മുന്‍ റേഡിയോ ജോക്കിയുടെ മരണത്തില്‍ ആദ്യ അറസ്റ്റ്

Posted on: April 5, 2018 6:12 pm | Last updated: April 5, 2018 at 6:13 pm

തിരുവനന്തപുരം: കിളിമാനൂരില്‍ മുന്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റിലായി. ക്വട്ടേഷന്‍ സംഘത്തിന് സൗകര്യമൊരുക്കിയ കൊല്ലം ശക്തികുളങ്ങര സ്വദേശി സനുവാണ് പിടിയിലായത്. ഇയാളുടെ വീട്ടിലാണ് ക്വട്ടേഷന്‍ സംഘം താമസിച്ചിരുന്നത്. കൊലപ്പെടുത്തിയ ശേഷം സംഘം ആദ്യം എത്തിയതും ഇയാളുടെ വീട്ടിലാണ്.

സനുവിന്റെ വീട്ടില്‍ നിന്ന് രാജേഷിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ട് വാളുകള്‍ കണ്ടെടുത്തിട്ടുണ്ട്. സനുവും ക്വാട്ടേഷന്‍ സംഘാംഗങ്ങളും സാത്താന്‍ ഗ്രൂപ്പ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങളാണ്. രാജേഷിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിലും സനു പങ്കെടുത്തതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

കഴിഞ്ഞ മാസം 27ന് പുലര്‍ച്ചേയാണ് രാജേഷ് വെട്ടേറ്റ് മരിച്ചത്. കൊലയില്‍ നേരിട്ട് പങ്കെടുത്ത ആരേയും ഇതവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല.ഖത്തറിലുള്ള വനിതാസുഹൃത്തിന്റെ ഭര്‍ത്താവാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന.