പ്രധാനമന്ത്രി ഇടപെട്ടു; മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കാമെന്ന സര്‍ക്കുലര്‍ പിന്‍വലിക്കും

Posted on: April 3, 2018 12:48 pm | Last updated: April 3, 2018 at 4:58 pm

ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കുമെന്ന സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിനാണ് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയത്. മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണിത്.

വാര്‍ത്താ വിനിമയ മന്ത്രാലയമാണ് നേരത്തെ ഇത്തരമൊരു മാര്‍ഗരേഖ പുറപ്പെടുവിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ നിയമാവലിയില്‍ ഭേദഗതി വരുത്തിയായിരുന്നു നീക്കം. വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്‌തെന്ന് തെളിഞ്ഞാല്‍ ആദ്യം ആറ് മാസത്തേക്ക് അക്രഡിറ്റേഷന്‍ റദ്ദാക്കുമെന്നും പിന്നീട് പരാതി ലഭിച്ചാല്‍ ഒരു വര്‍ഷത്തേക്കും മൂന്നാമതൊരു തവണ കൂടി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയാല്‍ സ്ഥിരമായും അക്രഡിറ്റേഷന്‍ റദ്ദാക്കുമെന്നായിരുന്നു മര്‍ഗരേഖ.