Connect with us

Sports

ഐ പി എല്‍ ഇന്നാരംഭിക്കും

Published

|

Last Updated

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് പൂരം ഇന്നാരംഭിക്കും. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ്, മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിങ്ങനെ എട്ട് ടീമുകളാണ് മാറ്റുരക്കുന്നത്.

ഉദ്ഘാടന മത്സരം മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും തമ്മില്‍. രാത്രി എട്ട് മണിക്കാണ് മത്സരം. ഞായറാഴ്ച രണ്ട് മത്സരങ്ങള്‍. കൊല്‍ക്കത്ത-ബാംഗ്ലൂര്‍, പഞ്ചാബ്-ഡല്‍ഹി.

രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സും രാജസ്ഥാന്‍ റോയല്‍സും ഐ പി എല്ലിലേക്ക് തിരിച്ചെത്തുന്നതാണ് ഇത്തവണത്തെ പ്രത്യേകത. മഹേന്ദ്ര സിംഗ് ധോണിയെ വീണ്ടും ക്യാപ്റ്റന്‍ സ്ഥാനത്ത് നിര്‍ത്തിക്കൊണ്ടാണ് ചെന്നൈ പ്രതാപകാലം വീണ്ടെടുക്കാന്‍ ഒരുങ്ങുന്നത്.
നാലാം കിരിടീം ലക്ഷ്യമിടുകയാണ് മുംബൈ. ഐ പി എല്ലിലെ ഏറ്റവും വിജയകരമായ ഫ്രാഞ്ചൈസി മുംബൈ ഇന്ത്യന്‍സാണ്. രോഹിത് ശര്‍മ നയിക്കുന്ന ടീം പ്രതിഭകളുടെ തട്ടകമാണ്. പാണ്ഡ്യ സഹോദരന്‍മാരും കീരന്‍ പൊള്ളാര്‍ഡും ജസ്പ്രീത് ബുമ്‌റയും ചേരുന്ന ടീം വെല്ലുവിളികളെ അതിജീവിക്കാന്‍ പോന്നതാണ്.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി പതിനൊന്നാം സീസണിനെ വാശിയോടെയാണ് എടുത്തിരിക്കുന്നത്. ഇതുവരെ ബാംഗ്ലൂരിനൊപ്പം ചാമ്പ്യന്‍മാരാകാന്‍ സാധിച്ചിട്ടില്ല. ഇത്തവണ, ക്ലബ്ബ് ആരാധകരേക്കാള്‍ താനാണ് ചാമ്പ്യന്‍ പട്ടം ആഗ്രഹിക്കുന്നതെന്ന് വിരാട് പറഞ്ഞു. വിരാടും എബിഡിവില്ലേഴ്‌സും ചേരുന്ന വെടിക്കെട്ട് ബാറ്റിംഗ് നിര ബാംഗ്ലൂരിന്റെ കരുത്താണ്. ഇംഗ്ലണ്ട് ആള്‍ റൗണ്ടര്‍ ക്രിസ് വോക്‌സും ബംഗ്ലൂരിന്റെ കൂടാരത്തിലുണ്ട്. നടപ്പ് സീസണില്‍ ഏറ്റവും വിലയേറിയ താരം വോക്‌സാണ്.

കിംഗ്‌സ് ഇലവന്‍ പഞ്ചാബിലാണ് ക്രിസ് ഗെയിലും യുവരാജ് സിംഗും. നായകസ്ഥാനത്ത് രവിചന്ദ്രന്‍ അശ്വിന്‍. ആരോണ്‍ ഫിഞ്ച്, ലോകേഷ് രാഹുല്‍, ഡേവിഡ് മില്ലര്‍ ഇങ്ങനെ പോകുന്നു പഞ്ചാബിന്റെ താരനിര.

ഡല്‍ഹി ഡെയര്‍ഡെവിള്‍സ് അടിമുടി മാറ്റത്തോടെ അവതരിക്കുന്നു. കോച്ച് റിക്കി പോണ്ടിംഗാണ്.
ക്യാപ്റ്റനായി ഗൗതം ഗംഭീറും. റബാഡ പരുക്കേറ്റ് പിന്‍മാറിയത് തിരിച്ചടിയാണ്. അഭിഷേക് ശര്‍മ, മന്‍ജോത് കല്‍റ, പ്രിഥ്വി ഷാ എന്നിങ്ങനെയാണ് താരനിര.