. വിഷയം രാഷ്ട്രീയ കാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സ്വാശ്രയകോളജുകളെ സംരക്ഷിക്കാന്‍ ഭരണ പ്രതിപക്ഷ യോജിപ്പ് ഉണ്ടായത് ദുഃഖകരമാണെന്ന് മുതിര്‍ന്ന നേതാവ് എ കെ ആന്റണി കൂടി തുറന്നു പറഞ്ഞതോടെ കോണ്‍ഗ്രസിനുള്ളില്‍ മെഡിക്കല്‍ ബില്ലിനെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങള്‍ മുറുകി. നടപടിയില്‍ ആദ്യം മുതല്‍ വിയോജിപ്പ് തുറന്ന് പറഞ്ഞിരുന്ന രാഷ്ട്രീയകാര്യസമിതിയംഗം ബെന്നി ബെഹനാന്‍ ഇന്നലെ ഗുരുതരമായ ആരോപണങ്ങളുമായാണ്് രംഗത്ത് വന്നത്. മെഡിക്കല്‍ ബില്‍ പാസാക്കുന്നതില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നും സര്‍ക്കാറിലെ ഉന്നതര്‍ക്ക് അതില്‍ പങ്കുണ്ടെന്നും ബെന്നി ബഹനാന്‍ ആരോപിച്ചു. സ്വാഭാവികമായും ബില്ലിനെ പിന്തുണച്ച പ്രതിപക്ഷത്തെയും ഈ പ്രസ്താവന പ്രതിക്കൂട്ടില്‍ നിര്‍ത്തി. ഇതിന് പിന്നാലെ ബില്ലിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ ഒഴിവാക്കണമെന്നും കൂട്ടായി ആലോചിച്ചെടുത്ത തീരുമാനത്തെ ഇപ്പോള്‍ തള്ളിപ്പറയുന്നത് ശരിയല്ലെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി. ബില്ലിനെ പിന്തുണക്കാനിടയായ സാഹചര്യം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യണമെന്നാണ് വി എം സുധീരന്‍ പ്രതികരിച്ചത്.

ബില്ലിനെ എതിര്‍ത്ത വി ടി ബല്‍റാമിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ പരസ്യ നിലപാടുകള്‍ തുറന്നു പറഞ്ഞു. അവസരം നോക്കി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി താന്‍ മാത്രം മാന്യനെന്ന പ്രതീതി സൃഷ്ടിക്കുന്ന ആദര്‍ശരാഷ്ട്രീയത്തോട് താത്പര്യമില്ലെന്ന് പറഞ്ഞ് റോജി എം ജോണ്‍ ബല്‍റാമിനെതിരെ നേരത്തെ രംഗത്ത് വന്നിരുന്നു.

കഴിഞ്ഞ ഒമ്പത് മാസവും ഇതേക്കുറിച്ച് അഭിപ്രായം പറയാന്‍ അവസരമുണ്ടായിരുന്നിട്ടും അത് ചെയ്യാതെ ലൈക്കിനും കൈയടിക്കും വേണ്ടി ഒളിച്ചോടാനില്ലെന്നും റോജി പരിഹസിച്ചു.

ഇത്രയും കാലം ഇതേക്കുറിച്ച് ഒന്നും പറയാതെ അവസാന നിമിഷം ബോട്ടില്‍ നിന്ന് ചാടുന്നത് ഹീറോയിസമല്ലെന്ന് കെ എസ് ശബരീനാഥനും ബല്‍റാമിനെ വിമര്‍ശിച്ചു. അതേസമയം, ബല്‍റാമിന് തെറ്റ് സംഭവിച്ചിട്ടില്ലെന്നായിരുന്നു പി ടി തോമസ് എം എല്‍ എയുടെ പരാമര്‍ശം.

നടപടി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ട വിഷയമായിരുന്നു. പ്രതിപക്ഷ നടപടിയില്‍ തങ്ങളുടെ വിയോജിപ്പ് നേതാക്കളെ അറിയിക്കുമെന്ന് തുറന്ന് പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസും രംഗത്ത് വന്നിരുന്നു.