ബി ജെ പി പ്രാദേശിക ഘടകത്തില്‍ ഉരുള്‍പൊട്ടല്‍; 400 ഓളം പേര്‍ ജനതാദള്‍- എസിലേക്ക്

Posted on: April 7, 2018 6:08 am | Last updated: April 6, 2018 at 11:11 pm

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ കര്‍ണാടകയിലെ ബി ജെ പി പ്രാദേശിക ഘടകങ്ങളില്‍ കലാപം രൂക്ഷമാകുന്നു. ഉത്തര കര്‍ണാടകയിലെ വിജയപുരയില്‍ ബി ജെ പിയിലുണ്ടായിട്ടുള്ള ഉരുള്‍പൊട്ടലാണ് ഒടുവിലത്തെ സംഭവം. ഇവിടെ നേതൃത്വത്തിന്റെ തെറ്റായ നയസമീപനത്തില്‍ രോഷാകുലരായ നാനൂറോളം പേര്‍ ബി ജെ പിയില്‍ നിന്ന് രാജിവെച്ച് ജനതാദള്‍- എസില്‍ ചേരാനിരിക്കുകയാണ്. കോണ്‍ഗ്രസ് വിട്ട എം എല്‍ എ. എസ് പാട്ടീല്‍, സ്വതന്ത്ര എം എല്‍ എ ബസവന ഗൗഡ പാട്ടീല്‍ യത്‌നാല്‍ എന്നിവരെ മതിയായ കൂടിയാലോചനകള്‍ നടത്താതെ ബി ജെ പിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ് കൂട്ടരാജി. വിജയപുരയിലെ ബി ജെ പി നേതാവും യെദ്യൂരപ്പയുടെ വിശ്വസ്തനുമായ രാജുഗൗഡ പാട്ടീലിന്റെ നേതൃത്വത്തിലാണ് വിമതര്‍ രംഗത്തെത്തിയത്.

നാളെ ബസവനബാഗെവാടിയില്‍ എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജനതാദള്‍- എസ് റാലിയില്‍ രാജിവെച്ചവര്‍ പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്ന് രാജുഗൗഡ പാട്ടീല്‍ പറഞ്ഞു. ബസവന ഗൗഡ പാട്ടീല്‍ യത്‌നാല്‍ ഒരുകാലത്ത് വിജയപുരയിലെ ബി ജെ പിയുടെ പ്രധാന നേതാവായിരുന്നു. 2010ല്‍ പാര്‍ട്ടി നേതൃത്വത്തെ തള്ളിപ്പറഞ്ഞതിന്റെ പേരിലാണ് അദ്ദേഹത്തെ പുറത്താക്കിയത്. പിന്നീട് ജനതാദള്‍ സെക്യുലറില്‍ ചേര്‍ന്ന യത്‌നാല്‍ 2013ല്‍ പുറത്തുപോയി. ഇതിന് ശേഷം സ്വതന്ത്രസ്ഥാനാര്‍ഥിയായി വിജയപുരയില്‍ നിന്ന് എം എല്‍ സിയായി തിരഞ്ഞെടുക്കപ്പെട്ടു. ദേവര്‍ഹിപ്പറഗി മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ വന്‍ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സാമാജികനാണ് എ എസ് പാട്ടീല്‍. 20 വര്‍ഷം മുമ്പ് എ എസ് പാട്ടീലും രാജുഗൗഡയും കോണ്‍ഗ്രസില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചവരായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വിട്ട് രാജുഗൗഡ ബി ജെ പിയില്‍ ചേര്‍ന്നതോടെ ഇരുവരും ബദ്ധശത്രുക്കളായി. യെദ്യൂരപ്പ കര്‍ണാടക ജനപക്ഷം രൂപവത്കരിച്ചപ്പോള്‍ ഒന്നും ആലോചിക്കാതെ അദ്ദേഹത്തോടൊപ്പം നിന്ന ആളാണ് താനെന്നും രാജുഗൗഡ പാട്ടീല്‍ പറയുന്നു. എന്നാല്‍ തങ്ങള്‍ ആര്‍ക്കെതിരെയാണോ കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രചാരണം നടത്തിയത് അവരെ വേണ്ടത്ര ചര്‍ച്ചകള്‍ കൂടാതെ പാര്‍ട്ടിയിലെടുത്തത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്നും പാട്ടീല്‍ പറഞ്ഞു. എന്തുതന്നെയായാലും ജെ ഡി എസില്‍ ചേരാനാണ് തങ്ങളുടെ തീരുമാനമെന്നും ഇതില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊഴിഞ്ഞുപോക്ക് സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും ആവര്‍ത്തിക്കുമോയെന്ന ആശങ്കയിലാണ് സംസ്ഥാന നേതൃത്വം. പ്രശ്‌നം പരിഹരിക്കാന്‍ ബെംഗളൂരുവില്‍ നേതാക്കളുടെ നേതൃത്വത്തില്‍ എം എസ് പാട്ടീലിനെയും യത്‌നാലിനെയും പങ്കെടുപ്പിച്ച് നടത്തിയ കൂടിയാലോചനകളും ഫലം കണ്ടിട്ടില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍.